Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറേഞ്ച് വർധിപ്പിച്ചു,...

റേഞ്ച് വർധിപ്പിച്ചു, ചാർജിങ് സമയം കുറച്ചു; ബാറ്ററിയിൽ കരുത്തുകാട്ടി 'ഏഥർ എനർജി'

text_fields
bookmark_border
Ather Energy 450 and Rista electric scooters
cancel
camera_alt

ഏഥർ എനർജി '450', റിസ്‍ത' ഇലക്ട്രിക് സ്കൂട്ടറുകൾ

കൊച്ചി: ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി ഇലക്ട്രിക് വാഹന വിപണിയിൽ കൂടുതൽ ശക്തരാകുന്നതിന്റെ ഭാഗമായി ബാറ്ററിയിൽ പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു. ജനപ്രിയ മോഡലുകളായ 'റിസ്‍ത' (Rizta), '450' സീരീസുകളിലാണ് കമ്പനി നിർണായകമായ പരിഷ്കാരങ്ങൾ വരുത്തിയത്. ഇതോടെ കൂടുതൽ മികച്ച പ്രകടനവും വേഗതയേറിയ ചാർജിങ്ങും ഉറപ്പാക്കാൻ പുതിയ മോഡലുകൾക്ക് സാധിക്കും.

ഏഥറിന്റെ കുടുംബ സ്‌കൂട്ടറായി അറിയപ്പെടുന്ന റിസ്‍തയിൽ ആദ്യമായാണ് ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽ.എഫ്.പി) ബാറ്ററികൾ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയും ബാറ്ററിക്ക് ദീർഘകാല ആയുസും ഉറപ്പാക്കാൻ കമ്പനിക്ക് സാധിക്കുന്നു. ഉയർന്ന താപനിലയെയും മറ്റും പ്രതിരോധിക്കാനുള്ള എൽ.എഫ്.പി ബാറ്ററികളുടെ കഴിവ് കൂടുതൽ മികച്ച പ്രവർത്തനക്ഷമത നൽകും.

നിലവിൽ റിസ്‍ത സീരീസിൽ എൽ.എഫ്.പി, നിക്കൽ മാംഗനീസ് കൊബാൾട്ട് (എൻ.എം.സി) എന്നീ രണ്ട് തരം ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ്. നേരത്തെയുണ്ടായിരുന്ന 2.9 kWh ബാറ്ററി പാക്കിന് പകരം ഇപ്പോൾ 2.7 kWh എൽ.എഫ്.പി ബാറ്ററി പക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. എങ്കിലും, സ്കൂട്ടറിന്റെ ഐ.ഡി.സി റേഞ്ച് 123 കിലോമീറ്ററായി തന്നെ തുടരുന്നു. വലിയ ബാറ്ററി വേരിയന്റുകളിൽ 3.7 kWhന് പകരം 3.5 kWh എൻ.എം.സി ബാറ്ററി പക്കാണ് കമ്പനി നൽകുന്നത്. കപ്പാസിറ്റിയിൽ നേരിയ കുറവുണ്ടെങ്കിലും, റേഞ്ച് 159 കിലോമീറ്ററിൽ നിന്ന് 161 കിലോമീറ്ററായി ഉയർത്താൻ ഏഥറിന് സാധിച്ചു.

സ്പോർട്ടി പെർഫോമൻസിന് പേരുകേട്ട 450S, 450X മോഡലുകളിലെ 3.7 kWh ബാറ്ററി പാക്കുകൾ 3.5 kWh ലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ, മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ റേഞ്ച് 159 കിലോമീറ്ററിൽ നിന്ന് 161 കിലോമീറ്ററായി വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു. കൂടാതെ, വലിയ ബാറ്ററി വേരിയന്റുകളുള്ള സ്കൂട്ടറുകളിൽ ഇനി മുതൽ 900W ശേഷിയുള്ള പുതിയ ചാർജറുകൾ ലഭിക്കും. പഴയ 700W ചാർജറുകൾക്ക് പകരമായാണ് ഇവ വരുന്നത്. ഇതോടെ, 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ നേരത്തെ എടുത്തിരുന്ന 4 മണിക്കൂർ 30 മിനിറ്റ് എന്ന സമയം വെറും 3 മണിക്കൂർ 12 മിനിറ്റായി ചുരുക്കാൻ കമ്പനിക്ക് സാധിച്ചു.

ബാറ്ററിയുടെ വലിപ്പത്തിൽ മാറ്റം വരുത്തിയെങ്കിലും സ്കൂട്ടറുകളുടെ പ്രകടനത്തിലോ, വിലയിലോ, വാറന്റിയിലോ യാതൊരു വ്യത്യാസവും കമ്പനി വരുത്തിയിട്ടില്ല എന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. സപ്ലൈ ചെയിൻ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കൂടുതൽ കാര്യക്ഷമമായ ബാറ്ററികൾ അവതരിപ്പിക്കുക എന്നതും ഇതിലൂടെ ഏഥർ ലക്ഷ്യമിടുന്നുണ്ട്. മികച്ച സുരക്ഷയും പ്രവർത്തനക്ഷമതയും ഒത്തുചേരുന്ന ഈ മാറ്റങ്ങൾ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഏഥറിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

Show Full Article
TAGS:Ather Energy Electric Scooter Electric Vehicle Auto News Latest News 
News Summary - Ather Energy boosts battery life increases range and reduces charging time
Next Story