ഓട്ടോമാറ്റിക് കാറും, ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാം
text_fieldsതിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയറുള്ള കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. മോട്ടോർസൈക്കിൾ വിത്ത് ഗിയർ ലൈസൻസ് എടുക്കാൻ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ,15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, വാഹനങ്ങളിൽ ഡാഷ്‌ബോര്‍ഡ് കാമറ സ്ഥാപിക്കണം തുടങ്ങിയ തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ നിന്ന് ഒഴിവാക്കി. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ഈ ഭേദഗതി. നേരത്തെ, ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കി സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഹൈകോടതി ഭാഗികമായി റദ്ദാക്കിയിരുന്നു.
അതേസമയം, പരിവാഹൻ പോർട്ടലിൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന അറിയിപ്പ് തട്ടിപ്പല്ലെന്ന് കേരള മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ലൈസൻസ് ഉടമകൾക്ക് parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന മാത്രമേ മൊബൈൽ നമ്പർ ചേർക്കാനും പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യാനും സാധിക്കുകയുള്ളു. എന്നാൽ പരിവാഹൻ വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങൾ വഴി നമ്പർ ചേർക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.