നെറ്റിയിലെ പൊട്ട് വില്ലനോ? അറിയണം ‘ബിന്ദി ലൂക്കോഡെർമ’യെ കുറിച്ച്
text_fieldsവസ്ത്രത്തിന് ചേരുന്ന നിറത്തിലും പല ആകൃതിയിലും ഇന്ന് സ്റ്റിക്കർ പൊട്ടുകൾ സുലഭമാണ്. പൊട്ടുകൾ ഇന്ത്യൻ ഫാഷൻ രംഗത്ത് ഒരു താരം തന്നെയാണ്. എന്നാൽ ഇത്തരം സ്റ്റിക്കർ പൊട്ടുകളുടെ ഉപയോഗം ലുക്കിന് നല്ലതാണെങ്കിലും ചർമത്തിന്റെ ആരോഗ്യത്തിന് അത്ര ശുഭമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. നെറ്റിയുടെ മധ്യഭാഗത്ത്, പൊട്ട് വെക്കുന്ന ഭാഗത്ത്, ചർമത്തിൽ വെള്ള പാടുകൾ രൂപപ്പെടുന്ന ഒരു അവസ്ഥയാണ് ബിന്ദി ലൂക്കോഡെർമ. ഇത് വെള്ളപ്പാണ്ട് രോഗമായ വിറ്റിലിഗോ അല്ല. മറിച്ച് ഒരു പ്രത്യേകതരം കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് ആണ്.
പൊട്ടുകളുടെ പശയിലും ചായങ്ങളിലും അടങ്ങിയിട്ടുള്ള മെലനോസൈറ്റോടോക്സിക് രാസവസ്തുക്കളാണ് ബിന്ദി ലൂക്കോഡെർമക്ക് കാരണം. ഈ അവസ്ഥക്ക് കാരണമാകുന്ന പ്രധാന രാസവസ്തു പാരാ-ടെർഷ്യറി ബ്യൂട്ടൈൽ ഫിനോൾ ആണ്. ഇത് തുകലും റബ്ബറും ഒട്ടിക്കാൻ ഉപയോഗിക്കുന്ന വാണിജ്യ പശകളിൽ കാണപ്പെടുന്ന ഒരു തെർമോപ്ലാസ്റ്റിക് ഫിനോൾ-ഫോർമാൽഡിഹൈഡ് റെസിനാണ്. ഈ രാസവസ്തു ചർമത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ (മെലനോസൈറ്റുകൾ) നശിപ്പിക്കുന്നു. ഇത് സ്ഥിരമായ വർണ്ണനഷ്ടത്തിന് കാരണമായേക്കാം.
ഇന്ത്യയിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ പരമ്പരാഗതമായി പൊട്ട് ധരിക്കുമ്പോൾ ഈ രാസവസ്തുക്കളുടെ ചർമത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നു. ഇത് അപകടസാധ്യത കൂട്ടുന്നു. ഒട്ടിച്ചു വെക്കുന്ന പൊട്ട് കൂടുതൽ നേരം ഉപയോഗിക്കുമ്പോൾ ഈ അവസ്ഥ വരാനുള്ള സാധ്യതയും കൂടുന്നു. പരമ്പരാഗതമായി പൊട്ടുകൾ ഉണ്ടാക്കിയിരുന്നത് കുങ്കുമം, സസ്യജന്യമായ ചായങ്ങൾ, അല്ലെങ്കിൽ ധാതുക്കൾ എന്നിവ ഉപയോഗിച്ചാണ്. ഇവയിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരുന്നില്ല, അതിനാൽ നിറം നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നില്ല.
ചിലതരം സിന്ദൂരങ്ങളിൽ 'അസോ ഡൈസ്' (Azo Dyes) അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ, സെൻസിറ്റീവ് ചർമമുള്ളവർ സിന്ദൂരം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. അസോ ഡൈസുകൾ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ നൽകാൻ സൗന്ദര്യവർധക വസ്തുക്കളിലും വസ്ത്രങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഒരു വലിയ വിഭാഗമാണ്. അസോ ഡൈസുകൾ ചർമവുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ ആ ഭാഗത്ത് ചൊറിച്ചിൽ, ചുവപ്പ് നിറം, തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ അലർജിക് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. വില കുറഞ്ഞതോ, ഗുണനിലവാരം കുറഞ്ഞതോ ആയ സിന്ദൂരങ്ങളിലാണ് ഇത്തരം ദോഷകരമായ രാസവസ്തുക്കൾ ഉണ്ടാകാൻ സാധ്യത കൂടുതൽ.


