ഗിയറുള്ളത് വേണോ? ഇല്ലാത്തത് വേണോ? ഓട്ടോമാറ്റിക് v/s മാന്വൽ
text_fieldsനിങ്ങളുടെ വാഹനം ഓട്ടോമാറ്റിക് ആണെന്ന് കണ്ടാൽ ഉടനെ വരുന്ന ഡയലോഗ് ‘ഓ, ഇതിലിപ്പോ എന്ത്, വീട്ടിൽ കസേരയിൽ ഇരിക്കുംപോലെ ചുമ്മാ ഇരുന്നാ പോരെ, ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് ഒരു ത്രിൽകിട്ടുമോ, തന്ത വൈബായല്ലേ, പണി എടുക്കാതെ ചുമ്മാ ഇരുന്നാ മതിയല്ലോ’ എന്നൊക്കെയാവും. എല്ലാം കഴിഞ്ഞ് സ്ഥിരം എപ്പിക് ഡയലോഗുകൂടി വരും ‘എന്നാ കിട്ടും മൈലേജ്? കംപ്ലയിന്റ് വന്നാ കാശ് കുറേയിറക്കണമെന്ന് കേട്ടല്ലോ...’ ഒരു തവണപോലും ഓട്ടോമാറ്റിക് വാഹനം ഓടിക്കാത്തവരാകും ഇത്തരം ഡയലോഗ് അടിച്ചുവിടുന്നവരിൽ കൂടുതലും. ട്രാഫിക് കുരുക്ക് അതിരൂക്ഷമായി തുടരുന്ന നമ്മുടെ റോഡുകളിൽ ചിലപ്പോഴൊക്കെ ഗിയറും ക്ലച്ചും ചവിട്ടി മടുത്തിരിക്കുമ്പോൾ മാന്വൽ വാഹനമോടിക്കുന്നവർക്ക് പോലും ഓട്ടോമാറ്റിക് വാഹനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ തോന്നാം. അതുപോലെയാണ് നമ്മുടെ നാട്ടിലെ വാഹന പെരുപ്പവും അതിനനുസരിച്ച് വലുപ്പം കൂടാത്ത, കുഴികൾ നികത്താത്ത ഹമ്പും ഡിപ്പും പാച്ച് വർക്കും കട്ടിങ്ങും നിറഞ്ഞ റോഡുകളുടെയും അവസ്ഥ.
ഡ്രൈവിങ്ങിന്റെ ആ ഒരു എക്സ്ട്രീം ഫീലും ക്ലച്ച് ചവിട്ടി ഗിയർ ഷിഫ്റ്റ് ചെയ്തുള്ള കുതിപ്പും പവർ എടുക്കുന്നത് അനുഭവവേദ്യമാകുന്നത് അറിയുമ്പോഴുള്ള സന്തോഷവുമാണ് പരമ്പരാഗത മാന്വൽ വാഹനങ്ങളെ പ്രിയങ്കരമാക്കുന്നത്. ഡ്രൈവർതന്നെ എല്ലാം ചെയ്ത് വിഹരിക്കുന്ന മേഖലയാണെന്ന് മാന്വലിനെ വിശേഷിപ്പിക്കാം. രണ്ട് വിഭാഗത്തിനും ആരാധകരുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് ഓരോരുത്തർക്കും തീരുമാനമെടുക്കാം തങ്ങൾക്ക് എത് വാഹനമാണ് യോജിച്ചതെന്ന്. അല്ലാതെ അതാണ് നല്ലത്, ഇത് കൊള്ളില്ല എന്ന തർക്കത്തിന്റെയൊന്നും ഒരാവശ്യവുമില്ല.
.