ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്ന് ഹൃദ്രോഗ വിദഗ്ധർ
text_fieldsചോക്ലേറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മധുരപ്രേമികളാണ്. എന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുമെന്ന് നിരവധി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ചില പ്രത്യേക ഘടകങ്ങളാണ്.
ഡാർക്ക് ചോക്ലേറ്റിൽ ഫ്ലാവനോയ്ഡ്സ് (Flavonoids) എന്നറിയപ്പെടുന്ന ഒരു തരം ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊക്കോയിൽ ഇവയുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഈ ഫ്ലാവനോയ്ഡുകളാണ് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നത്. ഫ്ലാവനോയ്ഡ്സ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ നൈട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം വർധിപ്പിക്കുന്നു. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളുടെ ഭിത്തികളെ വികസിപ്പിക്കാനും, ശാന്തമാക്കാനും സഹായിക്കുന്നു. ഇങ്ങനെ രക്തക്കുഴലുകൾ വികസിക്കുമ്പോൾ രക്തയോട്ടം സുഗമമാവുകയും അതിന്റെ ഫലമായി രക്തസമ്മർദ്ദം കുറയുകയും ചെയ്യും.
ഡാർക്ക് ചോക്ലേറ്റ് കൊളസ്ട്രോൾ നിയന്ത്രിക്കുന്നു. ഇത് രക്തയോട്ടം കൂട്ടുകയും ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. നിലവിലുള്ള ഹൃദയാരോഗ്യ പ്രശ്നങ്ങൾ വർധിക്കാനുള്ള സാധ്യതയും കുറക്കുന്നു. ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഓർമ, ഏകാഗ്രത, മൊത്തത്തിലുള്ള മസ്തിഷ്ക പ്രവർത്തനം എന്നിവയെ നന്നാക്കുന്നു. പ്രായസംബന്ധമായ ബുദ്ധിമുട്ടുകൾ തടയാനും ഡാർക്ക് ചോക്ലേറ്റിന് കഴിയും. സന്തോഷവും ഉന്മേഷവും തോന്നിക്കുന്ന എൻഡോർഫിനെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്ന കോംപൗണ്ടുകൾ ഡാർക്ക് ചോക്ലേറ്റുകളിൽ ഉണ്ട്. സ്വാഭാവിക ആന്റിഡിപ്രസന്റായ സെറാടോണിനും ഡാർക്ക് ചോക്ലേറ്റിലുണ്ട്. അതുകൊണ്ട് തന്നെ മൂഡ് നന്നാക്കാനും ഡാർക്ക് ചേക്ലേറ്റ് കഴിക്കാവുന്നതാണ്. ഡാർക്ക് ചേക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമത്തെ സംരക്ഷിക്കും. ഒപ്പം ചർമം ഹൈഡ്രേറ്റഡ് ആയിരിക്കാനും കൊളാജൻ ഉദ്പാദിപ്പിക്കുന്നതിനും സഹായിക്കും. ഇത് ആരോഗ്യമുള്ള ചർമത്തിനും പ്രായത്തിന്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്നും മാറുന്നതിനും കാരണമാണ്.
70% അല്ലെങ്കിൽ അതിൽ കൂടുതൽ കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് മാത്രമേ ഈ ഗുണങ്ങൾ നൽകൂ. പാൽ ചോക്ലേറ്റിലോ വൈറ്റ് ചോക്ലേറ്റിലോ ഈ ഗുണങ്ങൾ കുറവായിരിക്കും. കാരണം അവയിൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് വളരെ കൂടുതലാണ്. ഡാർക്ക് ചോക്ലേറ്റിൽ കൊഴുപ്പും കലോറിയും കൂടുതലാണ്. അതിനാൽ രക്തസമ്മർദ്ദം കുറക്കാൻ വേണ്ടി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഒരു ദിവസം ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. രക്തസമ്മർദ്ദത്തിന് ചികിത്സ തേടുന്നവർ ഡോക്ടറുമായി സംസാരിക്കാതെ ചികിത്സ നിർത്താനോ, ചോക്ലേറ്റിനെ ഒരു മരുന്നായി ഉപയോഗിക്കാനോ പാടില്ല.