ക്രെറ്റ വിറ്റ കണക്ക് കേട്ടാൽ ആർക്കും ക്രേസ് തോന്നും
text_fieldsഇന്ത്യൻ കാർ വിപണി കൈയടക്കി വെച്ചിരിക്കുന്ന മാരുതി സുസുകി പഠിച്ച പണിയെല്ലാം നോക്കിയിട്ടും ഓവർടേക്ക് ചെയ്യാൻ ഹ്യുണ്ടായ് ക്രെറ്റ നിന്നുകൊടുത്തിട്ടില്ല. മിഡ് എസ്.യു.വി വിഭാഗത്തിലുള്ള ക്രെറ്റ വിറ്റ കണക്ക് കേട്ടാൽ മാരുതിക്ക് മാത്രമല്ല, ആർക്കും ക്രേസ് തോന്നും.
2015ൽ ഇന്ത്യൻ നിരത്തിലെത്തിയ ക്രെറ്റ ഇതുവരെ വിറ്റുതീർത്തത് 1,040,964 യൂനിറ്റാണ്. ക്രെറ്റക്കായി ആളുകൾ തിരക്ക് കൂട്ടുന്നത് കണ്ട് ഇതേ ഗണത്തിൽ മാരുതി സുസുകി ഗ്രാന്റ് വിറ്റാരയുമായും കിയ സെൽറ്റോസുമായും ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായും സ്ക്വാഡ കുഷാക്കുമായും ഫോക്സ്‍വാഗൺ ടൈഗണുമായും മത്സരത്തിനിറങ്ങിയിട്ടും അടുത്തെങ്ങുമെത്തിയിട്ടില്ല. ഇവർക്കൊപ്പമിറങ്ങിയ റെനോ ഡസ്റ്റർ കളം വിടുകയും ചെയ്തു.
2024ൽ മാസം ശരാശരി 15000 ക്രെറ്റയാണ് പുതുതായി നിരത്തിലേക്കിറങ്ങുന്നത്. 2023ൽ വിറ്റത് 1,57,311 യൂനിറ്റുകൾ. തൊട്ടടുത്ത എതിരാളിയായ മാരുതി സുസുകി ഗ്രാന്റ് വിറ്റാര വാങ്ങാനെത്തിയത് 1,13,387 പേരാണ്. കിയ സെൽറ്റോസ് 104,891 യൂനിറ്റും സ്കോർപിയോ എൻ, ക്ലാസിക് എന്നിവ ചേർന്ന് 121,420 യൂനിറ്റും വിറ്റു. 2024 ഏപ്രിൽ വരെ 60,393 ക്രെറ്റകളാണ് ആളുകൾ കൈയടക്കിയത്. ഇടക്ക് മുഖം മിനുക്കിയെത്തുമ്പോഴും പരാതിയൊന്നുമില്ലാതെ ഏത് തലമുറയിലുള്ളവരെയും വശീകരിക്കുമെന്നതാണ് ക്രെറ്റയുടെ മിടുക്ക്.