അകാല നരയാണോ പ്രശ്നം? നെല്ലിക്ക കഴിച്ചാൽ മതി! ആദ്യം കയ്ക്കും, പിന്നെ മധുരിക്കും
text_fieldsനെല്ലിക്ക
ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്നു. നെല്ലിക്കയിൽ ഓറഞ്ചിനേക്കാൾ 20 മടങ്ങ് അധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുകയും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താൻ നെല്ലിക്ക സഹായിക്കുന്നു. ഇത് മലബന്ധം കുറക്കാനും ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കാനും ഹൃദയധമനികളുടെ ആരോഗ്യം സംരക്ഷിക്കാനും നെല്ലിക്ക ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ നെല്ലിക്കയിൽ ധാരാളമുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിനുണ്ടാകുന്ന ചൊറിച്ചിലും വെള്ളം വരുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.
മുടി നരക്കുന്നത് തടയാൻ കൃത്രിമ ഡൈകളെക്കാൾ നൂറുമടങ്ങ് ഫലപ്രദമാണ് നെല്ലിക്ക. ഇതിലെ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ മെലാനിൻ ഉത്പാദനം വർധിപ്പിക്കുന്നു. നെല്ലിക്ക കഴിക്കുന്നതും തലയിൽ തേക്കുന്നതും മുടികൊഴിച്ചിൽ കുറക്കാനും മുടിക്ക് കറുപ്പ് നിറം നൽകാനും സഹായിക്കും. ചർമത്തിലെ ചുളിവുകൾ മാറ്റി തിളക്കം നൽകാനും നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
നെല്ലിക്ക - വെളിച്ചെണ്ണ കൂട്ട്
ഉണങ്ങിയ നെല്ലിക്ക കഷണങ്ങളോ നെല്ലിക്ക പൊടിയോ വെളിച്ചെണ്ണയിലിട്ട് നന്നായി തിളപ്പിക്കുക. എണ്ണ കറുത്ത നിറമാകുന്നതുവരെ ചൂടാക്കണം. ഈ എണ്ണ തണുത്ത ശേഷം ആഴ്ചയിൽ രണ്ടുതവണ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഇത് മുടിവേരുകളെ ബലപ്പെടുത്തുകയും നര അകറ്റുകയും ചെയ്യും.
നെല്ലിക്കയും കറിവേപ്പിലയും
നെല്ലിക്ക നീരും കറിവേപ്പില അരച്ചതും ചേർത്ത് തലയിൽ പാക്ക് ആയി ഇടുക. കറിവേപ്പിലയിലെ അയണും നെല്ലിക്കയിലെ വിറ്റാമിൻ സിയും ചേരുമ്പോൾ മുടിക്ക് സ്വാഭാവികമായ കറുപ്പ് നിറം ലഭിക്കുന്നു.
നെല്ലിക്കയും മൈലാഞ്ചിയും
മൈലാഞ്ചി പൊടിക്കൊപ്പം നെല്ലിക്ക പൊടി കൂടി ചേർത്ത് കലക്കി തലയിൽ തേക്കുക. ഇത് മുടിക്ക് നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുകയും നരച്ച മുടികൾക്ക് സ്വാഭാവിക നിറം നൽകുകയും ചെയ്യും.
മുടിക്ക് പുറമെ തേക്കുന്നതിനോടൊപ്പം തന്നെ ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കും. ഇത് ഉള്ളിൽ നിന്ന് തന്നെ നരയെ ചെറുക്കുന്നു. പാരമ്പര്യമായി വരുന്ന നര പൂർണ്ണമായും മാറ്റാൻ പ്രയാസമാണെങ്കിലും, ജീവിതശൈലി കൊണ്ടും പോഷകാഹാരക്കുറവ് കൊണ്ടും ഉണ്ടാകുന്ന അകാല നര തടയാൻ നെല്ലിക്കക്ക് സാധിക്കും. മികച്ച ഫലം ലഭിക്കാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സ്ഥിരമായി ഉപയോഗിക്കുക.


