കൂടുതൽ കരുത്തിനൊപ്പം മികച്ച മൈലേജ്! 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിന്റെ റേഞ്ച് പുറത്തുവിട്ട് കമ്പനി
text_fieldsപുതിയ റെനോ ഡസ്റ്റർ
2022 ഫെബ്രുവരിയിൽ നിർമാണം അവസാനിപ്പിച്ച് വിപണിയിൽ നിന്നും പിൻവാങ്ങിയപ്പോൾ റെനോ ഡസ്റ്ററിന് 2026ൽ ഒരു തിരിച്ചുവരവ് എസ്.യു.വി പ്രേമികൾ പ്രതീക്ഷിച്ച് കാണില്ല. 2012 ജൂലൈ മാസത്തിൽ വിപണിയിൽ എത്തിയ വാഹനം ഒരു പതിറ്റാണ്ട് കാലത്തോളം വിപണിയിൽ ആധിപത്യം പുലർത്തിയ ശേഷമാണ് നിർമാണം അവസാനിപ്പിച്ചത്. സെക്കന്റ് ഹാൻഡ് മോഡലുകൾക്ക് വരെ ഉയർന്ന ഡിമാൻഡുള്ള ഡസ്റ്ററിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് വാഹനപ്രേമികൾ.
എസ്.യു.വി പ്രേമികൾ കാത്തിരുന്ന പുതിയ റെനോ ഡസ്റ്റർ 1.3 ലിറ്റർ ടർബോ പെട്രോൾ (TCe 160) എഞ്ചിന്റെ എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് വിവരങ്ങൾ റെനോ ഇന്ത്യ പുറത്തുവിട്ടു. മികച്ച പെർഫോമൻസിനൊപ്പം ഇന്ധനക്ഷമതക്കും മുൻഗണന നൽകിയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്.
പുതിയതായി എത്തിയ ഡസ്റ്ററിന്റെ ഓട്ടോമാറ്റിക്, മാനുവൽ പതിപ്പുകൾ മികച്ച മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. DCT ഓട്ടോമാറ്റികുമായി ജോടിയിണക്കിയ എൻജിൻ ലിറ്ററിൽ 18.45 കിലോമീറ്റർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയിണക്കിയ എൻജിൻ ലിറ്ററിൽ 17.75 കിലോമീറ്ററാണ് വാഗ്‌ദാനം ചെയ്യുന്നത്. എസ്.യു.വി സെഗ്‌മെന്റിൽ കരുത്തിനൊപ്പം മികച്ച ഇന്ധനക്ഷമതയും ഉറപ്പുനൽകുന്ന ഡസ്റ്റർ വിപണിയിൽ തരംഗമാകും എന്നതിൽ സംശയമില്ല.
ഈ സെഗ്‌മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ എഞ്ചിനുകളിലൊന്നാണ് ഡസ്റ്ററിലേത്. 163 എച്ച്.പി കരുത്തും 280 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റർ എഞ്ചിനിൽ അഡ്വാൻസ്ഡ് ലോ-ഫ്രിക്ഷൻ കോട്ടിങ്, ഹൈ-പ്രഷർ ഫ്യുവൽ ഇഞ്ചക്ഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ റൈഡും ഹാൻഡ്‌ലിങ്ങും ക്രമീകരിച്ചിരിക്കുന്നതെന്ന് റെനോ എൻജിനീയറിങ് ചീഫ് ഡോ. വി. വിക്രമൻ വ്യക്തമാക്കി.
1.3 ലിറ്റർ ടർബോ പെട്രോളിന് പുറമെ മറ്റ് രണ്ട് ഓപ്ഷനുകൾ കൂടി ഡസ്റ്ററിൽ റെനോ സജ്ജീകരിച്ചിട്ടുണ്ട്. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 100 ബി.എച്ച്.പി കരുത്തും 160 എൻ.എം ടോർക്കും ഉത്പാദിപ്പിച്ച് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയിണക്കുന്നു. രണ്ടാമതായി എത്തുന്ന 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ ഇലക്ട്രിക് മോട്ടോറിനൊപ്പം ഹൈബ്രിഡ് പതിപ്പായി 2026 ദീപാവലിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ എക്സ് ഷോറൂം വില വരുന്നത്. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടാറ്റ സിയറ തുടങ്ങിയ വമ്പൻമാരുമായാണ് ഡസ്റ്റർ പ്രധാനമായും മത്സരിക്കുന്നത്.


