സ്പെഷ്യൽ എഡിഷന് ശേഷം ഇലക്ട്രിക് വകഭേദവും; ക്വിഡ് ഇ.വി ഉടൻ നിരത്തുകളിൽ!
text_fieldsറെനോ ക്വിഡ് ഇ.വി സ്പൈ ചിത്രം - കടപ്പാട്: weguideauto/instagram
ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോ ഇന്ത്യ രാജ്യത്ത് അവരുടെ ബെസ്റ്റ് സെല്ലിങ് വാഹനങ്ങളായ ട്രൈബർ, കൈഗർ എന്നീ മോഡലുകളുടെ ഫേസ് ലിഫ്റ്റിങ് ചെയ്ത വേരിയന്റുകൾ ഈയിടെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. കുറഞ്ഞ ബഡ്ജറ്റിൽ വിപണിയിൽ ലഭിക്കുന്ന 7 സീറ്റർ എം.പി.വി വാഹനമെന്ന നിലയിൽ നിരവധിപേരാണ് പുതിയ ട്രൈബർ സ്വന്തമാക്കിയത്. ഫേസ് ലിഫ്റ്റ് കഴിഞ്ഞുവന്ന കൈഗറിനും ഡിമാൻഡ് ഏറെയാണ്.
രാജ്യത്ത് പത്ത് വർഷം പൂർത്തീകരിച്ച റെനോ ക്വിഡിന് ഒരു ആനിവേഴ്സറി സെപ്ഷ്യൽ എഡിഷൻ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മോഡലിന്റെ ഇലക്ട്രിക് വകഭേദത്തിന്റെ സ്പൈ ചിത്രങ്ങൾ പുറത്തുവരുന്നത്. ഇതോടൊപ്പം പുതിയ മൂന്ന് മോഡലുകളും വിപണിയിൽ എത്തിക്കാൻ റെനോ ഇന്ത്യ ശ്രമിക്കുന്നതായി റിപോർട്ടുകൾ പറയുന്നു.
കമ്പനിയുടെ പുതിയ ജനറേഷൻ 'ഡസ്റ്റർ' പരീക്ഷണ ഓട്ടത്തിനിടയിൽ പലതവണ വാഹനപ്രേമികൾ കാണാൻ ഇടയായിട്ടുണ്ട്. അതിനിടയിലാണ് ക്വിഡ് ഇ.വിയുടെ സ്പൈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച 'ഡാസിയ സ്പ്രിങ്' ഇ.വിയോട് ഏറെ സാമ്യമുള്ളതാണ് ക്വിഡ് ഇ.വിയും.
പഴയ ക്വിഡ് മോഡലിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ഇലക്ട്രിക് മോഡലിന്റെ നിർമാണം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഐ.സി.ഇ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ക്വിഡ് ഇ.വി നിർമിക്കുന്നത്. മുൻവശത്ത് ഏറ്റവും മോഡേൺ ആയിട്ടുള്ള ഗ്രില്ലുകളോടൊപ്പം എൽ.ഇ.ഡി ഡേലൈറ്റ് റണ്ണിങ് ലാമ്പും സ്പൈ ചിത്രത്തിൽ കാണാം. പുതിയ റെനോ ലോഗോയിൽ ഹലോജൻ ഹെഡ്‍ലൈറ്റുകളും വൈ ഷേപ്പിൽ ഗ്രാഫിക്‌സോട് കൂടിയ ടൈൽ ലൈറ്റും ക്വിഡ് ഇ.വിയിൽ കാണാൻ സാധിക്കും.
ഉൾവശത്ത് 10-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, മൾട്ടിഫങ്ഷൻ സ്റ്റീയറിങ് വീൽ, ഏഴ് ഇഞ്ച് ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും സ്പൈ ചിത്രത്തിൽ കാണാം. ഡാസിയ സ്പ്രിങ് ഇ.വിയിൽ നൽകിയിട്ടുള്ള അതേ മോട്ടോർ സജ്ജീകരണമാകും ക്വിഡ് ഇ.വിയിൽ പ്രതീക്ഷിക്കുന്നത്. മുൻവശത്ത് 35 ലിറ്ററും പിൻവശത്ത് 308 ലിറ്ററും സ്റ്റോറേജ് സ്പേസ് ഡാസിയ സ്പ്രിങ് ഇ.വിക്കുണ്ട്.
26.8 kWh ബാറ്ററി പാക്കിൽ എത്തുന്ന ഡാസിയ സ്പ്രിങ് ഇ.വി ഒറ്റചാർജിൽ വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം (WLTP) അനുസരിച്ച് 220 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 11 kW എസി ചാർജറും 30 kW ഡിസി സൂപ്പർ ചാർജറും ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാവുന്നതാണ്. 2026 അവസാനമോ 2027 ആദ്യമോ ആകും ഷോറൂമുകളിൽ റെനോ ക്വിഡ് ഇ.വി എത്തിത്തുടങ്ങുക.