Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആലിൻ ഒരു വിങ്ങലാണ്,...

ആലിൻ ഒരു വിങ്ങലാണ്, മുന്നറിയിപ്പും

text_fields
bookmark_border
ആലിൻ ഒരു വിങ്ങലാണ്, മുന്നറിയിപ്പും
cancel

സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ ഏറ്റവുമധികം ചർച്ചയായ പേരാണ് ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ആ പിഞ്ചുജീവനെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. എന്നാൽ, വെറുമൊരു വിലാപത്തിനപ്പുറം ആലിന്റെ മരണം വിളിച്ചുപറയുന്നത് ഒരു വലിയ സുരക്ഷാപാഠമാണ്: കുട്ടികൾക്ക് കാറിൽ പ്രത്യേക സുരക്ഷാസീറ്റുകൾ (Child Safety Seats) അനിവാര്യമാണ് എന്ന കാര്യം വിസ്മരിക്കപ്പെട്ടുകൂടാ. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന മാതാപിതാക്കൾക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ, കൃത്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ ആ കുഞ്ഞിന് ജീവൻ നഷ്ടമായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിൻ മാറി. വെറും പത്തുമാസം മാത്രം ഈ ഭൂമിയിൽ ജീവിച്ച് മഹത്തായ മാതൃക സമൂഹത്തിന് കൈമാറിയാണ് ആ കുഞ്ഞ് ഓർമയായത്. എങ്കിൽ പോലും ഇത് കേവലം വിധി എന്ന് പറഞ്ഞ് തള്ളിക്കളയാവുന്ന ഒന്നല്ല, മറിച്ച് നമ്മുടെ സുരക്ഷാബോധമില്ലായ്മയുടെ കൂടി ഫലമാണ്.

എന്തുകൊണ്ട് ചൈൽഡ് സീറ്റ്, സീറ്റ് ബെൽറ്റ്?

പലപ്പോഴും നമ്മൾ കുഞ്ഞുങ്ങളെ മടിയിൽ പിടിച്ചാണ് കാറിൽ യാത്രചെയ്യാറ്. അതും മുന്നിലെ സീറ്റിൽ ഇരുത്തി. 60-80 കിലോമീറ്റർ വേഗത്തിൽ പോകുന്ന ഒരു കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടാലോ അപകടത്തിൽപ്പെട്ടാലോ ഉണ്ടാകുന്ന ആഘാതം (Impact Force) താങ്ങാൻ നമ്മുടെ കൈകൾക്ക് കഴിയില്ല. അപകടസമയത്ത് കുഞ്ഞ് നമ്മുടെ കൈകളിൽനിന്ന് തെറിച്ചുപോകാൻ സെക്കൻഡുകൾ മതി. വിൻഡ്ഷീൽഡിലോ ഡാഷ്ബോർഡിലോ ഇടിക്കുന്നത് മരണകാരണമാകും. തീരാത്ത സങ്കടങ്ങളിലേക്കാവരുത് നമ്മുടെ യാത്രകൾ.

എയർബാഗുകളും കുഞ്ഞുങ്ങളും

മുതിർന്നവർക്കായി രൂപകൽപന ചെയ്ത എയർബാഗുകൾ വിരിയുന്നത് വലിയ ശക്തിയിലാണ്. മുൻസീറ്റിൽ കുഞ്ഞിനെ ഇരുത്തിയാൽ, ഒരു ഇംപാക്ട് ഉണ്ടായി എയർബാഗ് വിരിയുന്നത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകും. സീറ്റ് ബെൽറ്റുകൾ മുതിർന്നവർക്കുള്ളതാണ്. കാറിലെ സാധാരണ സീറ്റ് ബെൽറ്റുകൾ കുട്ടികളുടെ ശരീരത്തിന് യോജിച്ചതല്ല. അവ കുട്ടികളുടെ കഴുത്തിലോ വയറിലോ അമർന്ന് ആന്തരിക പരിക്കുകൾക്ക് കാരണമായേക്കാം.

നമുക്ക് എന്ത് ചെയ്യാം?

ISOFIX സീറ്റുകൾ: നിങ്ങളുടെ കാറിൽ ISOFIX മൗണ്ടുകൾ ഉണ്ടെങ്കിൽ അതിന് അനുയോജ്യമായ ചൈൽഡ് സീറ്റുകൾ വാങ്ങി ഘടിപ്പിക്കുക.

പ്രായത്തിനനുസരിച്ച് സീറ്റുകൾ

Infant Seats: 2 വയസ്സിന് താഴെയുള്ളവർക്ക് (പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിൽ).

Toddler Seats: 2 മുതൽ 4 വയസ്സ് വരെയുള്ളവർക്ക്.

Booster Seats: 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക്.

പിൻ സീറ്റാണ് കുറച്ചുകൂടി സേഫ്: 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും മുൻസീറ്റിൽ ഇരുത്തരുത്. ഡ്രൈവ് ചെയ്യുന്ന ആളുടെയോ മറ്റ് യാത്രക്കാരുടെയോ മടിയിൽ ഇരുത്തി കുട്ടികളെ യാത്ര ചെയ്യിപ്പിക്കുന്നത് അപകടകരമാണ്. കുഞ്ഞുങ്ങൾ നമുക്കേറ്റവും പ്രിയപ്പെട്ടതാണ്. അവരുടെ ജീവൻ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയും ഉത്തരവാദിത്തവുമാണ്. ഓർക്കുക, വിദേശരാജ്യങ്ങളിൽ കുഞ്ഞുങ്ങളെ സുരക്ഷിതമല്ലാതെ യാത്ര ചെയ്യിക്കുന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നമുക്ക് വേണ്ടത് വൈകാരികമായ വിലാപങ്ങളല്ല, മറിച്ച് മാറ്റമില്ലാത്ത സുരക്ഷാശീലങ്ങളാണ്.

ഇനിയൊരു ആലിൻ നമ്മുടെ റോഡുകളിൽ പൊലിയരുത്. നിങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിങ്ങളുടെ കൈയിലല്ല, ശരിയായ ചൈൽഡ് സീറ്റുകളിലാണ് സുരക്ഷിതമായിരിക്കുന്നത്.

Child Safety Seat

അപകടത്തിന്റെ ആഘാതം കുറക്കുന്നു: പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ അപകടമുണ്ടാകുമ്പോഴോ കുഞ്ഞ് മുന്നിലേക്ക് തെറിച്ചുപോകുന്നത് തടയാൻ ചൈൽഡ് സീറ്റുകൾ സഹായിക്കുന്നു.

മുതിർന്നവരുടെ കൈകൾ സുരക്ഷിതമല്ല: കാർ 50 km/h വേഗതയിൽ പോകുമ്പോൾ ഉണ്ടാകുന്ന ആഘാതം പോലും താങ്ങാൻ കൈകൾക്ക് കഴിയില്ല. കുഞ്ഞ് കൈകളിൽ നിന്ന് തെറിച്ചുപോകാൻ സെക്കൻഡുകൾ മതി. സ്പീഡ് 70ഉം 80 ഉം കടക്കുമ്പോഴാണ് അപകടമെങ്കിൽ പിന്നെ പറയേണ്ടതുമില്ല.

എയർബാഗ് ഭീഷണി: മുൻസീറ്റിലെ എയർബാഗുകൾ മുതിർന്നവർക്ക് വേണ്ടിയുള്ളതാണ്. ഇത് വിരിയുമ്പോൾ ഉണ്ടാകുന്ന മർദം കുഞ്ഞുങ്ങളുടെ ജീവന് അപകടമാണ്.

ശരിയായ ബെൽറ്റ് ഫിറ്റിങ്: സാധാരണ സീറ്റ് ബെൽറ്റുകൾ കുട്ടികളുടെ കഴുത്തിലോ വയറിലോ അമരാൻ സാധ്യതയുണ്ട്. ചൈൽഡ് സീറ്റുകൾ കുട്ടികളുടെ ശരീരത്തിന് കൃത്യമായ സുരക്ഷ നൽകുന്നു.

ISOFIX സൗകര്യം: ആധുനിക കാറുകളിലെ ISOFIX സംവിധാനം ഉപയോഗിച്ച് സീറ്റുകൾ കാറുമായി നേരിട്ട് ഘടിപ്പിക്കാം. ഇത് കുലുക്കവും മറിയാനുള്ള സാധ്യതയും ഒഴിവാക്കുന്നു.

പിൻസീറ്റാണ് സുരക്ഷിതം: 12 വയസ്സിന് താഴെയുള്ള കുട്ടികളെ എപ്പോഴും പിൻസീറ്റിൽ ചൈൽഡ് സീറ്റിന്റെ സഹായത്തോടെ ഇരുത്തുന്നതാണ് ഏറ്റവും സുരക്ഷിതം.

Show Full Article
TAGS:hot wheels Hot wheels News Driving Drive Cafe 
News Summary - Alin is a whiner, a warning.
Next Story