‘രാവിലെ ഈ പാനീയം കുടിക്കൂ’; പ്രഭാത ശീലങ്ങൾ പങ്കുവെച്ച് കത്രീന കൈഫ്
text_fieldsബോളിവുഡ് താരം കത്രീന കൈഫ് പലപ്പോഴും തന്‍റെ പ്രഭാത ദിനചര്യയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. എപ്പോഴും ലളിതമായ രീതികളാണ് അവർ പിന്തുടരുന്നത്. 2023ൽ ഫെമിന ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അവർ തന്റെ പ്രഭാത ശീലങ്ങളെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
'രാവിലെ എപ്പോഴും 2-3 ഗ്ലാസ് ചൂടുവെള്ളം കുടിച്ചാണ് എന്റെ ദിനം തുടങ്ങുന്നത്. ചിലപ്പോഴത് ഇഞ്ചി ചേർത്ത ചൂടുവെള്ളമാകാം, ചിലപ്പോൾ നാരങ്ങ ചേർത്ത ചൂടുവെള്ളം. അതിനുശേഷം ചെറിയൊരു സ്‌ട്രെച്ചിങ്ങും മൂവ്‌മെന്റും കൊണ്ട് ഞാൻ ദിവസം തുടങ്ങും' -എന്ന് കത്രീന പറഞ്ഞു.
ചൂടുവെള്ളം കുടിച്ച് ഒരു ദിവസം തുടങ്ങുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധരും സൂചിപ്പിക്കുന്നുണ്ട്. ചൂടുവെള്ളം ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും, പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു എന്ന് കൺസൾട്ടന്റ് ഡയറ്റീഷ്യനും പ്രമേഹ വിദ്യാഭ്യാസ വിദഗ്ധയുമായ കനിക മൽഹോത്ര പറഞ്ഞു.
മാത്രമല്ല, ചൂടുവെള്ളം രക്തയോട്ടം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട രക്തചംക്രമണം ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജനും ആവശ്യമുള്ള പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. കൂടാതെ, ചൂടുവെള്ളം മാലിന്യങ്ങൾ പുറന്തള്ളാൻ വൃക്കകളെ സഹായിക്കുകയും ശരീരത്തിന്റെ സ്വാഭാവിക ഡിറ്റോക്‌സ് പ്രക്രിയകളെ പിന്തുണക്കുകയും ചെയ്യുമെന്ന് കനിക കൂട്ടിചേർത്തു.
ചൂടുവെള്ളം കുടിക്കുന്നത് മാനസിക സമ്മർദം കുറക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സഹായിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും മുഖചർമം കൂടുതൽ തിളക്കമുള്ളതാകുകയും ചെയ്യും.