ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നോമ്പുകാലം ആരോഗ്യകരമാക്കാം
text_fieldsലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ റമദാൻ വ്രതം ആരംഭിച്ചുകഴിഞ്ഞു. വെള്ളം പോലും ഉപേക്ഷിച്ച് 12 മണിക്കൂറിലേറെ നീളുന്നു വ്രതം. ശാരീരികോര്‍ജ്ജം നിലനിര്‍ത്തി ഓരോ ദിവസത്തെയും വ്രതം പൂർത്തിയിക്കാൻ സാധിക്കുകയെന്നത് പ്രധാനമാണ്. കേരളത്തിൽ പ്രത്യേകിച്ചും ചൂട് കാലത്ത് ഏറെ ശ്രദ്ധവേണം. വിവിധ ജീവിതശൈലീ രോഗങ്ങളാലും മറ്റും ബുദ്ധിമുട്ടുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ഈ നോമ്പുകാലം ആരോഗ്യപ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...:
മരുന്നുകൾ ക്രമീകരിക്കുക
സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ റമദാൻ മാസത്തിൽ സമയം ക്രമീകരിക്കുക. പ്രമേഹരോഗികള്‍ മരുന്നുകളും ഇന്‍സുലിനും ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രം ക്രമീകരിക്കുക.
കഠിന വ്യായാമങ്ങൾ അരുത്
സ്ഥിരമായി ജിമ്മിൽ പോകുന്നവർ ഈ കാലയളവിൽ കഠിന വ്യായാമങ്ങൾക്ക് അവധി നൽകുക. എന്നാൽ, ലഘു വ്യായാമങ്ങൾ തുടരുകയും ചെയ്യുക. ലഘുവ്യായാമങ്ങൾ നല്ല ഉറക്കം ലഭിക്കാനടക്കം സഹായിക്കും.
ജലാംശം പ്രധാനം
ശരീരത്തിൽ ഏറെ നേരം ജലാംശം നിലനിർത്തുന്ന ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുക. തണ്ണിമത്തന്‍, കക്കരിക്ക, കരിക്ക് വെള്ളം, ഹെർബൽ ടീ എന്നിവ ഉദാഹരണം. ജ്യൂസുകളിൽ അമിത മധുരം ഒഴിവാക്കുക. ഭക്ഷം കഴിക്കുന്ന സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക.
അത്താഴം
അത്താഴ സമയത്ത് ആ ദിവസത്തേക്ക് വേണ്ട ഊര്‍ജത്തിനാവശ്യമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. പതിയെ ദഹിക്കുന്ന ഭക്ഷണം തെരഞ്ഞെടുക്കുക. ബേക്കറി പലഹാരങ്ങൾ, കേക്ക്, ചോക്ലേറ്റ് എന്നിവയെല്ലാം ഒഴിവാക്കുക. സാലഡുകൾ ഉൾപ്പെടുത്തുക.
നോമ്പുതുറ
നോമ്പ് തുറ സമയത്ത് വാരിവലിച്ച് തിന്നരുത്. വീട്ടിലും ഇഫ്താർ സംഗമങ്ങളിലും വിവിധതരം ഭക്ഷണങ്ങൾ മുന്നിലെത്തും. മധുരപലഹാരങ്ങളും എണ്ണയിൽ വറുത്തതും പരമാവധി ഒഴിവാക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രശ്ങ്ങൾക്കടക്കം കാരണമാകും. ഉറക്കത്തെയും ഇത് ബാധിക്കും. വെള്ളവും ഈത്തപ്പഴവും കഴിച്ച് നോമ്പ് തുറന്ന ശേഷം സമയമെടുത്ത് ഭക്ഷണം കഴിക്കുക.