Begin typing your search above and press return to search.
exit_to_app
exit_to_app
എല്ലാ ദിവസവും ഒ.ആർ.എസ് കുടിക്കാമോ?
cancel

വേനൽക്കാലത്തോ അമിതമായ വിയർപ്പോ ക്ഷീണമോ അനുഭവപ്പെടുമ്പോഴോ പലരും പതിവായി ഒ.ആർ.എസ് (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) കുടിക്കാറുണ്ട്. എന്നാൽ, ആരോഗ്യവാനായ ഒരാൾ ദിവസവും ഈ ലായനി കഴിക്കുന്നത് നല്ല ശീലമല്ലെന്നും ചില സാഹചര്യങ്ങളിൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വയറിളക്കം, ഛർദി, അമിതമായ നിർജലീകരണം (ഡീഹൈഡ്രേഷൻ), കടുത്ത ചൂടിൽ ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയിൽ ഉപയോഗിക്കാനാണ് ലായനി രൂപകൽപന ചെയ്തിരിക്കുന്നത്. ശരീരത്തിലെ ജലത്തിന്റെയും സോഡിയം, പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകളുടെയും സന്തുലിതാവസ്ഥ വേഗത്തിൽ പുനഃസ്ഥാപിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ, ശരീരത്തിന് അത്തരം ആവശ്യമില്ലാത്തപ്പോഴും ദിവസേന ഒ.ആർ.എസ് കുടിച്ചാൽ അനാവശ്യമായി സോഡിയവും ഗ്ലൂക്കോസും ശരീരത്തിലെത്തും. ഇത് ചിലരിൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥക്കും, ഉയർന്ന സോഡിയം നിലക്കും (ഹൈപ്പർനാട്രീമിയ), രക്തസമ്മർദം, വൃക്കകളുടെ പ്രവർത്തനം തുടങ്ങിയവയിൽ അധികഭാരം ഉണ്ടാക്കാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസിന്റെ അളവും ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

ദിവസേനയുള്ള സാധാരണ ജലാംശം നിലനിർത്താൻ ശുദ്ധജലമാണ് ഏറ്റവും നല്ലത്. സമീകൃതമായ ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളും ലഭിക്കും. അതിനാൽ ആരോഗ്യവാനായ ഒരാൾക്ക് ഒ.ആർ.എസ് ഒരു സ്ഥിരം പാനീയമായി ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതേസമയം, കഠിനമായ വയറിളക്കം, ഛർദി, ചൂട് മൂലമുള്ള നിർജലീകരണം, ഡോക്ടർ നിർദേശിക്കുന്ന മറ്റ് സാഹചര്യങ്ങൾ എന്നിവയിൽ ഒ.ആർ.എസ് വളരെ ഫലപ്രദമായ ചികിത്സാ സഹായമാണ്. പാക്കറ്റിൽ നൽകിയിരിക്കുന്ന നിർദേശപ്രകാരം ശരിയായ അളവിൽ മാത്രമേ അത് തയാറാക്കി ഉപയോഗിക്കാവൂ എന്നും വിദഗ്ധർ നിർദേശിക്കുന്നു.

Show Full Article
TAGS:Foods nutrition General Health 
News Summary - എല്ലാ ദിവസവും ഒ.ആർ.എസ് കുടിക്കാമോ?
Next Story