Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightഡാർക്ക് ചോക്ലേറ്റോ...

ഡാർക്ക് ചോക്ലേറ്റോ മിൽക്ക് ചോക്ലേറ്റോ: ഏതിനാണ് ഗുണം കൂടുതൽ ?

text_fields
bookmark_border
ഡാർക്ക് ചോക്ലേറ്റോ മിൽക്ക് ചോക്ലേറ്റോ: ഏതിനാണ് ഗുണം കൂടുതൽ ?
cancel

ഏത് പ്രായക്കാരെയും ഒരുപോലെ കൊതിപ്പിക്കുന്ന മധുരമാണ് ചോക്ലേറ്റ്. എന്നാൽ ചോക്ലേറ്റ് തിരഞ്ഞെടുക്കുമ്പോൾ പലരെയും അലട്ടുന്ന ഒരു ചോദ്യമാണ്, ഏതാണ് നല്ലത് മിൽക്ക് ചോക്ലേറ്റോ അതോ ഡാർക്ക് ചോക്ലേറ്റോ? രുചിയിലും പോഷകഗുണത്തിലും ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പാലിന്റെയും പഞ്ചസാരയുടെയും മധുരം നിറഞ്ഞതാണ് മിൽക്ക് ചോക്ലേറ്റെങ്കിൽ, കൊക്കോയുടെ കയ്പ്പും ഗുണങ്ങളും ചേർന്നതാണ് ഡാർക്ക് ചോക്ലേറ്റ്. ഇവ രണ്ടിന്റെയും ചേരുവകളെക്കുറിച്ചും ആരോഗ്യഗുണങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നത് ശരിയായ ചോക്ലേറ്റ് തിരഞ്ഞെടുക്കാൻ സഹായിക്കും.

സാധാരണയായി കൊക്കോ സോളിഡ്‌സ്, കൊക്കോ ബട്ടർ, പഞ്ചസാര എന്നിവ ചേർത്താണ് ചോക്ലേറ്റ് നിർമിക്കുന്നത്. മിൽക്ക് ചോക്ലേറ്റിൽ ഇതിനുപുറമെ പാൽപ്പൊടിയോ കണ്ടൻസ്ഡ് മിൽക്കോ ചേർക്കുന്നു. ഡാർക്ക് ചോക്ലേറ്റിൽ 50 മുതൽ 90 ശതമാനം വരെ കൊക്കോ സോളിഡ്‌സ് അടങ്ങിയിരിക്കുന്നു. മിൽക്ക് ചോക്ലേറ്റിൽ സാധാരണയായി 20-30 ശതമാനം മാത്രമേ കൊക്കോ അടങ്ങിയിട്ടുണ്ടാകൂ. ബാക്കി ഭാഗം പാലും പഞ്ചസാരയുമാണ്. കൊക്കോയുടെ അളവ് കൂടുതലായതിനാൽ ഡാർക്ക് ചോക്ലേറ്റിൽ ധാതുക്കൾ കൂടുതലായി അടങ്ങിയിട്ടുണ്ട്.

കൊക്കോയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ശരീരത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. റെഡ് വൈനിനേക്കാൾ മൂന്നിരട്ടിയും ബ്ലാക്ക് ടീയെക്കാൾ 17 ഇരട്ടിയും ആന്റിഓക്‌സിഡന്റുകൾ കൊക്കോയിൽ അടങ്ങിയിട്ടുണ്ട്.

ആരോഗ്യ ഗുണങ്ങൾ ഉണ്ടോ?

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഡാർക്ക് ചോക്ലേറ്റ് ചില ഗുണങ്ങൾ നൽകുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊക്കോയിലുള്ള ഫ്ലാവനോളുകൾ രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കും. ചില പരീക്ഷണങ്ങളിൽ രക്തസമ്മർദത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറക്കാൻ ഫ്ലാവനോളുകൾ അടങ്ങിയ ഭക്ഷണം സഹായിക്കുമെന്ന് നിരീക്ഷണങ്ങളുണ്ട്. എല്ലാ ഡാർക്ക് ചോക്ലേറ്റുകളും ആരോഗ്യകരമല്ല. ചില ബ്രാൻഡുകളിൽ 40-50 ശതമാനം വരെ പഞ്ചസാര അടങ്ങിയിട്ടുണ്ടാകാം. പാക്കറ്റിന് പുറകിലെ ചേരുവകൾ പരിശോധിക്കുക. ഏറ്റവും മികച്ച ചോക്ലേറ്റിൽ ആദ്യത്തെ ചേരുവ കൊക്കോ (Cocoa Mass/Powder) ആയിരിക്കും. പഞ്ചസാരയാണ് ആദ്യത്തെ പേരെങ്കിൽ അതിൽ കൊക്കോയേക്കാൾ കൂടുതൽ പഞ്ചസാരയുണ്ടെന്ന് മനസ്സിലാക്കാം.

മിൽക്ക് ചോക്ലേറ്റിൽ പാൽ അടങ്ങിയിട്ടുള്ളതിനാൽ ഡാർക്ക് ചോക്ലേറ്റിനേക്കാൾ കൂടുതൽ കാൽസ്യം ഇതിലുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും കാർബോഹൈഡ്രേറ്റും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. കഠിനമായ ജോലിക്ക് ശേഷമോ വ്യായാമത്തിന് ശേഷമോ ചെറിയ അളവിൽ മിൽക്ക് ചോക്ലേറ്റ് കഴിക്കുന്നത് ക്ഷീണം കുറക്കാൻ സഹായിക്കും. ഗുണകരമായ ഘടകങ്ങളുണ്ടെങ്കിലും കഴിക്കുന്ന ചോക്ലേറ്റ് ഒരു ഹെൽത്ത് സപ്ലിമെന്റല്ല എന്ന് ഓർമ വേണം.

Show Full Article
TAGS:dark chocolate Mental Health Heart Health blood pressure 
News Summary - Dark chocolate or milk chocolate: Which is more beneficial?
Next Story