മഹീന്ദ്ര എക്സ്.ഇ.വി 9ഇ സ്വന്തമാക്കി എ.ആർ. റഹ്മാൻ; ഇനി സ്വന്തം ശബ്‌ദത്തിൽ വാഹനത്തിന്റെ അറിയിപ്പുകൾ കേൾക്കാം
text_fieldsഎ.ആർ റഹ്‌മാൻ സ്വന്തമാക്കിയ എക്സ്.ഇ.വി 9ഇ
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ എക്സ്.ഇ.വി 9ഇ സ്വന്തം ഗാരേജിൽ എത്തിച്ച് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. ഇന്ത്യയുടെ അഭിമാന വൈദ്യുതി വാഹനമായ എക്സ്.ഇ.വി 9ഇയുടെ വിവിധ അറിയിപ്പുകൾ, ഫങ്ഷണൽ സിഗ്‌നലുകൾ ഉൾപ്പെടെ 75ലേറെ ശബ്ദങ്ങൾ രചിക്കുന്നതിൽ എ.ആർ. റഹ്മാൻ മഹീന്ദ്രയെ സഹായിച്ചിട്ടുണ്ട്.
വാഹനത്തിന്റെ ലോഞ്ചിങിന് മുന്നോടിയായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ആർ. വേലുസ്വാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ റഹ്‌മാന് രണ്ട് ഇലക്ട്രിക് വാഹനങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. എ.ആർ. റഹ്‌മാനും ഈ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ, താരം ഇപ്പോഴാണ് എക്സ്.ഇ.വി 9ഇ സ്വന്തമാക്കുന്നത്.
വാഹനത്തിന്റെ ഏറ്റവും ഡിമാന്റുള്ള കളറായ ടാങ്കോ റെഡാണ് റഹ്‌മാൻ സ്വന്തമാക്കിയത്. നെബുല ബ്ലൂ, ഡീപ് ഫോറസ്റ്റ്, ഡെസേർട് മിസ്റ്റ്, റൂബി വെൽവെറ്റ്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയാണ് മറ്റ് നിറങ്ങൾ.
മഹീന്ദ്ര അവരുടെ സ്വന്തം 'ഇൻഗ്ലോ' പ്ലാറ്റ്‌ഫോമിൽ നിർമിച്ച വാഹനമാണ് എക്സ്.ഇ.വി 9ഇ. വാഹനത്തിന് രണ്ട് ബാറ്ററി ഓപ്ഷനുകളാണ് കമ്പനി നൽകിയിരിക്കുന്നത്. കൂടാതെ മികച്ച താപ സംരക്ഷണത്തിനും കൂടുതൽ കാലം ഊർജസ്വലതയോടെ നിലനിൽക്കുന്നതിനുമായി 'ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ്' ബാറ്ററികളാണ് വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഒറ്റചാർജിൽ 500 കിലോമീറ്ററോളം സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിന് 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.