മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?
text_fieldsപണ്ടത്തേക്കാൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ് ഇപ്പോൾ സമൂഹം. കൊളസ്ട്രോളും ഷുഗറുമെല്ലാം ഡയറ്റും മറ്റു ഭക്ഷണ നിയന്ത്രണങ്ങളുമായി നേരിടുകയും രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഡയറ്റിൽ പ്രധാനമായി മധുരം പരമാവധി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നു പലരും.
പഞ്ചസാര, അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ ഷുഗർ ക്ഷണിച്ചുവരുത്തുമെന്ന് എല്ലാവർക്കും അറിയാം. ഇത്തരത്തിൽ മറ്റു പല ദോഷങ്ങൾക്കൊപ്പം പ്രധാനമാണ് പഞ്ചസാരയുടെ ഉപയോഗം കാരണം ചർമ്മത്തിന് വരുന്ന മാറ്റങ്ങൾ.
ഗ്ലൈക്കേഷൻ എന്ന പ്രക്രിയയിലൂടെയാണ് പഞ്ചസാര നമ്മുടെ ചർമ്മത്തെ നശിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാര അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്ട്സ് (AGEs) എന്നറിയപ്പെടുന്ന ഹാനികരമായ റാഡിക്കലുകളെ ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് ആരോഗ്യമുള്ള ചർമ്മം നൽകുന്ന കൊളാജൻ, എലാസ്റ്റിൻ എന്നിവയെ ഇവ ബാധിക്കുന്നു.
ഗ്ലൈക്കേഷൻ പ്രക്രിയ കൊളാജൻ, എലാസ്റ്റിൻ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തി, ചർമ്മത്തെ കട്ടിയുള്ളതും വരണ്ടതും പൊട്ടുന്നതുമാക്കുന്നു. ഇവയുടെ കേടുപാടുകളാണ് ചർമ്മത്തിൽ നേർത്ത വരകളും ചുളിവുകളുമായി കാണപ്പെടുന്നത്. ചില ലക്ഷണങ്ങൾ നോക്കാം:
- ചർമ്മത്തിന്‍റെ നിറവ്യത്യാസം
- ചർമ്മം കട്ടിയുള്ളതാകുന്നു
- ചർമ്മത്തിലെ വിള്ളലുകൾ
- തൂങ്ങിക്കിടക്കുന്ന ചർമ്മം
ഈ അവസ്ഥ വരാതിരിക്കാനും വന്നാൽ ആരോഗ്യമുള്ള ചർമ്മം വീണ്ടെടുക്കാനും ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം:
- പഞ്ചസാരയുടെ അളവ് കുറയ്ക്കുക
- വെള്ളം ധാരാളം കുടിക്കുക
- ശരിയായ ഉറക്കം
- വിറ്റാമിൻ ബി 1 (ഗ്രീൻ പീസ്, ചീര etc), വിറ്റാമിൻ ബി 6 (ചെറുപയർ, സൂര്യകാന്തി വിത്തുകൾ etc) എന്നിവയാൽ സമ്പന്നമായ സപ്ലിമെന്‍റുകൾ ഉൾപ്പെടുത്തുക.
- വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയ ആന്‍റിഓക്‌സിഡന്‍റുകൾ ഉൾപ്പെടുത്തുക
- ആരോഗ്യകരമായ ചർമ്മസംരക്ഷണ ദിനചര്യയാക്കുക.