ഇത്തിരി കയ്ച്ചാലും നെല്ലിക്ക മധുരിക്കും
text_fieldsപണ്ടുള്ളവർ സ്ഥിരമായി പറയുന്ന ഒരു ചൊല്ലുണ്ട്. ‘മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും’ എന്ന്. അവരതിന് കണ്ടത് വേറെ അർഥമാണെങ്കിലും ശരീരത്തിന്റെ കാര്യത്തിലും ഈ ചൊല്ല് പ്രസക്തമാണ്. കഴിക്കുമ്പോൾ ഇത്തിരി കയ്ക്കുമെങ്കിലും നമ്മുടെ ശരീരത്തിന് പല തരത്തിൽ ഗുണങ്ങളുണ്ടാക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് നെല്ലിക്ക. ഹൃദയാരോഗ്യം, കൊളസ്ട്രോൾ, തുടങ്ങിയവയെ പ്രതിരോധിക്കാൻ നെല്ലിക്കക്ക് കഴിയും. ഇത്തരത്തിലുള്ള പ്രകൃതിദത്ത ചികിത്സയിലൂടെ നമ്മുടെ ശരീരത്തെ മരുന്നുകളിൽ നിന്നും അകറ്റി നിർത്താനും ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കാനും സാധിക്കും.
നമ്മുടെ രക്തത്തിൽ കാണുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്‌ട്രോൾ. ഇവ രണ്ട് തരത്തിലുണ്ട്. നല്ലതും ചീത്തതും. നമ്മുടെ ശരീരത്തിനാവശ്യമായ ഹോർമോണുകളും വിറ്റാമിൻ ഡിയും നൽകുകയാണ് സാധാരണ രീതിയിൽ കൊളസ്ട്രോളുടെ ദൗത്യം. എന്നാൽ ഇവ കൂടിയ അളവിൽ കാണപ്പെടുന്നത് പ്രശ്നമാണ്.
മരുന്നുകൾക്കൊപ്പം തന്നെ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അത്തരത്തിൽ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് നെല്ലിക്ക. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലും ഹൃദയാഘാതം, രക്തധമനി സംബന്ധമായ രോഗങ്ങൾ എന്നിവ തടയുന്നതിലും നെല്ലിക്ക പ്രധാന പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ കൊളസ്‌ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കുന്നു.
ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുവാനും ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന വീക്കം കുറക്കുവാനും
നെല്ലിക്കക് സാധിക്കും. നെല്ലിക്കയിലുള്ള പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും സ്വതന്ത്ര റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് എൽ.ഡി.എൽ കൊളസ്‌ട്രോളിനെ സംരക്ഷിക്കുന്നു. ഓക്സിഡേറ്റീവ് നാശം സംഭവിച്ച എൽ.ഡി.എൽ കൊളസ്‌ട്രോൾ കൂടുതൽ അപകടകരമാണ്. കാരണം ഇത് ധമനികളിൽ അതിവേഗം പ്ലാക്ക് (ശിലാഫലകം) ഉണ്ടാക്കുന്നു.
വിവിധ ശാസ്ത്രീയ പഠനങ്ങൾ കൊളസ്‌ട്രോൾ കുറക്കുന്നതിനുള്ള നെല്ലിക്കയുടെ കഴിവിനെ സാധൂകരിക്കുന്നുണ്ട്. ശരീരത്തിൽ കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കുന്ന എച്ച്.എം.ജി കോ.എ റിഡക്റ്റേസ് എന്ന എൻസൈമിനെ അടിച്ചമർത്തുവാൻ നെല്ലിക്കക്ക് സാധിക്കുന്നു. ഇങ്ങനെ എൻസൈമിനെ തടസ്സപ്പെടുത്തുന്നതിലൂടെ കരൾ ഉത്പാദിപ്പിക്കുന്ന പുതിയ കൊളസ്‌ട്രോളിന്റെ അളവ് കുറയും. ദിവസവും നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രതിദിനം 500 മില്ലിഗ്രാം മുതൽ 1,000 മില്ലിഗ്രാം വരെ നെല്ലിക്ക സത്ത് കഴിക്കുന്നത് ഉചിതമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നെല്ലിക്കയുടെ ശാസ്ത്രീയ വശങ്ങൾ
ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്ക കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിൽ എത്രത്തോളം ഫലപ്രദമാണെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നെല്ലിക്കക്ക് പാർശ്വഫലങ്ങളില്ല എന്നും പഠനങ്ങൾ പറയുന്നുണ്ട്.
മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ നടത്തിയ പഠനത്തിൽ നെല്ലിക്ക സത്ത് ഉപയോഗിച്ച രോഗികളിൽ എൽ.ഡി.എൽ കൊളസ്‌ട്രോളുകളുടെ 21ശതമാനം കുറവും മൊത്തം കൊളസ്‌ട്രോളിൽ 11ശതമാനം കുറവും എച്ച്.ഡി.എൽ കൊളസ്‌ട്രോളിൽ 22 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ രക്തധമനികളിലെ വീക്കം കുറക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന ഹൃദ്രോഗ സാധ്യതകൾ കുറക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
നെല്ലിക്കയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ
നെല്ലിക്കയിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
നമ്മുടെ ശരീരത്തിൽ ഒരു പ്രകൃതിദത്ത ആന്റി-ഇൻഫ്ലമേറ്ററി ഏജന്റായി നെല്ലിക്ക പ്രവർത്തിക്കുന്നു. അതുവഴി ശരീരത്തിലെ വീക്കം കുറയും.
ശരീരത്തിലെ കൊഴുപ്പുകളെ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ നെല്ലിക്ക കരളിനെ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
നെല്ലിക്കയിലുള്ള നാരുകൾ ദഹനവ്യവസ്ഥയിലൂടെ ആഗിരണം ചെയ്യപ്പെടുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കുന്നു.
എന്നിരുന്നാലും കൊളസ്‌ട്രോൾ സംബന്ധമായ പ്രശ്നങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നെല്ലിക്ക ഉപയോഗിക്കാൻ പാടുള്ളൂ.
നെല്ലിക്ക എങ്ങനെ ഉപയോഗിക്കാം?
-നെല്ലിക്ക നേരിട്ട് കഴിക്കുകയോ അല്ലെങ്കിൽ അതിന്റെ നീര് കുടിക്കുകയോ ചെയ്യുന്നത് ഫലപ്രദമാണ്.
-ഉണങ്ങിയ നെല്ലിക്കയുടെ പൊടി വെള്ളത്തിൽ കലർത്തിയോ സ്മൂത്തികളിലോ ചേർത്തോ കഴിക്കാം.
-വിപണിയിൽ ലഭിക്കുന്ന നെല്ലിക്ക സത്ത് ഗുളികകൾ കഴിക്കാം. ഗവേഷണങ്ങളിൽ ഇവ സാധാരണയായി ഉപയോഗിക്കാറുണ്ട്.
- ചില പരമ്പരാഗത ചികിത്സാ രീതികളിൽ നെല്ലിക്ക നീര് നീർമരുതിന്റെ തൊലിയുമായി ചേർത്ത് ഉപയോഗിക്കാറുണ്ട്.