പാടത്തെ ചെളിയിൽ ജീപ്പ് ചീറിപായിച്ച് എം.എല്‍.എ; ആവേശമായി വണ്ടിപൂട്ട് മത്സരം
text_fieldsനിലമ്പൂര്‍: കൈലിയും ടീ ഷര്‍ട്ടും ധരിച്ച് ചേറ് നിറഞ്ഞ കരുളായി വാരിക്കലിലെ പാടത്ത് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വില്ലീസ് ജീപ്പ് ചീറിപായിച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അത് ആവേശ കാഴ്ചയായി. നിലമ്പൂര്‍ ടൂറിസം കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം നടത്തിയ വണ്ടി പൂട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് എം.എല്‍.എ ജീപ്പുമായി പാടത്തിറങ്ങിയത്.
ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ ചേറിലിറങ്ങി ജീപ്പോടിക്കാന്‍ എം.എല്‍.എ തയ്യാറാവുകയായിരുന്നു. പാടവരമ്പത്ത് നിന്നവര്‍ ആര്‍പ്പ് വിളികളോടെയാണ് വരവേറ്റത്.നിലമ്പൂരിന്റെ ടൂറിസം പെരുമയും സാധ്യതകളും തുറന്നുകാട്ടുന്ന മത്സരമാണ് വണ്ടിപൂട്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ പറഞ്ഞു.
നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷനാണ് സാഹസിക ടൂറിസം ക്ലബ്ബായ വൈല്‍ഡ് വീല്‍സിന്റെ സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് മുജീബ് ദേവശേരി അധ്യക്ഷത വഹിച്ചു. കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ്ബാബു, യാസിര്‍ പൂക്കോട്ടുംപാടം, സുരേഷ് കമ്മത്ത്, നസീര്‍, വിനോദ് പി മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ 40ഓളം വാഹനങ്ങള്‍ പങ്കെടുത്തു. വനിതകളടക്കം പങ്കാളികളായി.
ഫോട്ടോ- നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കരുളായി വാരിക്കല്‍ പാടത്ത് നടത്തിയ വണ്ടിപൂട്ട് മത്സരം ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ജീപ്പ് ഓടിച്ച് ഉദ്ഘാടനം ചെയ്യുന്നു