ഇലക്ട്രികിന് ശേഷം ഹൈബ്രിഡിൽ പുതിയ പരീക്ഷണവുമായി മഹീന്ദ്ര; ഒപ്പത്തിനൊപ്പം മാരുതിയും ഹ്യുണ്ടായിയും
text_fieldsമഹീന്ദ്ര XUV 3XO, മാരുതി സുസുകി ഫ്രോങ്സ്
ഇന്ത്യയിലെ മുൻനിര വാഹനനിർമാതാക്കളും വിൽപ്പനക്കാരുമായ മാരുതി, മഹീന്ദ്ര, ഹ്യുണ്ടായ് എന്നിവർ ഇലക്ട്രിക് മോഡലുകൾക്ക് ശേഷം ഹൈബ്രിഡ് വകഭേദങ്ങൾ ആഭ്യന്തര വിപണിയിൽ എത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വാഹനനിർമാതാക്കളായ മാരുതി സുസുകി അവരുടെ എച്ച്.ഇ.വി സീരീസ് സങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ഹൈബ്രിഡ് വാഹനങ്ങൾ നിർമ്മിക്കാനുള്ള പ്രവർത്തികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഹൈബ്രിഡ് ടെക്നോളജി അനുസരിച്ച് മാരുതിയുടെ വാഹനനിരകളിൽ ആദ്യം എത്തുന്ന വാഹനം ഫ്രോങ്സ് എസ്.യു.വിയായിരിക്കും. 1.2 ലിറ്റർ Z12E പെട്രോൾ എൻജിൻ, ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയിണക്കിയാകും നിരത്തുകളിൽ എത്തുക.
ഫ്രോങ്സ് എസ്.യു.വിയെ കൂടാതെ സബ്കോംപാക്ട് മോഡലായ ബലേനോക്കും ഹൈബ്രിഡ് വകഭേദത്തെ വിപണിയിൽ എത്തിക്കാൻ മാരുതി സുസുകി ശ്രമിക്കുന്നുണ്ട്. 2026 അവസാനമോ 2027 ആദ്യമോ ആകും ഈ രണ്ട് വാഹനങ്ങളും മാരുതി നിരത്തുകളിൽ എത്തിക്കുന്നത്. മാരുതിയുടെ ടോപ് സെല്ലിങ് കോംപാക്ട് എസ്.യു.വിയായ ബ്രെസ്സയാണ് മറ്റൊരു ഹൈബ്രിഡ് വാഹനം. ഇത് പുതിയ ജി.എസ്.ടി സ്ലാബ് അനുസരിച്ച് ഉയർന്ന നികുതി ഈടാക്കുന്ന വാഹനമാണ്.
രാജ്യത്തെ മറ്റൊരു വാഹനനിർമാതാക്കളായ മഹീന്ദ്രയും അവരുടെ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളായ BE 6, XEV 9e എന്നീ ഇലക്ട്രിക് മോഡലുകൾക്ക് ശേഷം പുതിയ പരീക്ഷങ്ങൾ ഹൈബ്രിഡ് പവർട്രെയിനിൽ ആയിരിക്കുമെന്ന് കമ്പനി സൂചന നൽകിയിരുന്നു. അതിന്റെ ഭാഗമായി ഹൈബ്രിഡ് പവർട്രെയിൻ ആദ്യമായി XUV 3XOയിലാകും മഹീന്ദ്ര എത്തിക്കുന്നത്. S226 എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന മോഡൽ 2026ൽ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയിണക്കി 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനായിട്ടാകും മഹീന്ദ XUV 3XO നിരത്തുകളിൽ എത്തുന്നത്. കൂടാതെ മഹീന്ദ്രയുടെ ഇലക്ട്രിക് വെഹിക്കിൾ നിർമാണ പ്ലാറ്റ്‌ഫോമായ ഇൻഗ്ലോ പ്ലാറ്റ്ഫോമിൽ നിർമിച്ച BE 6, XEV 9e മോഡലുകളും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണത്തിലാണ്.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്.എം.ഐ.എൽ) അടുത്ത തലമുറയിലെ ക്രെറ്റ വകഭേദത്തിന്റെ സ്ട്രോങ്ങ് ഹൈബ്രിഡ് പവർട്രെയിൻ 2027 പകുതിയോടെ വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SX3 എന്ന രഹസ്യനാമത്തിൽ ഹൈബ്രിഡ് ടെക്നോളോജിയുമായി ജോടിയിണക്കി 1.5 ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ അവതരിപ്പിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. ഇത് കൂടാതെ പുതിയ ഹൈബ്രിഡ് 7 സീറ്റർ എസ്.യു.വിയും പുറത്തിറക്കാൻ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് ശ്രമിക്കുന്നുണ്ട്.