പിങ്ക് സോൾട്ടോ സാധാരണ ഉപ്പോ നല്ലത്?
text_fieldsഒരു വിഭവത്തിന്റെ രുചി നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഉപ്പ്. മിക്ക വിഭവങ്ങളിലും ഉപ്പ് ഉപയോഗിക്കാറുണ്ട്. ഇവ കുറഞ്ഞാലും കൂടിയാലും ഭക്ഷണത്തിന്റെ മൊത്തം രുചിയെ ബാധിക്കും. എന്നാൽ ചിലർക്ക് ഉപ്പിന്റെ ഉപയോഗം ദോഷകരമായി ബാധിക്കാറുണ്ട്. അത്തരക്കാർ ഉപയോഗിക്കുന്ന ഉപ്പുകളിൽപ്പെട്ട ഒന്നാണ് പിങ്ക് സോൾട്ട്. സാധാരണ ഉപ്പിനെ അപേക്ഷിച്ച് അപകടം കുറഞ്ഞ ഒന്നാണ് പിങ്ക് സോൾട്ട് (ഇന്തുപ്പ്).
എന്താണ് പിങ്ക് സോൾട്ട് അഥവാ ഇന്തുപ്പ്
സാധാരണ ഉപ്പിന് പകരക്കാരനാണ് പിങ്ക് സോൾട്ട് അഥവാ ഹിമാലയൻ സോൾട്ട്. ധാതുക്കളായ ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയത് കൊണ്ടാണ് ഇവ പിങ്ക് നിറത്തിൽ കാണപ്പെടുന്നത്. ഇവ അധികമായി പ്രോസ്സസ് ചെയ്യാത്തതുകൊണ്ട് സാധാരണ ഉപ്പിനെ അപേക്ഷിച്ച് ആരോഗ്യപരമാണെന്ന് കരുതപ്പെടുന്നു.
ഇവക്ക് സമ്മർദത്തെ നിയന്ത്രിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് സോൾട്ട് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്.
സാധാരണ ഉപ്പും പിങ്ക് സോൾട്ടും തമ്മിലുള്ള വ്യത്യാസം
സാധാരണ ഉപ്പും പിങ്ക് സോൾട്ടും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ ധാതുക്കളുടെ അളവാണ്. പിങ്ക് സോൾട്ടിൽ മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയുൾപ്പെടെ 84 ട്രേസ് മിനറലുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രക്ത സമ്മർദമുള്ളവർക്ക് പിങ്ക് സോൾട്ട് നല്ലതാണെന്ന് പറയുന്നത്.
വെളുത്ത ഉപ്പിൽ ഈ സൂക്ഷ്മ ധാതുക്കൾ ഇല്ലെങ്കിലും തൈറോയ്ഡ് പ്രവർത്തനത്തിന് അത്യാവശ്യമായ അയോഡിൻ ചേർത്തിട്ടുണ്ട്. അയോഡിന്‍റെ കുറവ് ആഗോളതലത്തിലുള്ള ആരോഗ്യ പ്രശ്നമാണ്.സാധാരണ ഉപ്പിന് പകരം പ്രകൃതിദത്തവും ശുദ്ധീകരിക്കാത്തതുമായ ഒരു ബദലായി പിങ്ക് സോൾട്ട് കരുതപ്പെടുന്നുണ്ട്. അതിനാൽ സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നവർക്ക് ഇത് മികച്ചതാണ്.
ധാതുക്കൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ അടങ്ങിയിട്ടുള്ളൂവെങ്കിലും ഇന്തുപ്പിലെ മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം എന്നിവ അസ്ഥികളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഗുണം ചെയ്യും. ടേബിൾ സാൾട്ടിൻ ഏകീകൃത ഘടനയും രുചിയും ഉണ്ട്. അതുകൊണ്ടാണ് ഇത് ബേക്കിങ്ങിനും പാചകത്തിനും ഉപയോഗിക്കുന്നത്. അതേസമയം പിങ്ക് സോൾട്ടിൽ ആന്റി കേക്കിങ് ഏജൻസികളോ അയോഡിനോ അടങ്ങിയിട്ടില്ല.
സാധാരണ ഉപ്പിലെ അയോഡിന്റെ സാന്നിധ്യം
സാധാരണ ഉപ്പ് തൈറോയ്ഡ് ആരോഗ്യത്തെ പിന്തുണക്കുകയും അയോഡിന്റെ കുറവുള്ള തകരാറുകൾ തടയുകയും ചെയ്യും. ഇത് വ്യാപകമായി ലഭ്യമാണ്. മാത്രവുമല്ല ഇന്തുപ്പിനെ അപേക്ഷിച്ച് വില കുറവാണ്. പിങ്ക് ഉപ്പിലും സാധാരണ ഉപ്പിലും സോഡിയം അടങ്ങിയിട്ടുണ്ട്. അതായത് ഇവ രണ്ടും അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാവുന്നതാണ്. ഉപ്പ് ഏത് തരമാണെങ്കിലും മിതത്വം പ്രധാനമാണ്. രക്താതിമർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ സാധ്യത കുറക്കുന്നതിന് ദിവസേനയുള്ള സോഡിയം ഉപഭോഗം 2,300 മില്ലിഗ്രാമിൽ താഴെയായി പരിമിതപ്പെടുത്താൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്.


