കുട്ടികളുടെ ഓർമശക്തിക്കും വളർച്ചക്കുമായി പാലിൽ ചേർക്കാവുന്ന പോഷകങ്ങൾ
text_fieldsകുട്ടികളുടെ വളർച്ചക്കും പോഷണത്തിനും പാൽ ഒരു മികച്ച ഭക്ഷണമാണ്. പാലിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ പാൽ ഊർജത്തിന്റെ കലവറയാണെന്ന് പറയാം. പാലിൽ അടങ്ങിയിരിക്കുന്ന അന്നജം (ലാക്ടോസ്) ആഗിരണം ചെയ്യാൻ സഹായിക്കുന്നത് ലാക്റ്റേസ് എന്ന എൻസൈമാണ്. ലാക്റ്റേസ് ഉൽപാദിപ്പിക്കാനുള്ള കഴിവ് കുട്ടികളുടെ ശരീരത്തിനുണ്ട്. അതുകൊണ്ട് പാൽ ദഹിക്കുകയും ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു. എന്നാൽ ചില പ്രത്യേക പോഷകങ്ങൾ പാലിൽ ചേർത്താൽ അത് കുട്ടികളുടെ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.
പ്രോട്ടീൻ, വിറ്റാമിൻ ബി 16, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം എല്ലുകളെ ശക്തിപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും വിളർച്ച തടയാനും കഴിവുള്ളവയാണ്. ചെറുചൂടുള്ള പാലിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ദഹനത്തിന് സഹായിക്കുക മാത്രമല്ല പാലിലെ അമിനോ ആസിഡ് ട്രിപ്റ്റോഫാൻ കുട്ടികളുടെ ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. രാത്രി മുഴുവൻ കുതിർത്ത് രാവിലെ പാലിൽ കലർത്തി കഴിക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഉണക്കമുന്തിരി തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. ഓർമശക്തി വർധിപ്പിക്കാനും, തലച്ചോറിലെ കോശ വളർച്ചയെ പിന്തുണക്കാനും ഉണക്കമുന്തിരി പാലിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. മാനസിക വികാസം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ പോഷകങ്ങൾ ധാരാളമുണ്ട്. ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ എന്നിവ ഇതിൽ ധാരാളമുണ്ട്. കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും വൈറ്റമിൻ ഡിയുടെയും കലവറയായ പാലിൽ ഉണക്കമുന്തിരി കുതിര്‍ക്കുമ്പോൾ പോഷകഗുണങ്ങൾ ഇരട്ടിയാവുന്നു.
നാരുകൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയായി വിശേഷിപ്പിക്കപ്പെടുന്ന അത്തിപ്പഴം ദഹനത്തെ സഹായിക്കുകയും ആന്തരിക ഊർജ്ജം വർധിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ സ്വാഭാവിക മധുരം കാരണം പഞ്ചസാര ചേർക്കാതെ തന്നെ പാൽ മധുരമുള്ളതാകുന്നു. അപസ്മാരം, ആസ്ത്മ, കരള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാന്‍ ഈ പഴം വര്‍ഷങ്ങളായി ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അത്തിപ്പഴം കുട്ടികൾക്ക് ഉത്തമമാണ്. പനി, മലബന്ധം മൂലമുണ്ടാകുന്ന ശരീര താപനില കുറക്കാന്‍ അത്തിപ്പഴം സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രോട്ടീനും വിറ്റാമിൻ ഇയും കൊണ്ട് സമ്പുഷ്ടമായ ബദാം പാലിൽ ചേർത്ത് കഴിക്കുന്നത് കുട്ടികൾക്ക് നല്ലതാണ്. പാലിൽ മൂന്നോ നാലോ ബദാം ചേർത്ത് കഴിക്കുന്നത് പോഷക ഗുണം വർധിപ്പിക്കും. ദിവസവും ബദാമും പാലും ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കും. തലച്ചോറിന്റെ വികാസത്തിനും, ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ബദാം സഹായിക്കുന്നു. രാത്രി മുഴുവൻ കുതിർത്ത് പാലിൽ കലർത്തുന്നത് പോഷകാഹാര വിദഗ്ധരും ആയുർവേദവും ഒരുപോലെ അംഗീകരിച്ച ഒരു രീതിയാണ്. ഇത് ചർമ്മത്തെയും മുടിയെയും ആരോഗ്യമുള്ളതാക്കും. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം പാൽ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ബീറ്റാ കരോട്ടിനും വിറ്റാമിനുകളും ധാരാളം അടങ്ങിയ കാരറ്റ് പലപ്പോഴും പാൽ പാചകക്കുറിപ്പുകളിൽ അവഗണിക്കപ്പെടുന്നു. കാരറ്റ് തോരനാക്കി ചോറിനൊപ്പം ടിഫിൻബോക്സിൽ വച്ചുകൊടുത്തുവിട്ടാൽ പല കുട്ടികളും അതു തൊട്ടുനോക്കുക പോലും ചെയ്യാതെ തിരികെ കൊണ്ടുവരും. കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിൻ ല്യൂട്ടിൻ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കാരറ്റ്. കാരറ്റ് പാലിൽ അരച്ച് തിളപ്പിച്ച് കഴിക്കുന്നത് കണ്ണ്, മുടി, ചർമ്മം എന്നിവയുടെ ആരോഗ്യത്തെ പിന്തുണക്കുന്നതിനൊപ്പം കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരിക വികാസത്തിനും സഹായിക്കുന്നു.
ഒരു ഗ്ലാസ് പാലിൽ ഈ പോഷകങ്ങൾ എല്ലാം ഒരുമിച്ച് ചേർക്കുന്നത് അമിതമാകും. അതിനാൽ ദിവസവും ഓരോ പോഷകങ്ങൾ മാറിമാറി ചേർത്ത് നൽകുന്നത് കൂടുതൽ ഉചിതമാണ്. കുട്ടികൾക്ക് അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രം ഇത്തരം ഭക്ഷണങ്ങൾ നൽകുക.