പ്രോട്ടീൻ മാത്രം കഴിച്ചാൽ പോര, ഭക്ഷണത്തിൽ നാരുകൾ ഇല്ലെങ്കിൽ പണി കിട്ടും!
text_fieldsപ്രതീകാത്മക ചിത്രം
2025 പ്രോട്ടീനിന്‍റെ വർഷമായിരുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളുടെ റെസിപ്പികളും പരിചയപ്പെടുത്തലുകളുമായിരുന്നു ഇൻസ്റ്റഗ്രാം റീലുകളെ ഭരിച്ചിരുന്നത്. ഭക്ഷ്യ വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങളിലെ പ്രോട്ടീൻ ഉള്ളടക്കത്തെ മാർക്കറ്റ് ചെയ്ത് കാശുണ്ടാക്കി. കഴിക്കുന്ന എല്ലാത്തിലും ആരോഗ്യ പ്രേമികൾ പ്രോട്ടീൻ സാന്നിധ്യം ഉറപ്പിച്ചു. പക്ഷെ ഭക്ഷണത്തിലെ നാരുകളുടെ സാന്നിധ്യത്തിൽ മിക്കവരും അശ്രദ്ധ കാണിച്ചു.
പ്രോട്ടീൻ മാത്രം കഴിക്കുന്നത് വഴി ആരോഗ്യമുണ്ടാവണമെന്നില്ല. ആവശ്യത്തിന് നാരുകളും വെള്ളവും കൂടി ലഭിച്ചില്ലെങ്കിൽ ശരീരത്തിന് പ്രോട്ടീനിനെ പൂർണ്ണമായും ആഗിരണം ചെയ്യാൻ കഴിയില്ല. പ്രോട്ടീനിന്‍റെ കൂടെ നാരുകൾ കൂടി കഴിക്കുന്നത് ദഹനത്തിനും ശരീര ഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അനിവാര്യമാണെന്ന് തെളിയിക്കുകയാണ് പുതിയ പഠനങ്ങൾ.
ദഹനം സുഗമമാക്കുന്നത് വഴി നാരുകൾ കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. വൻകുടലിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷ്യ ഘടകങ്ങൾ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും. നാരുകളുടെ അഭാവത്തിൽ ഇവ നൈട്രോസാമൈനുകൾ പോലുള്ള വിഷ സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നു. ആവശ്യത്തിന് നാരുകളില്ലാതെ ഉയർന്ന അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തുന്നത് വൻകുടലിന്‍റെ ആരോഗ്യത്തെ ബാധിക്കും.
ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രോട്ടീനും ഫൈബറും (നാരുകൾ) അടങ്ങിയ ഭക്ഷണം ഭാരം കുറക്കാനും ദോഷകരമായ എൽ.ഡി.എൽ കൊളസ്ട്രോൾ കുറയാനും കാരണമായതായി കണ്ടെത്തി. നാരുകൾ കുറഞ്ഞ ഭക്ഷണക്രമം ശീലമാക്കിയവരിൽ നിന്ന് വ്യത്യസ്തമായി പ്രോട്ടീൻ-ഫൈബർ ഷേക്കുകൾ കഴിച്ചവരുടെ ഭാരം കൂടുതൽ കുറയുകയും, കൊഴുപ്പ്, ഇൻസുലിൻ എന്നിവ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർധിക്കുന്നതായും കണ്ടെത്തി.
അതിനാൽ പ്രോട്ടീനിന്‍റെ കൂടെ നാരുകൾ കൂടി അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിനും ശരീരഭാരം കുറക്കുന്നതിനും അത്യാവശ്യമാണ്.


