നിക്ഷേപകരുടെ ഹൃദയം കവർന്നു; വിപണി മൂലധനത്തിൽ ഒലയെ മറികടന്ന് ഏഥർ
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പുലികളായ ഒലയും ഏഥറും തമ്മിൽ മത്സരം കടുക്കുന്നു. തിങ്കളാഴ്ച ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ വിപണി മൂലധനം ഏഥർ എനർജി ലിമിറ്റഡ് മറികടന്നു. നിലവിൽ ഒലയുടെ മൊത്തം മൂലധനം 23,377.4 കോടി രൂപയും ഏഥറിന്റെത് 24,053.6 കോടി രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഥർ ഓഹരി വിലയിൽ അഞ്ച് ശതമാനത്തിലേറെ മുന്നേറ്റമുണ്ടായതോടെയാണ് നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് വിപണി മൂലധനത്തിൽ ഒലയെ ഏഥർ മറികടക്കുന്നത്.
സെപ്റ്റംബറിലെ വാഹന വിൽപനയിലും ഒലയെ ഏഥർ ബഹുദൂരം പിന്നിലാക്കിയിരുന്നു. 18,109 സ്കൂട്ടറുകൾ വിറ്റ ഏഥർ രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽപക്കുന്ന കമ്പനികളിൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ, വെറും 13,371 യൂനിറ്റുകൾ വിൽപന നടത്തിയ ഒല നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
2018 ലാണ് തരുൺ മേത്തയും സ്വപ്നിൽ ജയിനും സ്ഥാപിച്ച ഏഥർ ആദ്യമായി ഇലക്ടിക് സ്കൂട്ടർ വിപണിയിലെത്തിച്ചത്. മൂന്ന് വർഷങ്ങൾ കഴിഞ്ഞ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ഫ്യൂച്ച്വർ ഫാക്ടറി സ്ഥാപിച്ചായിരുന്നു ഒലയുടെ വരവ്. തുടക്കത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 50 ശതമാനം അതിവേഗം കൈയടക്കാൻ ഒലക്ക് കഴിഞ്ഞിരുന്നു.
അതായത് കഴിഞ്ഞ സാമ്പത്തിക വർഷം ഒല 3,44,009 സ്കൂട്ടറും ഏഥർ 1,30,944 സ്കൂട്ടറുമാണ് വിറ്റത്. വിൽപനയിൽ 18 ശതമാനം വ്യത്യാസമുണ്ടായിരുന്നു. എന്നാൽ, വിൽപനാനന്തര സേവനം മോഷമായത് ഒലക്ക് കനത്ത തിരിച്ചടിയായി. 800ൽ നിന്ന് 4000ത്തിലേക്ക് സ്റ്റോറുകൾ വർധിപ്പിച്ചിട്ടും ഒന്നാം സ്ഥാനത്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇക്കാലയളവിൽ ഒലയുടെ ഓഹരി വിലയും കൂപ്പുകുത്തി. പ്രഥമ ഓഹരി വിൽപനയിലെ (ഐ.പി.ഒ) വിലയേക്കാൾ 30 ശതമാനം നഷ്ടത്തിലാണ് നിലവിൽ വ്യാപാരം ചെയ്യപ്പെടുന്നത്.
അതേസമയം, ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ഏഥർ പതുക്കെയാണെങ്കിലും ഇലക്ട്രിക് വാഹന വിപണിയിലെ ഒന്നാമനാകാനുള്ള പാതയിലാണ്. ഈ വർഷം മേയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏഥർ 95 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. ഇനി പുതിയതായി പുറത്തിറക്കുന്ന ഇലക്ട്രിക് ബൈക്കിലും ചൈനയുടെ അപൂർവ ധാതുക്കൾ ഉപയോഗിക്കാതെയും സ്വന്തം ഫാക്ടറിയിൽ നിർമിച്ച ബാറ്ററി സെല്ലുകളിലുമാണ് ഒലയുടെ പ്രതീക്ഷ.