നിങ്ങൾക്ക് ചോക്ലേറ്റ് അലർജിയാണോ? ചോക്ലേറ്റ് അലർജിയും ചോക്ലേറ്റ് സെൻസിറ്റിവിറ്റിയും
text_fieldsശരീരത്തിൽ സന്തോഷ ഹോർമോൺ ആയ ഡോപ്പമിന്റെ ഉൽപാദനം വർധിപ്പിച്ച് മാനസിക സമ്മർദം കുറക്കാൻ ചോക്ലേറ്റ് സഹായിക്കും. എന്നാൽ എല്ലാവർക്കും അങ്ങനെയല്ല, ചോക്ലേറ്റ് അലർജി ഉള്ളവരുമുണ്ട്. ചോക്ലേറ്റ് അലർജി വളരെ അപൂർവമാണ്. ഇത് ശരിക്കും കൊക്കോയോടുള്ള അലർജിയല്ല മറിച്ച് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള മറ്റ് ഘടകങ്ങളായ പാൽ, സോയ, നിലക്കടല, ട്രീ നട്ട്സ് എന്നിവയോടുള്ള അസാധാരണമായ പ്രതികരണമാണ്. മിക്ക ചോക്ലേറ്റുകളിലും പാൽപ്പൊടിയോ പാലോ അടങ്ങിയിട്ടുണ്ട്. പാൽ അലർജി സാധാരണമായതിനാൽ ചോക്ലേറ്റ് കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജിയുടെ ഒരു പ്രധാന കാരണം ഇതാണ്. ചോക്ലേറ്റുകൾക്ക് മിനുസമുള്ള രൂപം നൽകാൻ സോയ ലെസിത്തിൻ (Soy Lecithin) എന്നൊരു പദാർത്ഥം ഉപയോഗിക്കാറുണ്ട്. സോയ അലർജിയുള്ളവർക്ക് ഇത് പ്രശ്നങ്ങൾ ഉണ്ടാക്കാം. ചില ചോക്ലേറ്റുകളിൽ ഗോതമ്പ് പോലുള്ള ഗ്ലൂട്ടൻ അടങ്ങിയ ചേരുവകൾ ഉണ്ടാകാം.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഈ ഘടകങ്ങളെ അപകടകരമായ വസ്തുക്കളായി തെറ്റിദ്ധരിക്കുകയും ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ചോക്ലേറ്റ് അലർജിയുടെ ലക്ഷണങ്ങൾ സാധാരണയായി ചോക്ലേറ്റ് കഴിച്ചതിന് ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിലോ അല്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിലോ പ്രത്യക്ഷപ്പെടാം. ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. തേനീച്ചകൾ കുത്തിയ പോലെ ചർമത്തിൽ തിണർപ്പ്, ചർമത്തിലെ ചൊറിച്ചിൽ, തിണർപ്പ്, വീക്കം, ശ്വാസതടസ്സം, തുമ്മൽ, ചുമ, ആസ്ത്മ, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. മൊത്തത്തിലുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചോക്ലേറ്റ് അലർജി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചോക്ലേറ്റ് സെൻസിറ്റിവിറ്റി
ചോക്ലേറ്റ് സെൻസിറ്റിവിറ്റി അഥവാ ഇൻടോളറൻസ് (Intolerance) അലർജിയേക്കാൾ സാധാരണമാണ്. ഇത് രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതുകൊണ്ടോ അല്ലെങ്കിൽ അവയോടുള്ള പ്രതികരണം കാരണമായോ ഉണ്ടാകുന്നതാണ്. തലവേദന അല്ലെങ്കിൽ മൈഗ്രേൻ, നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ്, മലബന്ധം,ഓക്കാനം, വയറിളക്കം,പേശിവേദന ഇതൊക്കെ ചോക്ലേറ്റ് സെൻസിറ്റിവിറ്റിയുടെ ലക്ഷണങ്ങളാണ്.
ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള കഫീൻ, തിയോബ്രോമിൻ, ടൈറാമിൻ തുടങ്ങിയ ഘടകങ്ങളാണ് സാധാരണയായി ഈ ലക്ഷണങ്ങൾക്ക് കാരണമാകുന്നത്. ചോക്ലേറ്റ് കഴിക്കുമ്പോൾ എന്തെങ്കിലും അസ്വസ്ഥത തോന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണിക്കേണ്ടതാണ്. അലർജി പ്രതിപ്രവർത്തനങ്ങൾ നേരിയതോ കഠിനമോ ആകാം. അവിടെ ഒരു വ്യക്തിക്ക് ജീവൻ അപകടപ്പെടുത്തുന്ന അനാഫൈലക്റ്റിക് ഷോക്ക് പോലും നേരിടാം.