സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു, ‘ഇതാ 2026ലെ ഹെൽത്ത് ട്രെൻഡുകൾ’
text_fieldsപ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)
2026ൽ ട്രെൻഡാകാൻ പോകുന്ന ആരോഗ്യശീലങ്ങളെപ്പറ്റി പറയുകയാണ്, ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ന്യൂട്രീഷ്യനിസ്റ്റ് രുചുത ദിവേകർ. മൂന്ന് പ്രധാന മാറ്റങ്ങളാകും ഈ വർഷത്തെ ഹെൽത്ത് ട്രെൻഡെന്ന് ഈ സെലിബ്രിറ്റി ന്യൂട്രീഷ്യൻ തന്നെ ഇൻസ്റ്റ അക്കൗണ്ടിൽ പ്രവചിച്ചിരിക്കുന്നു.
പ്രോട്ടീൻ പ്രിയം കുറയും
പ്രോട്ടീന്റെ പ്രാധാന്യവും അധിക പ്രോട്ടീൻ കഴിക്കേണ്ടതിന്റെ ആവശ്യവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് പോയവർഷമാണ്. എന്നാൽ, വിൽപനക്കാർക്കല്ലാതെ ഈ പ്രോട്ടീൻ ഭ്രമം കൊണ്ട് വലിയ ഫലമില്ലെന്ന് തെളിയുകയാണെന്നും അതുകൊണ്ടുതന്നെ ഈ ട്രെൻഡ് കുറയുമെന്നുമാണ് രുചുത ദിവേകർ ചൂണ്ടിക്കാട്ടുന്നത്. പേശി വളർച്ചക്കും അറ്റുകുറ്റപ്പണിക്കും ഭാരം കൂടാതിരിക്കാനുമെല്ലാം പ്രോട്ടീൻ മികച്ചതാണ്.
പ്രോട്ടീൻ ഭ്രമം യഥാർഥത്തിൽ ഒരു സാംസ്കാരിക മാറ്റമാണെന്നാണ് മറ്റൊരു സെലിബ്രിറ്റി ഡയറ്റീഷ്യൻ സിമ്രത് കതൂരിയയുടെ അഭിപ്രായം. ‘‘ക്ലീൻ ഈറ്റിങ് കൾച്ചറിന്റെ ഭാഗമാണിത്. പ്രോട്ടീന് പ്രാധാന്യമുള്ള ഭക്ഷണം കഴിക്കുന്നവർക്ക്, തങ്ങളുടെ ശരീരത്തോട് നല്ല കാര്യം ചെയ്തു എന്നൊരു ഫീൽ ഉണ്ടാകുന്നുണ്ട്. സമൂഹമാധ്യമങ്ങൾ ഇതിനെ നന്നായി പ്രചോദിപ്പിക്കുന്നുമുണ്ട്. ഇതെല്ലാം പക്ഷേ,യഥാർഥ ശാസ്ത്രീയതയെക്കാൾ പൊതു ധാരണയുടെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുകളാണ്’’ -അവർ പറയുന്നു. എങ്കിലും, ആവശ്യമായ പ്രോട്ടീൻ ശരീരത്തിന് ലഭിക്കണമെന്നത് ശാസ്ത്രീയത തന്നെയാണ്.
മദ്യോപയോഗം കുറയും
പടിഞ്ഞാറൻ നാടുകളിൽ മദ്യത്തോടുള്ള പ്രിയം കുറഞ്ഞുവരികയാണ്. ഇതുകൊണ്ട് ആരോഗ്യത്തിലുണ്ടാകുന്ന മാറ്റം അത്ര വലുതാണെന്ന് വ്യക്തമാണെന്നതിനാൽ 2026ലും മദ്യത്തോടുള്ള പ്രിയം കുറയുമെന്നും രുചുത അഭിപ്രായപ്പെടുന്നു. ദഹന സംവിധാനത്തിന് വലിയ പരിക്കേൽപിക്കാനും ഗുണമേന്മയുള്ള ഉറക്കത്തിന് തടസ്സമാകാനും വിവിധ രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ ഫലം കുറക്കാനും ഹൃദയ, കരൾ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനുമെല്ലാം മദ്യം കാരണമാകുമെന്ന് ഫരീദാബാദ് യഥാർഥ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. ജയന്ത താക്കൂരിയ പറയുന്നു.
വണ്ണം കുറയാനുള്ള മരുന്ന് വ്യാപിക്കും
കഴിഞ്ഞ വർഷം മുതലാണ് സെലിബ്രിറ്റികളടക്കം വണ്ണം കുറയാനുള്ള ടാബ്‍ലറ്റ് ഉപയോഗിക്കുന്നെന്ന വാർത്ത കാര്യമായി വന്നുതുടങ്ങിയത്. ഈ വർഷവും ഇത്തരം വാർത്തകൾ കൂടുതലായി പ്രചരിക്കും. അതുകൊണ്ടുതന്നെ ‘ഗുളിക കഴിച്ച് തടി കുറക്കൽ’ ട്രെൻഡ് ഈ വർഷവും ഓടും. അതേസമയം, ഉപയോഗിച്ചവർ ഇതിൽ നിന്ന് പിന്തിരിയാനും സാധ്യതയുണ്ട് -രുചുത ചൂണ്ടിക്കാട്ടുന്നു. വെയ്റ്റ്ലോസ് സൂപ്പർ മരുന്നായി ‘കുപ്രസിദ്ധി’ നേടിയ ‘ഒസെംപിക്’ എന്നറിയപ്പെടുന്ന സെമാഗ്ലൂറ്റൈഡ് മരുന്നിന് വിവിധ പാർശ്വഫലങ്ങളുണ്ടെന്ന് മുംബൈ കോകിലബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ കൺസൽട്ടന്റ് ഡോ. യോഗേഷ് ഷാ മുന്നറിയിപ്പ് നൽകുന്നു.


