ഗ്ലൂക്കോസ് ബിസ്‌കറ്റുകൾ കൂടുതൽ കഴിക്കാറുണ്ടോ, എങ്കിൽ ഇക്കാര്യം സൂക്ഷിക്കണം...
text_fieldsഗ്ലൂക്കോസ് ബിസ്‌കറ്റുകൾ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണോ? ദന്താരോഗ്യത്തിന് അത് നല്ല ശീലമല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഡോക്ടർമാർ. ഗ്ലൂക്കോസ് ബിസ്‌കറ്റുകൾ ചോക്ലേറ്റുകളേക്കാൾ അപകടകാരികളെന്ന മുന്നറിയിപ്പുമായി ഷാരൂഖ് ഖാനും ഹൃതിക് റോഷനും ഉൾപ്പെടെ നിരവധി താരങ്ങളുടെ ദന്തഡോക്ടറായ ഡോ. സന്ദേശ് മായേക്കർ രംഗത്തെത്തി. ഫുഡ്‌ഫാർമർ രേവന്ത് ഹിമാത്സിങ്കയുമായുള്ള പോഡ്‌കാസ്റ്റിൽ സംസാരിക്കുമ്പോഴായിരുന്നു ഡോ. മായേക്കറിന്റെ വെളിപ്പെടുത്തൽ.
'പല്ലുകൾക്ക് ചോക്ലേറ്റുകളേക്കാൾ അപകടകാരി ഗ്ലൂക്കോസ് ബിസ്‌ക്കറ്റുകളാണ്. അവയിലെ പഞ്ചസാര ഒട്ടിപ്പിടിക്കുകയും പല്ലിനകത്ത് കുടുങ്ങുകയും ചെയ്യുന്നു. ഇത് ബാക്ടീരിയകൾക്ക് വളർച്ചാസ്ഥലം ഒരുക്കി ആസിഡ് രൂപപ്പെടുകയും ഒടുവിൽ കാവിറ്റികൾ ഉണ്ടാകുകയും ചെയ്യുന്നു,' ഡോ. മായേക്കർ പറഞ്ഞു.
താനെയിലെ പ്ലസ് ദന്തൽ ക്ലിനിക്കിലെ ഡോ. ഹോളിക ദേവികറും ഈ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തി. ബിസ്‌കറ്റുകൾ എളുപ്പത്തിൽ പല്ലുകളിൽ ഒട്ടിപ്പിടിക്കുന്നു. എന്നാൽ, ചോക്ലേറ്റുകൾ വേഗത്തിൽ ഉരുകി ഉമിനീർ വഴി പുറത്തേക്ക് പോകും. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റുകളിൽ ബാക്ടീരിയ കുറക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് ഡോ. ദേവികർ വ്യക്തമാക്കി.
ഇതേ തുടർന്ന് ചില ദന്ത സംരക്ഷണ നിർദ്ദേശങ്ങൾ അവർ നൽകിയിട്ടുണ്ട്.
- ബിസ്‌കറ്റുകളോ ചോക്ലേറ്റുകളോ ഇടക്കിടെ കഴിക്കരുത്.
- കഴിച്ചതിന് ശേഷം വായ കഴുകുകയോ ബ്രഷ് ചെയ്യുകയോ വേണം.
- പഞ്ചസാര കുറഞ്ഞ ഡാർക്ക് ചോക്ലേറ്റുകൾ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.
- പാലുമായോ നട്‌സുമായോ ലഘുഭക്ഷണങ്ങൾ സംയോജിപ്പിക്കുക. ഇത് ദോഷകരമായ ഫലങ്ങൾ കുറക്കും.
ബിസ്‌കറ്റുകൾ വായിൽ കൂടുതൽ നേരം തങ്ങിനിൽക്കുന്നതിനാൽ ആസിഡും പ്ലാക്കും കൂടുതലായി ഉണ്ടാകുമെന്ന് ഡോ. ദേവികർ പറഞ്ഞു. മാത്രമല്ല, ചോക്ലേറ്റുകൾ നിരുപദ്രവകാരികളല്ല, ബിസ്‌കറ്റുകളെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റ് നല്ലതാണ്. ബിസ്‌കറ്റുകളോ ചോക്ലേറ്റുകളോ പല്ലുകൾക്ക് നല്ലതല്ല. എന്നാൽ ബിസ്‌കറ്റുകൾ കൂടുതലായി കേടുപാടുകൾ വരുത്തുന്നത് അവ വായിൽ ഒട്ടിപ്പിടിക്കുന്നതിനാലാണ്. മിതമായ ഉപയോഗവും ശരിയായ ശുചിത്വവും പാലിച്ചാൽ ദന്തരോഗങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.