ഇ.വി വിപണിയിൽ ഒട്ടും പിന്നിലേക്കില്ലാതെ ബജാജ്; വിൽപ്പനയിൽ റെക്കോഡ് നേട്ടത്തിൽ ചേതക്
text_fieldsബജാജ് ചേതക്
ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ കുതിപ്പ് തുടർന്ന് ബജാജ് ചേതക്. 2020 ജനുവരിയിൽ നിരത്തുകളിൽ എത്തിയ ഇ.വി സ്കൂട്ടർ അഞ്ച് വർഷം തികയുമ്പോൾ അഞ്ച് ലക്ഷം യൂനിറ്റ് എന്ന റെക്കോഡ് നേട്ടത്തിൽ ജൈത്രയാത്ര തുടരുകയാണ്. മൊത്തം വിൽപ്പനയുടെ 40 ശതമാനം (2,06,366 യൂനിറ്റ്) കമ്പനി വിറ്റഴിച്ചത് 2024 നവംബർ മുതലുള്ള പത്തുമാസം കൊണ്ടാണെന്നുള്ളതും ശ്രദ്ധേയമാണ്.
വിൽപ്പന ആരംഭിച്ച് അഞ്ച് വർഷംകൊണ്ട് 5,10,000 യൂനിറ്റ് ഇ.വി സ്കൂട്ടറുകളാണ് ബജാജ് രാജ്യത്തെ നിരത്തുകളിൽ എത്തിച്ചത്. അപൂർവ ലോഹങ്ങളുടെ ക്ഷാമം നിർമാണ മേഖലയിൽ ചേതക്കിനെയും ബാധിച്ചിരുന്നു. എന്നാലും രാജ്യത്തെ ബെസ്റ്റ് സെല്ലിങ് ഇ.വി സ്കൂട്ടറുകളിൽ ചേതക് എന്നും മികച്ച സ്ഥാനം നിലനിർത്തിയിരുന്നു. രാജ്യത്തുടനീളം 3,800 ടച്ച്പോയിന്റുകളും വലിയ സർവീസ് ശൃംഖലയുമാണ് ബജാജ് ചേതക്കിന് വലിയൊരു വിപണി തുറന്നുകൊടുത്തത്.
ഇലക്ട്രിക് ഇരുചക്ര നിർമാതാക്കളായ ബജാജ്, നാല് വേരിയന്റുകൾ ചേതക്കിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാല് വേരിയന്റുകൾ രണ്ട് ബാറ്ററി പാക്കിലായാണ് വിപണിയിൽ എത്തിയത്. ബജാജ് ചേതക് 3001, 3kWh ബാറ്ററി പാക്കിലും 3501, 3502, 3503 മോഡലുകൾ 3.5kWhന്റെ വലിയ ബാറ്ററി പാക്കിലുമായാണ് എത്തുന്നത്. ചേതക്ക് മോഡലിന്റെ പ്രാരംഭ എക്സ് ഷോറൂം വില 99,900 രൂപയും ഏറ്റവും ടോപ്-ഏൻഡ് വകഭേദത്തിന് 1.35 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ബാറ്ററി ഓപ്ഷനുകൾ അടിസ്ഥാനമാക്കി ഒറ്റചാർജിൽ ആദ്യ പാക്കിന് 127 കിലോമീറ്ററും രണ്ടാമത്തെ പാക്കിന് 153 കിലോമീറ്ററും റേഞ്ച് ബജാജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 12 ഇഞ്ച് അലോയ്-വീൽസ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക് (ചില വകഭേദത്തിന് മുൻവശത്തും ഡ്രം ബ്രേക്ക്), റിയർ ഡ്രം ബ്രേക്ക്, ടി.എഫ്.ടി ടച്ച്സ്ക്രീൻ, റിവേഴ്‌സ് മോഡ്, സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകളായ ബ്ലൂടൂത്ത്, നാവിഗേഷൻ എന്നിവയോടൊപ്പം 35 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസും ചേതക്കിനുണ്ട്.