പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? പോഷകാഹാര വിദഗ്ധർ പറയുന്നത് ശ്രദ്ധിക്കുക
text_fieldsമാമ്പഴക്കാലം എത്തിയതോടെ പ്രമേഹരോഗികളുടെ പ്രധാന ആശങ്ക തങ്ങൾക്ക് മാമ്പഴം കഴിക്കാൻ സാധിക്കുമോ എന്നതാണ്. മധുരമുള്ളത് കൊണ്ട് മാമ്പഴം പ്രമേഹത്തിന്റെ അളവ് കൂട്ടുമോ എന്നതാണ് മിക്കവരുടെയും പ്രധാന ആശങ്ക. എന്നാൽ പ്രമേഹമുള്ളവർക്ക് മാമ്പഴം പാടേ ഒഴിവാക്കേണ്ടതില്ലെന്നും അളവ് നിയന്ത്രിച്ചും ശരിയായ രീതിയിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാതെ തന്നെ മാമ്പഴം ആസ്വദിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
മാമ്പഴം സുരക്ഷിതമാണോ?
മാമ്പഴത്തിന്റെ ഗ്ലൈസമിക് ഇൻഡക്സ് 50 മുതൽ 55 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ വിഭാഗത്തിലാണ് വരുന്നത്. അതിനാൽ ശരിയായ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കില്ല. മാത്രമല്ല മാമ്പഴത്തിലുള്ള മാംഗിഫെറിൻ എന്ന സംയുക്തം ഇൻസുലിൻ പ്രതിരോധം കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അളവ് പ്രധാനം: ഒരു ദിവസം ഏകദേശം 80 മുതൽ 100 ഗ്രാം വരെ (ഏകദേശം അര കപ്പ് കഷണങ്ങൾ) മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണ്. ഇതിൽ 12 മുതൽ 15 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.
ഒഴിഞ്ഞ വയറ്റിൽ വേണ്ട: ഒരിക്കലും ഒഴിഞ്ഞ വയറ്റിൽ മാമ്പഴം കഴിക്കരുത്. ഇത് പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമാകും. ഭക്ഷണത്തിന് ശേഷമോ മറ്റ് പോഷകങ്ങളോടൊപ്പം ചേർത്തോ കഴിക്കുന്നതാണ് ഉചിതം.
കൂടെ ചേർക്കാം പ്രോട്ടീനും കൊഴുപ്പും: മാമ്പഴത്തിനൊപ്പം അണ്ടിപ്പരിപ്പുകളോ വിത്തുകളോ കഴിക്കുന്നത് പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കാൻ സഹായിക്കും.
ജ്യൂസ് ഒഴിവാക്കുക: മാമ്പഴം നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ജ്യൂസ് ആക്കിയോ ഷെയ്ക്ക് ആക്കിയോ കഴിക്കുമ്പോൾ ഇതിലെ നാരുകൾ നഷ്ടപ്പെടുകയും പഞ്ചസാരയുടെ ആഗിരണം വേഗത്തിലാവുകയും ചെയ്യും.അതുകൊണ്ട്പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുള്ള മാമ്പഴം ചേർത്ത ഡെസേർട്ടുകൾ, ഐസ്ക്രീമുകൾ, പാക്കറ്റ് ജ്യൂസുകൾ എന്നിവ പരമാവധി ഒഴിവാക്കുക. കൂടാതെ സംസ്കരിച്ച അന്നജം അടങ്ങിയ ഭക്ഷണങ്ങളോടൊപ്പവും മാമ്പഴം കഴിക്കരുത്.
പ്രമേഹമുണ്ടെന്ന് കരുതി മാമ്പഴം പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. മറിച്ച് അത് എങ്ങനെ ഉൾപ്പെടുത്താം എന്ന് പഠിക്കുകയാണ് വേണ്ടത്. അളവ് കുറക്കുന്നതും പ്രോട്ടീനോ കൊഴുപ്പോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നാണ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് പാലക് നാഗ്പാൽ പറയുന്നത്.


