യു.വി സംരക്ഷണമോ പോളറൈസേഷനോ, ഏത് സൺഗ്ലാസാണ് കണ്ണിന്റെ സംരക്ഷണത്തിന് നല്ലത്?
text_fieldsനമ്മളിൽ പലരും സൺഗ്ലാസുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ കണ്ണിന്റെ സംരക്ഷണത്തേക്കാൾ കൂടുതൽ ഫാഷൻ എന്ന രീതിയിലാണ് പലരുടെയും ഉപയോഗം. ഇത് ശരിയായ രീതിയിലല്ല. ഇത്തരത്തിലുള്ള കണ്ണടകൾ ഒരിക്കലും കണ്ണിനെ സംരക്ഷിക്കുകയില്ല. ചണ്ഡീഗഡിലെ പി.ജി.ഐ അഡ്വാൻസ്ഡ് ഐ സെന്ററിലെ പ്രൊഫസർ ഡോ. വിശാലി ഗുപ്തയുടെ അഭിപ്രായത്തിൽ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കാത്ത സൺഗ്ലാസുകൾ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് പോലെയാണ്.
നിങ്ങളുടെ സൺഗ്ലാസുകൾ സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് (യു.വി) രശ്മികളിൽ നിന്ന് 100 ശതമാനം സംരക്ഷണം നൽകണം. പൂർണ സംരക്ഷണം ഉറപ്പാക്കാനും സൂര്യതാപം, മുഖത്തെ ചുളിവുകൾ, തിമിരം എന്നിവ തടയാൻ ശേഷിയുള്ള യു.വി400 ലേബലുള്ള ഒരു സൺഗ്ലാസ് വാങ്ങുക. പോളറൈസ്ഡ് ലെൻസുകൾ തിളക്കം കുറക്കുമെങ്കിലും അവ സ്വന്തമായി യു.വി സംരക്ഷണം നൽകുന്നില്ലായെന്ന് വിശാലി ഗുപ്ത പറഞ്ഞു.
എന്താണ് യു.വി ലൈറ്റ്?
മനുഷ്യന്റെ കണ്ണിന് അദൃശ്യമായ വളരെ ഹ്രസ്വ-തരംഗദൈർഘ്യമുള്ള വൈദ്യുതകാന്തിക വികിരണമാണ് യു.വി രശ്മികൾ. ഇത് എ, ബി, സി എന്നിങ്ങനെ മൂന്ന് തരത്തിലാണ്. ഇവ കണ്ണിലേക്ക് പ്രവേശിക്കുക വഴി കാഴ്ചയെ ബാധിക്കും. യു.വി ലൈറ്റ് ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുകയും കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് ചർമ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ യു.വി ലൈറ്റുകൾ തിമിരത്തിനും കാരണമാകും.
സൺഗ്ലാസുകൾ എങ്ങനെ തെരഞ്ഞെടുക്കാം?
ശരിയായ തരത്തിലുള്ള സൺഗ്ലാസുകൾ തെരഞ്ഞെടുക്കുമ്പോൾ യു.വി.എ, യു.വി.ബി എന്നിവയിൽ നിന്ന് ഏകദേശം 100 ശതമാനം സംരക്ഷണം നൽകുന്ന യു.വി400 റേറ്റിങ് ഉള്ളവയ്ക്ക് പ്രാധാന്യം നൽകുക. കൂടാതെ, ഗുണനിലവാരത്തിന് പുറമെ ശരിയായ രീതിയിൽ ഫിറ്റ് ചെയ്യുന്ന സൺഗ്ലാസുകൾ തെരഞ്ഞെടുക്കുക. അത് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തേയും സംരക്ഷിക്കും.
ഏതൊക്കെ ലെൻസ് കളറുകൾക്ക് മുൻഗണന നൽകാം?
കണ്ണുകൾക്ക് ഏറ്റവും അനുയോജ്യം തവിട്ട് നിറവും ആമ്പർ (മഞ്ഞ/ഓറഞ്ച് ഷേഡ്) നിറത്തിലുള്ള ലെൻസുകളാണ്. അവ കൂടുതലായി യു.വി ലൈറ്റുകളിൽ നിന്നും കണ്ണിനെ സംരക്ഷിക്കും. കൂടാതെ ആകാശത്ത് നിന്നുള്ള തിളക്കം കുറയ്ക്കാൻ സിംഗിൾ ഗ്രേഡിയന്റ് ലെൻസുകൾക്ക് (മുകളിൽ ഇരുണ്ടതും താഴെ ഇരുട്ട് കുറഞ്ഞതുമായ) കഴിയും. ഇത്തരം ലെൻസുകൾ വ്യക്തമായി കാണാൻ നിങ്ങളെ സഹായിക്കും. കൂടാതെ 'ആന്റി- റിഫ്ലെക്റ്റീവ്, മിറർ കോട്ടിങ്' എന്നിവ ഉപയോഗിച്ചാൽ ലെൻസിന്റെ തിളക്കം കുറയ്ക്കാൻ സാധിക്കും.