Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightകുറഞ്ഞ ഭക്ഷണം, കൂടുതൽ...

കുറഞ്ഞ ഭക്ഷണം, കൂടുതൽ ശക്തി; ശീലമാക്കാം ഇന്‍റർമിറ്റന്റ് ഫാസ്റ്റിങ്

text_fields
bookmark_border
കുറഞ്ഞ ഭക്ഷണം, കൂടുതൽ ശക്തി; ശീലമാക്കാം ഇന്‍റർമിറ്റന്റ് ഫാസ്റ്റിങ്
cancel

ഇന്‍റർമിറ്റന്റ് ഫാസ്റ്റിങ് ഒരുതരം ഡയറ്റ് പ്ലാൻ ആണ്. ഇതിൽ ഭക്ഷണം കഴിക്കുന്ന സമയം ക്രമീകരിക്കുകയും, ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഒരു രീതിയാണ്. ഇന്‍റർമിറ്റന്റ് ഫാസ്റ്റിങ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ത് കഴിക്കണം എന്നതിലല്ല എപ്പോൾ കഴിക്കണം എന്നതിലാണ്. കോർട്ണി കർദാഷിയൻ, ജെന്നിഫർ അനിസ്റ്റൻ, മലൈക അറോറ, മാധവൻ തുടങ്ങി സെലിബ്രിറ്റികൾ ഈ ഡയറ്റിങ് പിന്തുടരുന്നുണ്ട്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുമ്പോൾ തുടർച്ചയായി ചെയ്യേണ്ടത് പ്രധാനമാണ്. ഇടവിട്ടുള്ള ഉപവാസം നല്ലതാണെങ്കിലും ഈ ഭക്ഷണരീതി ശരിയായ രീതിയിൽ പിന്തുടരേണ്ടത് എങ്ങനെയെന്ന് പലർക്കും അറിയില്ല.

16/8 രീതി: ദിവസത്തിലെ 16 മണിക്കൂർ ഭക്ഷണം കഴിക്കാതെ ഇരിക്കുകയും, ബാക്കിയുള്ള എട്ട് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയാണിത്. ഉദാഹരണത്തിന് രാവിലെ 10 മണിക്ക് ആദ്യത്തെ ഭക്ഷണം കഴിച്ചാൽ വൈകുന്നേരം ആറ് മണിക്ക് മുമ്പ് അത്താഴം കഴിക്കണം.

​5:2 രീതി: ആഴ്ചയിൽ അഞ്ച് ദിവസം സാധാരണപോലെ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള രണ്ട് ദിവസങ്ങളിൽ വളരെ കുറഞ്ഞ കലോറി (500-600 കലോറി) മാത്രം കഴിക്കുകയും ചെയ്യുന്ന രീതിയാണിത്.

വാരിയർ ഡയറ്റ്: വളരെ ചെറിയ അളവിൽ പഴങ്ങളും പച്ചക്കറികളും വേവിക്കാതെ പകൽസമയം കഴിക്കുക. രാത്രിയിൽ നന്നായി ഭക്ഷണം കഴിക്കുക.

​24 മണിക്കൂർ ഫാസ്റ്റ്: ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം 24 മണിക്കൂർ ഭക്ഷണം പൂർണമായും ഒഴിവാക്കുന്ന രീതിയാണിത്. ​ഈ രീതികൾ പിന്തുടരുമ്പോൾ ശരീരത്തിന് സാധാരണ കഴിക്കുന്നതിനേക്കാൾ കുറഞ്ഞ കലോറി മാത്രമേ ലഭിക്കുകയുള്ളൂ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കും. കൂടാതെ ഇത് ഇൻസുലിൻ പ്രതിരോധം കുറക്കാനും, തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉപവാസവും വളർച്ചാ ഹോർമോണുകളുടെ എണ്ണം കൂടാൻ കാരണമാകുന്നു. ഇത് പേശികളുടെ സംരക്ഷണത്തിനും കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനങ്ങൾക്കും സഹായിക്കുന്നു. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുടരാൻ സാധിക്കുന്ന മികച്ച ഒരു ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസിറ്റിങ്. ഇത് ശരീരത്തിലെത്തുന്ന കാലറിയുടെ അളവ് കുറക്കുകയും കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. ഇൻസുലിന്റെ അളവ് കുറച്ച് ഉപാപചയനിരക്ക് വർധിപ്പിക്കുന്നത് മൂലമാണ് ശരീരഭാരം കുറയുന്നത്. ഇൻഫ്ലമേഷൻ കുറക്കുകയും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ ഇവക്കുള്ള സാധ്യതയും ഈ ഡയറ്റ് കുറക്കുന്നു.

പാർശ്വഫലങ്ങൾ

വിശക്കും എന്നതു കൂടാതെ ചിലർക്ക് ഊർജനില വളരെ താഴ്ന്നു പോകാം. ഭക്ഷണരീതിയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം മലബന്ധം, വയറു കമ്പിക്കൽ, വിശക്കുന്നതു കൊണ്ടുള്ള ദേഷ്യം തുടങ്ങിയവ ഉപവാസ സമയത്ത് ഉണ്ടാകാം. ആദ്യമായി ഈ ഭക്ഷണരീതി പിന്തുടരുമ്പോൾ തലവേദന, തലകറക്കം ഇവയുണ്ടാകാം. പ്രത്യേകിച്ച് ഉപവാസ സമയത്ത് ആവശ്യത്തിന് ഫ്ലൂയ്ഡ്സ് ശരീരത്തിലെത്തിയില്ലെങ്കിൽ മൈക്രോ ന്യൂട്രിയന്‍സുകളുടെ അഭാവം, ഉറക്കമില്ലായ്മ, മുടി കൊഴിച്ചിൽ എന്നിവയും ഉണ്ടാകാം.

തലവേദന, ക്ഷീണം, ഹോർമോൺ അസന്തുലിതാവസ്ഥ, ദഹന പ്രശ്നങ്ങൾ തുടങ്ങിയ ദോഷവശങ്ങളും ഉണ്ടാകാം. കൃത്യമായ ദിനചര്യ ഉള്ളവർക്കാണ് ഈ ഭക്ഷണരീതി യോജിക്കുന്നത്. പ്രമേഹമുള്ളവർ, ഗർഭിണികൾ, ഈറ്റിങ് ഡിസോർഡറുകൾ ഉള്ളവർ എന്നിവർ ഈ രീതി ഒഴിവാക്കണം. ഇന്‍റർമിറ്റന്റ് ഫാസ്റ്റിങ് തുടങ്ങുന്നതിന് മുമ്പ് ഒരു ഡോക്ടറെയോ, ഡയറ്റീഷ്യനെയോ സമീപിക്കുന്നത് നല്ലതാണ്. ചില ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്ക് ഇത് അനുയോജ്യമാകണമെന്നില്ല.

സ്ഥിരത ഏറെ പ്രധാനമാണ്. പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക, ഉപവാസ സമയങ്ങളിലും ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നിവയും പ്രധാനമാണ്. ഭക്ഷണം ഒഴിവാക്കുന്നത് പോഷകങ്ങളുടെ അഭാവത്തിനു കാരണമാകും എന്നതിനാൽ പോഷകസമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കാം. ശരിയായ രീതിയിൽ ഈ ഭക്ഷണരീതി പിന്തുടർന്നില്ലെങ്കിൽ പോഷകങ്ങളുടെ അഭാവം, ഹോർമോൺ അസന്തുലനം, ഈറ്റിങ് ഡിസോർഡറുകൾ, ഊർജ നിലയിലെ അസന്തുലനം, മസിൽ ലോസ് ഇവക്ക് കാരണമാകും.

Show Full Article
TAGS:fasting Health Tips diet food eating habit 
News Summary - make intermittent fasting a habit
Next Story