ആരോഗ്യകരമായ ജീവിതത്തിനായി പോഷക സമൃദ്ധമാകട്ടെ ആഹാരം
text_fieldsവിളർച്ച കൂടുതലായി കാണുന്നത് സ്ത്രീകളിലും കുട്ടികളിലുമാണ്. കുട്ടികൾ ഭക്ഷണത്തോടുകാട്ടുന്ന വിമുഖതയും സ്ത്രീകൾ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാത്തതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം വിളർച്ചയെ തടയും. ശാരീരിക -മാനസികാരോഗ്യത്തിനും നല്ല ഭക്ഷണം അത്യന്താപേക്ഷിതമാണ്.
പോക്ഷക മൂല്യമുള്ള ഭക്ഷണം കിട്ടാത്തത് വിളർച്ചയിലേക്ക് കൊണ്ടെത്തിക്കുന്നു. പോഷകാഹാര കുറവ് സമൂഹത്തിന്റെ വികസനത്തിന് എപ്പോഴും നേരിടുന്ന ഒരു വെല്ലുവിളിയാണ്. മനുഷ്യ ജീവന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെ അടിസ്ഥാനമായ പോഷകങ്ങൾ നമുക്ക് ആഹാരത്തിലൂടെ കിട്ടിയേ മതിയാവൂ.
അമിനോ ആസിഡുകളിൽ നിന്നാണ് പോഷകങ്ങൾ ഉണ്ടാകുന്നത്. ആഹാര പദാർത്ഥത്തിലെ അമിനോ ആസിഡിന്റെ അളവ് അനുസരിച്ചാണ് പ്രോട്ടീനിന്റെ ഗുണം നിശ്ചയിക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും ആരോഗ്യത്തിനും വളർച്ചക്കും ആവശ്യമായ ഘടകങ്ങൾ നൽകുന്നത് പ്രോട്ടീനുകളാണ്. പ്രോട്ടീൻ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും അതുപോലെ തന്നെ ഗർഭിണിയാവുന്നതിനും വളരെ അത്യാവശ്യമാണ്.
ആൺകുട്ടികളിൽ (16-18 വയസ്) 57 kg തൂക്കമുള്ളവരിൽ പ്രതിദിനം 78g പ്രോട്ടീനും അതേ പ്രായമുള്ള പെൺകുട്ടികളിൽ 63g പ്രോട്ടീനും ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ ധാന്യങ്ങൾ, പയറുവർഗങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മത്സ്യങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിലുൾപ്പെടുത്തേണ്ടതാണ്.
മനുഷ്യ ശരീരത്തിന് നല്ല നിലയിൽ പ്രവർത്തിക്കാൻ ധാരാളം പോഷകങ്ങൾ അഥവാ വിറ്റാമിനുകൾ ആവശ്യമാണ്. ഓരോ ആഹാരത്തിലും ഓരോ വിറ്റമിൻസ് ആണ് അടങ്ങിയിട്ടുള്ളത്.
വിറ്റാമിൻ എ :- ഇത് കൊഴുപ്പിലലിയുന്ന വിറ്റമിൻ ആണ്. കാഴ്ച, ത്വക്ക്, പ്രതിരോധം, മ്യൂക്കസ് മെമ്പ്രയിൻ മുതലായവയുടെ നല്ല പ്രവർത്തനത്തിന് സഹായിക്കുന്നു. കണ്ണുകളിലെ വെള്ളയിൽ ചാര നിറത്തിലുള്ള മറുകുകൾ പോലെ കാണപ്പെട്ടാൽ വൈറ്റമിൻ എ യുടെ കുറവുണ്ടെന്ന് മനസിലാക്കാം. ഇതിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാന രോഗമാണ് നിശാന്ധത.
- സാധാരണ കാഴ്ചക്കും നിശാന്ധത തടയുന്നതിനും വൈറ്റമിൻ എ വളരെ അത്യവശ്യമാണ്.
- വിറ്റാമിൻ എ യുടെ കുറവ് കുഞ്ഞുകുട്ടികളിൽ അന്ധതയ്ക്ക് കാരണമാകുന്നു.
- പാൽ, മുട്ട, കരൾ, ഇറച്ചി ഇവയെല്ലാം വിറ്റാമിൻ എ യുടെ ഉറവിടങ്ങളാണ്.
- പച്ചക്കറികൾ, പഴവർഗങ്ങൾ പ്രധാനമായും ഇലക്കറികൾ എന്നിവയും വിറ്റാമിൻ എ യുടെ കലവറയാണ്.
വിറ്റാമിൻ ബി :- ആരോഗ്യകരമായി തുടരാൻ വിറ്റാമിൻ ബി ശരീരത്തിന് വളരെ അത്യാവശ്യമാണ്. വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളുടെ ഒരു വിഭാഗമാണ് വിറ്റാമിൻ ബി. വിറ്റാമിൻ ബി യിൽ തന്നെ പല വിഭാഗങ്ങളുണ്ട്.
- വിറ്റാമിൻ B 1 - തയാമിൻ
- വിറ്റാമിൻ B2 -റൈബോഫ്ലാവിൻ
- വിറ്റാമിൻ B3 - നിയാസിൻ
- വിറ്റാമിൻ B5 - പാന്തോദെനിക്ക് ആസിഡ്
- വിറ്റാമിൻ B6 -പിരിഡോക്സിൻ
- വിറ്റാമിൻ B7- ബയോട്ടിൻ
- വിറ്റാമിൻ B9 - ഫോളേറ്റ്
- വിറ്റാമിൻ B12- കോബാലമിൻസ്
B1, B2, B3, B5, B6, B12 എന്നീ വിറ്റമിനുകളെല്ലാം അടങ്ങിയ ഒന്നാണ് സാൽമൻ മത്സ്യം. പച്ചിലക്കറികൾ, ലിവറുകൾ പോലുള്ള മാംസങ്ങൾ (ബീഫ് ലിവറിൽ വിറ്റമിൻ ബി വിഭാഗത്തിലെ എല്ലാ ഉപ വിഭാഗങ്ങളും അടങ്ങിയിട്ടുണ്ട്), മുട്ട, പാൽ, ബീഫ്, ഒയസ്റ്റർ, കക്ക, കല്ലുമ്മക്കായ്, പയർ, ചിക്കൻ, കട്ടിത്തൈര്, പോർക്ക് തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം വിറ്റമിൻ ബിയുടെ വിവിധ വിഭാഗങ്ങൾ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ C:- ഇതൊരു മൈക്രോന്യൂട്രിയന്റും ആന്റി ഓക്സിഡന്റുമാണ്. വിറ്റാമിൻ Cയുടെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ് സ്കർവി.
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി, പേരക്ക എന്നിവയിലെല്ലാം വിറ്റമിൻ സി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡി :- ഭക്ഷണത്തിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റമിൻ ആണ് ഡി വിറ്റമിൻ . ക്ഷീണം, മുടി കൊഴിച്ചിൽ, രോഗ പ്രതിരോധ ശേഷി കുറയുക എന്നിവയൊക്കെ വിറ്റമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്.
ബീഫ് ലിവർ, സാൽമൻ, ടൂണ തുടങ്ങിയവയെല്ലാം വിറ്റമിൻ ഡിയുടെയും ഉറവിടങ്ങളാണ്.
വിറ്റാമിൻ ഇ :- വിറ്റാമിൻ E ഒരു ആന്റി ഓക്സിഡന്റ് ആണ് ശരീര കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ തടയുക, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക തുടങ്ങിയവയെല്ലാം വിറ്റാമിൻ ഇ യിലൂടെ സാധ്യമാകുന്നു.
ബദാം, ഹേസൽ നട് ഓയിൽ, സൺഫ്ലവർ ഓയിൽ, ആൽമണ്ട് ഓയിൽ, പീനട്ട്, അവക്കാഡോ, കാപ്സിക്കം, മാങ്ങ, കിവി ഫ്രൂട്ട് തുടങ്ങിയവ വിറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ കെ :- രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ കെ. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെ കൂട്ടമാണ് കെ വിറ്റമിനുകൾ. പച്ചക്കറികൾ, പഴങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയിലെല്ലാം വിറ്റമിൻ കെ അടങ്ങിയിട്ടുണ്ട്