ഇന്ത്യയിലെ മികച്ച ഡ്രൈവർക്കുള്ള പുരസ്കാരം കെ.എസ്.ആർ.ടി.സിയിലെ അനീഷ് കുമാറിന്
text_fieldsകുന്ദമംഗലം: ഇന്ത്യയിലെ മികച്ച ഡ്രൈവർമാർക്ക് നൽകുന്ന ദേശീയ റോഡ് സുരക്ഷ പുരസ്കാരം നേടി കുന്ദമംഗലം സ്വദേശി അനീഷ് കുമാർ പുതിയറക്കൽ നാടിന്റെ അഭിമാനമായി. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറാണ് അനീഷ് കുമാർ.പൊതുഗതാഗത ബസുകൾ ഓടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ തടയാനും സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കാനും ദേശീയതലത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റൺ ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്സ് (എ.എസ്.ആർ.ടി.യു) ആണ് മികച്ച ഡ്രൈവർമാരെ കണ്ടെത്തി ആദരിച്ചത്. അനീഷ് കുമാറിനെ കൂടാതെ അബ്ദുൽ റഷീദ് എന്ന ഡ്രൈവർക്കാണ് കേരളത്തിൽനിന്ന് അവാർഡ് ലഭിച്ചത്. കെ.എസ്.ആർ.ടി.സിക്ക് ഇത് അഭിമാനാർഹമായ നേട്ടമാണ്.
അനീഷ് കുമാർ കെ.എസ്.ആർ.ടി.സിയിൽ ഓടിച്ച ബസുകളിലെല്ലാം ലിറ്ററിന് അഞ്ചിൽ കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നുവെന്നതാണ് പ്രത്യേകത. ലക്ഷങ്ങളാണ് ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ലാഭിക്കാനായത്. ഒരു സർവിസിൽതന്നെ 60 ലിറ്റർ വരെ ഡീസൽ അദ്ദേഹം ലാഭിച്ചിട്ടുണ്ട്. പ്രതിദിന ബസ് കലക്ഷനിലും മറ്റുള്ളവരെക്കാൾ മുന്നിലാണ് അനീഷ് കുമാർ ഓടിക്കുന്ന ബസുകൾ. ലോറി ഡ്രൈവറായി ജോലി ആരംഭിച്ച അനീഷ് കുമാർ പിന്നീട് സ്വകാര്യ ബസിലും ജോലി ചെയ്തിട്ടുണ്ട്. 13 വർഷമായി കെ.എസ്.ആർ.ടി.സിയിലാണ്. തിരുവനന്തപുരം പൂവാർ ഡിപ്പോയിലാണ് ജോലിക്ക് കയറിയത്. കോഴിക്കോട്, പാറശ്ശാല, നെടുമങ്ങാട്, പൊന്നാനി തുടങ്ങിയ ഡിപ്പോകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി എം.ഡി കേരളത്തിലെ എല്ലാ ഡിപ്പോയിലേക്കും സർക്കുലർ അയച്ച് എല്ലായിടത്തുനിന്നുമുള്ള അപേക്ഷകൾ പരിഗണിച്ചശേഷമാണ് കേരളത്തിലെ മികച്ച രണ്ട് ഡ്രൈവർമാരിൽ ഒരാളായി അനീഷ് കുമാറിനെ തിരഞ്ഞെടുത്തത്. കോഴിക്കോട് ഡിപ്പോയിൽ ജോലി ചെയ്ത സമയത്ത് എല്ലാ ട്രിപ്പിലും കിലോമീറ്റർ പെർ ലിറ്റർ അലവൻസ് (കെ.എം.പി.എൽ) വാങ്ങിയിട്ടുണ്ട്. ഈ വിഭാഗത്തിൽ മാത്രം ലക്ഷത്തിന് മുകളിൽ അലവൻസ് വാങ്ങിയ വ്യക്തിയാണ്. 2019ൽ നെടുമങ്ങാട് ഡിപ്പോയിൽനിന്ന് മെച്ചപ്പെട്ട ഇന്ധനക്ഷമത നേടി കോർപറേഷന് സാമ്പത്തിക നേട്ടം ഉണ്ടാക്കി മാതൃകയായ ഡ്രൈവിങ്ങിന് അനീഷ് കുമാറിന് കെ.എസ്.ആർ.ടി.സിയുടെ അഭിനന്ദനപത്രം ലഭിച്ചിട്ടുണ്ട്. ഭാര്യ: വിജി. മക്കൾ: അഥീന പുതിയറക്കൽ, അദിതി പുതിയറക്കൽ.
ദേശീയ അംഗീകാരം ലഭിച്ച അനീഷ് കുമാറിന് ജന്മനാട്ടിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ സി.എം. ബൈജു, സദാനന്ദൻ പാറോക്കണ്ടി, എം.പി. അശോകൻ, കെ.പി. സത്യൻ, ടി. ഷനോജ്, സി.എം. സുന്ദരൻ, ടി.പി. മുരളീധരൻ, ടി.കെ. ഹാരിസ്, ടി.വി. ഹമീദ്, കെ.സി. അബ്ദുറസാഖ് തുടങ്ങിയവർ സംബന്ധിച്ചു.


