മിറാക്കിള്‍ ഫ്രൂട്ടെന്ന അദ്ഭുത പഴം
text_fieldsപേരിലെ മിറാക്കിള്‍ പോലെ തന്നെ ഒരു അദ്ഭുത പഴമാണ് മിറാക്കിള്‍ ഫ്രൂട്ട്. പാകമായി വരുമ്പോള്‍ നല്ല ചുവന്ന നിറത്തില്‍ കാണപ്പടുന്ന ആഫ്രിക്കന്‍ സ്വദേശിയായ ഈ പഴച്ചെടി സമീപകാലത്താണ് നമ്മുടെ നാട്ടില്‍ പ്രസിദ്ധിയാർജിച്ച് തുടങ്ങിയത്. ഈ പഴം കഴിച്ചാൽ പിന്നീട് കഴിക്കുന്ന പുളിയുള്ള ഭക്ഷണസാധനത്തെ മിനിറ്റുകൾക്കകം മധുരമുള്ളതാക്കി മാറ്റാനുള്ള പ്രത്യേക കഴിവ് ഈ പഴത്തിനുണ്ട്; അതിനാലാണ് ഇതിന് മിറക്കിൾ ഫ്രൂട്ടെന്ന പേര് വന്നത്.
ഇതിന്റെ പഴം കഴിച്ച് ഏകദേശം ഒരു മണിക്കൂര്‍ നേരത്തേക്ക് എന്ത് ഭക്ഷണം കഴിച്ചാലും പിന്നെ മധുരമായി തോന്നും. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 18-ാം നൂറ്റാണ്ടു മുതല്‍ക്കേ ഇവ ഉപയോഗിച്ചിരുന്നതായിട്ടാണ് ചരിത്രം പറയുന്നത്. മിറാക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ‘മിറാക്കുലിന്‍’ എന്ന പ്രോട്ടീന്‍ ഘടകമാണ് നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തി പുളി, കയ്പ് രുചികള്‍ക്ക് പകരം താൽക്കാലികമായി മധുരം തരുന്നത്. ഈ ഫ്രൂട്ടിൽ വിറ്റാമിൻ സി, കെ, എ, ഇ എന്നിവയും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹരോഗികൾക്ക് മിറക്കിൾ ബെറികൾ അനുഗ്രഹമാണ്. പ്രമേഹ രോഗികളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനുള്ള കഴിവ് ഇതിനുണ്ട്, പ്രത്യേകിച്ച് ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയാൻ ഈ പഴത്തിന് കഴിയും. വൈറ്റമിൻ സിയുടെ സമ്പന്ന ഉറവിടമായ മിറക്കിൾ ഫ്രൂട്ട്, വൈറൽ, ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പോഷകമാണ്.
ഈ പഴംകൊണ്ട് ഏറ്റവുംകൂടുതൽ പ്രയോജനം ലഭിക്കുന്നത് കാൻസർ രോഗികൾക്കാണ്. കീമോതെറപ്പിക്ക് ശേഷം വായിലെ അരുചി മാറ്റാനുള്ള കഴിവ് മിറാക്കിൾ ബെറിക്കുണ്ട്. കീമോതെറപ്പിമൂലം വിശപ്പില്ലായ്മ, ഭക്ഷണത്തോടുള്ള വെറുപ്പ് എന്നിവ അനുഭവപ്പെടും. ഈ പഴങ്ങൾ കഴിച്ചാൽ വായിലെ അരുചി മായ്‌ച്ച് മധുരമാക്കി മാറ്റി രോഗികളെ സാധാരണപോലെ ഭക്ഷണം കഴിക്കാൻ സഹായിക്കും.
വേനല്‍ക്കാലമാണ് പഴക്കാലം. ഭാഗികമായ സൂര്യപ്രകാശത്തിലും ചെടി നന്നായി വളരും എന്നതിനാൽ ഇന്‍ഡോര്‍ പ്ലാന്റായി വേണമെങ്കിലും വളര്‍ത്താം. കാഴ്ചയിലും അതിമനോഹരമായ മിറക്കിൾ ഫ്രൂട്ട് പ്ലാൻറ് ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കള്‍ക്ക് നേരിയ സുഗന്ധവുമുണ്ട്.


