Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightപഴങ്ങളിലെയും...

പഴങ്ങളിലെയും പച്ചക്കറികളിലെയും സ്റ്റിക്കറുകൾ വില്ലനാകും; കഴിക്കും മുമ്പ് ജാഗ്രത വേണമെന്ന് എഫ്.എസ്.എസ്.എ.ഐ

text_fields
bookmark_border
പഴങ്ങളിലെയും പച്ചക്കറികളിലെയും സ്റ്റിക്കറുകൾ  വില്ലനാകും; കഴിക്കും മുമ്പ് ജാഗ്രത വേണമെന്ന് എഫ്.എസ്.എസ്.എ.ഐ
cancel

ന്യൂഡൽഹി: വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിച്ചിട്ടുള്ള ആകർഷകമായ സ്റ്റിക്കറുകൾ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നതായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI). പഴങ്ങൾ കടിച്ചു കഴിക്കുന്നതിന് മുമ്പ് ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നും അവ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്തെ പശയുടെ അംശം ശരീരത്തിന് ഹാനികരമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കറുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ (Adhesive), മഷി എന്നിവ ഭക്ഷണയോഗ്യമല്ല. സ്റ്റിക്കർ ഇളക്കിമാറ്റിയാലും അതിലെ പശയുടെ അംശം പഴങ്ങളിൽ അവശേഷിക്കാൻ സാധ്യതയുണ്ട്.

‘സ്റ്റിക്കറുകൾ പതിപ്പിച്ച പഴങ്ങൾ കടിച്ചു കഴിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. ഇവയിലെ പശയുടെ അവശിഷ്ടങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല’ എന്ന് എഫ്.എസ്.എസ്.എ.ഐ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. സ്റ്റിക്കറുകൾ ഉള്ള ഭാഗത്തെ തൊലി ചെത്തിക്കളയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമെന്നും അതോറിറ്റി നിർദേശിക്കുന്നു. അറിയാതെ ഇത്തരം സ്റ്റിക്കറുകൾ ഉള്ളിൽ ചെന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ബൃന്ദ എം.എസ് പറയുന്നത്.

പശയിലെയും മഷിയിലെയും രാസവസ്തുക്കൾ തൊണ്ടയിലോ വയറിലോ അസ്വസ്ഥതയുണ്ടാക്കാം.ഓക്കാനം, ദഹനക്കേട് തുടങ്ങിയ ചെറിയ ബുദ്ധിമുട്ടുകൾക്ക് ഇത് കാരണമാകും. കുട്ടികളിലും മുതിർന്നവരിലും അബദ്ധത്തിൽ സ്റ്റിക്കർ വിഴുങ്ങുന്നത് ശ്വാസതടസ്സത്തിന് കാരണമായേക്കാം. സ്ഥിരമായി ഇത്തരത്തിൽ രാസവസ്തുക്കൾ ശരീരത്തിലെത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. പശ 'ഫുഡ് ഗ്രേഡ്' ആണെന്ന് രേഖപ്പെടുത്തിയാൽ പോലും അത് കഴിക്കാൻ പാടുള്ളതല്ലെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

എങ്ങനെ വൃത്തിയാക്കണം?

വൃത്തിയുള്ള വെള്ളത്തിൽ കഴുകുക: കുടിക്കാൻ ഉപയോഗിക്കുന്ന ശുദ്ധജലത്തിൽ പഴങ്ങൾ നന്നായി കഴുകുക.

സോപ്പ് ഉപയോഗിക്കരുത്: പച്ചക്കറികളോ പഴങ്ങളോ കഴുകാൻ ഡിറ്റർജന്റുകളോ, സോപ്പോ, അണുനാശിനികളോ ഉപയോഗിക്കരുത്.

സ്റ്റിക്കറുകൾ നീക്കം ചെയ്യുക: കഴിക്കുന്നതിന് മുമ്പ് സ്റ്റിക്കറുകൾ പൂർണ്ണമായും മാറ്റുക.

ക്ലോറിൻ ഉപയോഗം: ഇളംചൂടുവെള്ളത്തിൽ ഒരു തുള്ളി 50ppm ക്ലോറിൻ ചേർത്ത് അതിൽ പച്ചക്കറികൾ മുക്കിവെച്ച് കഴുകുന്നത് സുരക്ഷിതമാണ്.

പാക്കറ്റുകൾ വൃത്തിയാക്കാം: പുറത്തുനിന്ന് കൊണ്ടുവരുന്ന പാക്കറ്റുകൾ ആൽക്കഹോൾ കലർന്ന ലായനിയോ സോപ്പോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം, എന്നാൽ ഉള്ളിലെ ഭക്ഷണസാധനങ്ങളിൽ ഇവ പുരളരുത്.

സിങ്കും പ്ലാറ്റ്‌ഫോമും വൃത്തിയാക്കുക: പച്ചക്കറികൾ കഴുകിയ ശേഷം സിങ്കും പരിസരവും നന്നായി കഴുകി വൃത്തിയാക്കുക.

Show Full Article
TAGS:fruits vegetables Stickers FSSAI Digestive Problems 
News Summary - FSSAI issues urgent warning to peel fruits, vegetables before eating them
Next Story