തൃത്താലയിൽ കുന്നുകൾ ഇടിച്ചുനിരത്തുന്നു
text_fieldsതൃത്താലയിലെ കരിങ്കല്‍ ക്വാറി
ആനക്കര: വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുമ്പോൾ തൃത്താലയിൽ സ്വന്തം വീടും നാടും സംരക്ഷിക്കാനിറങ്ങിയവർ ദുരിതത്തിലാണ്. കുന്നുകൾ ഇടിച്ചുനിരത്തി കല്ലും മണ്ണുമായി അതിര്‍ത്തി കടത്തുന്നതിനെതിരെ പ്രതികരിച്ചവരും പ്രതിഷേധിച്ചവരുമായ പലരും ഇന്ന് നിയമനടപടികളില്‍പെട്ട് നട്ടം തിരിയുന്നു. യാതൊരുവിധ പരിസ്ഥിതി പഠനങ്ങളും നടത്താതെ ജിയോളജി അധികൃതര്‍ നല്കുന്ന അനുമതി മറയാക്കിയാണ് റവന്യൂ, പൊലീസ് മൗനാനുവാദത്തോടെ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. അനുമതിയി ലഭിച്ചതിലും പത്തിരട്ടിയോളമാണ് കടത്തുന്നത്. കൂടാതെ ഹൈവേ പദ്ധതികളുടെ പേരില്‍ കോടതി ഉത്തരവുകള്‍ കൈപറ്റി സമീപകാലങ്ങളില്‍ വലിയ കുന്നുകള്‍ തൃത്താലയുടെ വിവിധഭാഗങ്ങളില്‍ നിരത്തിയെടുത്തു. ഇവിടങ്ങളിലെല്ലാം പ്രതിഷേധം ശക്തമായിരുന്നെങ്കിലും കോടതി ഉത്തരവ് കാട്ടി പ്രതിഷേധക്കാരെ കേസില്‍ കുടുക്കി. ഇതോടെ പ്രതിഷേധം തണുത്തു.
ചെങ്കല്‍, കരിങ്കല്‍ ക്വാറികളിലും സ്ഥിതി വിപരീതമല്ല. പല ക്വാറികളും പ്രവര്‍ത്തനം നിരോധിച്ചവയാണെങ്കിലും അനധികൃതമായി അധികൃതരുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ചെങ്കല്‍, കരിങ്കല്‍ ക്വാറികളെയും അനുബന്ധ മേഖലകളെയും ആശ്രയിച്ച് ആയിരങ്ങള്‍ തൊഴിലെടുക്കുന്നുണ്ടെന്നതിനാല് കര്‍ക്കശ നിലപാടെടുക്കാന്‍ അധികൃതരും വിമുഖത കാട്ടുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ സഹായവും ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നു.
കുന്നും മലനിരകളും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇനിയും വൈകിയാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ താളംതെറ്റുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.


