കൂർക്കംവലി ബുദ്ധിമുട്ടിക്കുന്നുണ്ടോ?
text_fieldsകൂര്‍ക്കംവലി ജീവിതത്തിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ടോ? സ്വന്തം കൂര്‍ക്കംവലി കാരണമോ അല്ലെങ്കില്‍ മറ്റുള്ളവരുടെ കൂര്‍ക്കംവലി കാരണമോ ഉറക്കം നഷ്ടപ്പെട്ട കുറേപ്പേരുണ്ടാകാം. ഉറക്കത്തിനിടെ സംഭവിക്കുന്ന സാധാരണ കാര്യമായാണ് മിക്കവരും ഇതിനെ കണക്കാക്കുന്നതെങ്കിലും സംഭവം അൽപ്പം ഗൗരവത്തിലെടുക്കാം.
ശ്വാസമെടുക്കുമ്പോള്‍ അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ് വഴിയാണ് ഇത് ശ്വാസകോശത്തില്‍ എത്തുന്നത്. മൂക്ക്, പാരിങ്ങ്സ്, ടോണ്സില്സ്, കുറുനാവ് എന്നിവയെല്ലാം ചേരുന്നതാണ് അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ്. ഈ പാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉറക്കത്തിനിടെ ശ്വസനം കൃത്യമായി നടക്കാതെ വരുകയും കുറുനാവിനും അവിടെയുള്ള മസിലുകള്‍ക്കും പ്രകമ്പനമുണ്ടാകുകയും ചെയ്യും. തടസ്സത്തിന്റെ തീവ്രതക്കനുസരിച്ച് കൂര്‍ക്കംവലിയുടെ ശബ്ദം ഉയരുകയും ചെയ്യും. തുടര്‍ച്ചയായി കൂര്‍ക്കംവലി അനുഭവപ്പെടുന്നവരില്‍ ആവശ്യമായ ഓക്സിജന്‍ ശരീരത്തില്‍ എത്താതിരിക്കുകയും ഉറക്കം ഫലപ്രദമല്ലാതാവുകയും ചെയ്യും. ഇത് ഒബ്സ്ട്രക്റ്റിവ് സ്ലീപ് അപ്നിയ (ഒ.എസ്.എ) എന്നാണ് അറിയപ്പെടുന്നത്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍വരെ കൂര്‍ക്കംവലി കണ്ടുവരാറുണ്ട്. ഓരോരുത്തരിലും കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. കൃത്യമായ നിരീക്ഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുകമാത്രമാണ് പോംവഴി.
ചെറിയ കുഞ്ഞുങ്ങളില്‍പോലും കൂര്‍ക്കംവലി കണ്ടുവരാറുണ്ട്. ഏകദേശം നാലുവയസ്സു മുതല്‍ കുഞ്ഞുങ്ങളില്‍ ഈ അവസ്ഥ അനുഭവപ്പെട്ടേക്കാം. സാധാരണ അഡിനോയ്ഡല് ഹൈപ്പര്ട്രോഫിയാണ് കുഞ്ഞുങ്ങളിലെ കൂര്‍ക്കംവലിക്ക് കാരണമാകുന്നത്. മൂക്കിന്റെ പിന്‍ഭാഗത്തുള്ള അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം വരുന്ന അവസ്ഥയാണിത്. ഈ ഭാഗം വികസിക്കുന്നത് കാരണം ശ്വാസം കൃത്യമായ രീതിയില്‍ കടന്നുപോകുന്നതിന് പ്രയാസമുണ്ടാകുന്നു.
സാധാരണ രണ്ടു വയസിന് ശേഷമാണ് കുഞ്ഞുങ്ങളില്‍ അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കാറുള്ളത്. ഏകദേശം എഴ് വയസ്സ് പൂര്‍ത്തിയാകുന്നതോടെ ഇത് സ്വാഭാവികമായി ചുരുങ്ങുകയും ചെയ്യും. എന്നാല്‍, ചില കുട്ടികളില്‍ ഇത് ചുരുങ്ങാതെ നിലനില്ക്കും.
ഇതിന്റെ പാര്ശ്വഫലമെന്നോണമാണ് കുട്ടികളില്‍ കൂര്‍ക്കംവലി അനുഭവപ്പെടുന്നത്. മാത്രമല്ല, ചെവിവേദന, തൊണ്ടവേദന, ജലദോഷം, മറ്റ് ശ്വസന പ്രശ്നങ്ങള്‍ പോലുള്ളവയും ഇതിന്റെ തുടര്‍ച്ചയായി അനുഭവപ്പെട്ടേക്കാം. കുട്ടികളുടെ ചെവിക്കുള്ളില്‍ കഫം നിറഞ്ഞ് കര്‍ണപടം പൊട്ടുന്ന ഗുരുതരാവസ്ഥയിലേക്ക് പോലും ഇത് വഴിവെക്കും. ഏഴു വയസ്സിന് ശേഷവും ഈ ഗ്രന്ഥിയുടെ വീക്കം നിലനില്‍ക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുക മാത്രമാണ് ശാശ്വതമായ വഴി. അല്ലെങ്കില്‍ പ്രായം കൂടുന്തോറും അസ്വസ്ഥതകളും വര്‍ധിക്കും.
ജീവിതശൈലിയിലെ തെറ്റായ പ്രവണത കാരണം യുവാക്കളിലും യുവതികളിലും കൂർക്കംവലി കൂടുന്നുണ്ട്. ശാരീരികാധ്വാനം കുറയുന്നതും അശ്രദ്ധമായ ഭക്ഷണരീതിയുമാണ് ഇതിന് പ്രധാന കാരണം. തുടര്‍ച്ചയായി ജീവിതശൈലി ഈ തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അമിതവണ്ണം ഉണ്ടാകുകയും ഇത് കൂര്‍ക്കംവലിയുണ്ടാകാന്‍ കാരണമാകുകയും ചെയ്യും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും കൂര്‍ക്കംവലിക്ക് കാരണമാകും. മൂക്കിന്റെ പാലത്തിന് ഏതെങ്കിലും തരത്തിലുള്ള വളവ് അല്ലെങ്കില്‍ അസാധാരണമായ ഘടനാ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതും ചെറുപ്പക്കാരിൽ കൂര്‍ക്കംവലി ഉണ്ടാകുന്നതിന്റെ ഒരു കാരണമാണ്. ഇവരില്‍ തീര്‍ച്ചയായും പല വിധത്തിലുള്ള അലര്‍ജി പ്രശ്നങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഘടനാപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അലര്‍ജിയോ കൂര്‍ക്കംവലിയോ ചികിത്സിക്കാന്‍ ശ്രമിക്കുന്നത് വിഫലമാണ്. വര്‍ഷങ്ങളായി കൂര്‍ക്കംവലി അനുഭവപ്പെടുന്നവരില്‍ ഗുരുതര രോഗാവസ്ഥകളും പിറകെ വരും. ശ്വാസകോശം, ഹൃദയം തുടങ്ങിയ പ്രധാനപ്പെട്ട ശരീരഭാഗങ്ങളെ അപകടത്തിലാക്കാന്‍ കൂര്‍ക്കംവലി കാരണമാകും.
ഒരു ഘട്ടത്തിലും നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇത് ഡിമന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള മറവി രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നതിനും കാരണമാകും. പ്രമേഹം, രക്തസമ്മർദം പോലുള്ള ജീവിതശൈലീ രോഗങ്ങളും ഇതിനോടൊപ്പം അനുഭവപ്പെടും. കൂര്‍ക്കം വലിച്ചുറങ്ങുന്നത് ആഴത്തില്‍ ഉറങ്ങുന്നതിന്റെ സൂചനയായി തെറ്റിദ്ധരിക്കാറുണ്ട് പലരും. എന്നാല്‍ കൂര്‍ക്കംവലി അനുഭവിക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ഉറക്കം ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെ തുടര്‍ച്ചയായി ഉറക്കം അസ്വസ്ഥമാകുമ്പോള്‍ ദിവസം മുഴുവന്‍ ക്ഷീണം, മന്ദത എന്നിവ അനുഭവപ്പെടും.
കിടപ്പുരീതിയും ജീവിത ശൈലിയും
ഉറങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുന്നത് കൂര്‍ക്കംവലിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും. ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതാണ് കൂടുതല്‍ ഫലപ്രദമാകുക. മലര്‍ന്ന് കിടന്നുകൊണ്ട് ഉറങ്ങുമ്പോള്‍ വലിയ ശബ്ദത്തോടുകൂടി കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റ് മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ലെങ്കില്‍ BYPAP മെഷീന് ഉപയോഗിക്കാം.
കൂടുതല്‍ ശക്തിയില്‍ ഓക്സിജന്‍ പമ്പ് ചെയ്ത് ശ്വസനം കൃത്യമാക്കും. എന്നാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള സ്ലീപ് സ്റ്റഡി ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ ചെയ്ത് മാത്രമേ ഇത് ഓരോര്‍ത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയൂ. ജീവിതശൈലിയില്‍ കാര്യമായ മാറ്റം വരുത്തിക്കൊണ്ട് കൂര്‍ക്കംവലി മാറ്റിയെടുക്കാന്‍ സാധിക്കും. അമിതവണ്ണം കുറയ്ക്കാനായി കൃത്യമായ വ്യായാമം നിര്‍ബന്ധം. ഇതോടൊപ്പം ജങ്ക് ഫുഡ്, ചോക്ലേറ്റ് എന്നിവ ഒഴിവാക്കാം.