ഡെസർട്ടായാൽ പഞ്ചസാരയും കൊഴുപ്പും മൈദയുമൊക്കെ വേണം, ആരോഗ്യ സംരക്ഷണത്തിനു വേണ്ടി അതിലെ ചേരുവകളിൽ കുറവ് വരുത്തുന്നതിൽ കാര്യമില്ല; ചർച്ചയായി ന്യൂട്രീഷനിസ്റ്റ് രജുത ദിവേക്കറുമായുള്ള അഭിമുഖം
text_fieldsന്യൂഡൽഹി: ക്ലൈന്റ് ലിസ്റ്റിൽ കരീന കപൂർ ഖാനും, കരിശ്മ കപൂറും, അലിയ ഭട്ടുമുൾപ്പെടെ വമ്പൻ താരനിരകളുള്ള പ്രശസ്ത ന്യൂട്രീഷനിസ്റ്റാണ് രജുത ദിവേക്കർ. യൂടൂബർ പൂജ ദിൻഗ്രയുമായി നടത്തിയ സംഭാഷണത്തിൽ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ചും രജുത പങ്ക് വച്ച അറിവ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
'ബദാം പൊടിയോ മില്ലറ്റ് കേക്കോ ഞാൻ കഴിക്കാറില്ല, എനിക്ക് ഡെസർട്ടിൽ മൈദയും പഞ്ചസാരയും കൊഴുപ്പും വേണം, ആരോഗ്യകരമായ ഡെസർട്ടുണ്ടെന്ന് കരുതുന്നില്ലെന്നുമാണ് രജുത പറയുന്നത്. ഡെസർട്ടും ഒരു നിശ്ചിത അളവിൽ കഴിച്ചാൽ അത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല. ധാരാളം പഞ്ചസാരയും, ബട്ടറും മാവും ചേർത്താണ് ഡെസർട്ട് ഉണ്ടാക്കേണ്ടത്. കാർബോ ഹൈഡ്രേറ്റിനും,പ്രോട്ടീനും കലോറിക്കും വേണ്ടി അതിലെ ചേരുവകളിൽ കുറവ് വരുത്തിയാൽ നമ്മുടെ സന്തോഷമാണ് കുറയുന്നത്.'
'പാൽ കുടിക്കുമ്പോൾ കൊഴുപ്പ് കുറവുള്ള പാലിനെക്കാൾ കൊഴുപ്പുള്ള പാൽ തന്നെ കുടിക്കണം. മുട്ടയുടെ വെള്ള മാത്രമല്ല മുട്ടയുടെ എല്ലാ ഭാഗവും കഴിക്കണം. ഇങ്ങനെ ചെയ്താൽ രാത്രിയിൽ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കാനുള്ള തോന്നൽ ഒഴിവാക്കാം. അതോടെ എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കാനുള്ള തോന്നൽ ഒഴിവാക്കാം' ദിവാക്കർ കൂട്ടിച്ചേർത്തു.
ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ റിച്ച ചതുർവേദിയും ദിവാക്കറുടെ അഭിപ്രായത്തെ ശരിവെയ്ക്കുന്നു. ഡെസർട്ട് ആയാലും എല്ലാ ദിവസവും അത് കഴിച്ചുകൊണ്ടിരിക്കാതെ മിതമായ അളവിൽ പ്രകൃതിദത്ത മധുരം ചേർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നും അവർ പറയുന്നു.
ഡെസർട്ടുകൾ സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനും ഇൻസുലിൻ പ്രതിരോധം വർധിക്കാനും ടൈപ്പ് 2 ഡയബറ്റിസിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങളും പൊണ്ണത്തടിയും ഉണ്ടാകാനും കാരണമാകും.
'ഡെസർട്ട് കഴിക്കുമ്പോൾ അത് കഴിക്കുന്ന സമയും പ്രധാനമാണ്. ഒഴിഞ്ഞ വയറിൽ കഴിക്കുന്നതിനു പകരം ഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണ് ഉത്തമം.ഒപ്പം മറ്റ് പോക്ഷകങ്ങളുടെ സാന്നിധ്യം പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാനും സഹായിക്കും.' അവർ കൂട്ടിചേർത്തു.