ഇനി സുരക്ഷിതമാക്കാം ഓരോ യാത്രയും; പുതിയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷിതമായ വാഹനങ്ങൾ...
text_fieldsപ്രതീകാത്മക ചിത്രം
യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ രാജ്യത്ത് നടപ്പിലാക്കി വരുന്ന ക്രാഷ് ടെസ്റ്റുകളാണ് ഭാരത്, ഗ്ലോബൽ എൻ.സി.എ.പി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) ടെസ്റ്റ്. ജനങ്ങളുടെ ജീവന് കൂടുതൽ സുരക്ഷ നൽകാൻ വാഹനനിർമാതാക്കൾക്ക് ഉത്തരവാദിത്വമുണ്ട്. അതിന്റെ ഭാഗമായി 2022 ജൂലൈ മുതൽ നടപ്പിലാക്കിയ പുതിയ ക്രാഷ് ടെസ്റ്റ് പ്രോട്ടോകാൾ പ്രകാരം ഇടി പരീക്ഷണത്തിൽ പങ്കെടുത്ത വാഹനങ്ങളുടെ പേര് വിവരങ്ങളും അവ നേടിയ പോയിന്റും താഴെ നൽകിയിരിക്കുന്നു.
മാരുതി സുസുക്കി വിക്ടോറിസ് - 5 സ്റ്റാർ സുരക്ഷ (33.72 പോയിന്റ്)
2025 സെപ്റ്റംബറിൽ പുറത്തുവിട്ട റിസൾട്ട്
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്ന വാഹനമെന്ന നേട്ടം ഇനി മാരുതി സുസുക്കിയുടെ വിക്ടോറിസിന് സ്വന്തം. മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 33.72 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 41 പോയിന്റും നേടി, 5 സ്റ്റാർ റേറ്റിങ് സുരക്ഷ വിക്ടോറിസ് വാഗ്‌ദാനം ചെയ്യുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് ഡിസ്ട്രിബൂഷനോട് കൂടെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ട്രാക്ഷൻ കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, 3 പോയിന്റ് സീറ്റ് ബെൽറ്റ് എന്നിവ വിക്ടോറിസിൽ മാരുതി നൽകിയിട്ടുണ്ട്.
ടാറ്റ ഹാരിയർ/സഫാരി - 5 സ്റ്റാർ സുരക്ഷ (33.05 പോയിന്റ്)
2023 ഒക്ടോബറിൽ പുറത്തുവിട്ട റിസൾട്ട്
ഇന്ത്യൻ വാഹനനിർമാതാക്കളിൽ ഏറ്റവും വിശ്വസ്തയുള്ള ബ്രാൻഡാണ് ടാറ്റ. ടാറ്റായുടെ ഹാരിയർ, സഫാരി എന്നീ മോഡലുകളും ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 33.05 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 45 പോയിന്റും നേടിയാണ് ടാറ്റ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ കൈവരിച്ചത്. സഫാരിയിലും ഹാരിയറിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എല്ലാ സീറ്റുകളിലും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് ഡിസ്ട്രിബൂഷനോട് കൂടെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ടയർ മോണിറ്ററിങ് സിസ്റ്റം എന്നിവ ടാറ്റ നൽകിയിട്ടുണ്ട്.
നിസാൻ മാഗ്‌നൈറ്റ് - 5 സ്റ്റാർ സുരക്ഷ (32.31 പോയിന്റ്)
2025 ജൂലൈയിൽ പുറത്തുവിട്ട റിസൾട്ട്
ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ മോട്ടോഴ്സിന്റെ നിലവിലെ ജനപ്രിയ വാഹനമായ മാഗ്‌നൈറ്റും ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 32.31/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 33.64/49 പോയിട്ടും നേടിയാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യ ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ് നേടിയതിൽ തൃപ്തി വരാത്ത കമ്പനി മാഗ്‌നൈറ്റിനെ വീണ്ടും പരീക്ഷണത്തിന് വിധേയമാക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്റ്റാൻഡേർഡായി ആറ് എയർബാഗുകളോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോളും മാഗ്‌നൈറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.
ടാറ്റ നെക്‌സോൺ - 5 സ്റ്റാർ സുരക്ഷ (32.22 പോയിന്റ്)
2024 ഫെബ്രുവരിയിൽ പുറത്തുവിട്ട റിസൾട്ട്
ടാറ്റ മോട്ടോഴ്സിന്റെ 5 സ്റ്റാർ സുരക്ഷ നേടിയ മറ്റൊരു എസ്.യു.വി വാഹനമാണ് നെക്‌സോൺ. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 32.22/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 44.52/49 പോയിന്റും നെക്‌സോൺ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ആദ്യം ക്രാഷ് ടെസ്റ്റ് നടത്തിയ വാഹനങ്ങളിൽ ഒരെണ്ണം ടാറ്റായുടെ നെക്‌സോൺ ആണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, സീറ്റ് ബെൽറ്റ് റീമൈൻഡർ എന്നിവ നെക്‌സോണിൽ നൽകിയിട്ടുണ്ട്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ - 5 സ്റ്റാർ സുരക്ഷ (31.24 പോയിന്റ്)
2024 നവംബറിൽ പുറത്തുവിട്ട റിസൾട്ട്
മാരുതി സുസുകി മോട്ടോഴ്സിൽ നിന്നും 5 സ്റ്റാർ സുരക്ഷ നേട്ടം ആദ്യം കൈവരിച്ച മോഡലാണ് സ്വിഫ്റ്റ് ഡിസയർ. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 31.24/32 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 39.20/49 പോയിന്റും ഡിസയർ നേടി. മാരുതി അവരുടെ എല്ലാ വാഹനങ്ങളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ കൊണ്ടുവന്നതിൽ ആദ്യം നടപ്പിലാക്കിയ വാഹനവും സ്വിഫ്റ്റ് ഡിസയറാണ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് ഡിസ്ട്രിബൂഷനോട് കൂടെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ മാരുതി സ്വിഫ്റ്റ് ഡിസയറിന് നൽകിയിട്ടുണ്ട്.
ഫോക്സ്‌വാഗൺ വിർട്ടസ്/സ്കോഡ സ്ലാവിയ - 5 സ്റ്റാർ സുരക്ഷ (29.71 പോയിന്റ്)
2023 ഏപ്രിലിൽ പുറത്തുവിട്ട റിസൾട്ട്
ജർമൻ വാഹനനിർമാതാക്കളായ ഫോക്സ്‍വാഗണിന്റെ വിർട്ടസും ചെക്ക് റിപ്പബ്ലിക്ക് ബ്രാൻഡായ സ്‌കോഡയുടെ സ്ലാവിയയും ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയ സെഡാൻ വാഹനങ്ങളാണ്. വിർട്ടസും സ്‌കോഡയും മുതിർന്നവരുടെ സുരക്ഷയിൽ 29.71/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 42/49 പോയിന്റും നേടിയിട്ടുണ്ട്. ഇരു മോഡലുകളിലും ഡ്യൂവൽ എയർബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ എന്നിവ നൽകിയിട്ടുണ്ട്.
ഫോക്സ്‌വാഗൺ ടൈഗൂൺ/സ്കോഡ കുഷാഖ് - 5 സ്റ്റാർ സുരക്ഷ (29.64 പോയിന്റ്)
2022 ഒക്ടോബറിൽ പുറത്തുവിട്ട റിസൾട്ട്
ഏറെ സാമ്യതയുള്ള ഡിസൈനുമായാണ് ഫോക്സ്‌വാഗൺ ടൈഗൂണും സ്കോഡ കുഷാഖും വിപണിയിൽ എത്തിയത്. ഫോക്സ്‍വാഗണിന്റെയും സ്‌കോഡയുടെയും ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ ആദ്യ 5 സ്റ്റാർ സുരക്ഷ നേടിയ രണ്ട് മോഡലുകളാണ് ടൈഗൂണും കുഷാഖും. മുതിർന്നവരുടെ സുരക്ഷയിൽ 29.64/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 42/49 പോയിന്റും ഇരു മോഡലുകളും നേടി. സ്റ്റാൻഡേർഡ് സേഫ്റ്റി കിറ്റോടുകൂടെ രണ്ട് എയർബാഗുകൾ, ഇലക്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ തുടങ്ങിയ ഫീച്ചറുകളും ഇരു മോഡലുകളിലും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹീന്ദ്ര സ്കോർപിയോ എൻ - 5 സ്റ്റാർ സുരക്ഷ (29.25 പോയിന്റ്)
2023 ഡിസംബറിൽ പുറത്തുവിട്ട റിസൾട്ട്
രാജ്യത്തെ വാഹനപ്രേമികൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ജനപ്രിയ വാഹനനിർമാതാക്കളാണ് മഹീന്ദ്ര. സ്കോർപിയോ ക്ലാസിക്കിൽ നിന്നും പ്രചോദനം ഉൾകൊണ്ട് മഹീന്ദ്ര നിർമിച്ച പുതിയ തലമുറ എസ്.യു.വിയാണ് സ്കോർപിയോ എൻ. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ കൈവരിച്ച് തലയെടുപ്പോടെയാണ് വാഹനം വിപണിയിൽ തിളങ്ങുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 29.25/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 28.93/49 പോയിന്റും സ്കോർപിയോ എൻ നേടിയിട്ടുണ്ട്. വാഹനത്തിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്‌ഫോഴ്‌സ് ഡിസ്ട്രിബൂഷനോട് കൂടെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹ്യുണ്ടായ് വെർന - 5 സ്റ്റാർ സുരക്ഷ (28.18 പോയിന്റ്)
2023 ഒക്ടോബറിൽ പുറത്തുവിട്ട റിസൾട്ട്
രാജ്യത്ത് ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ 5 സ്റ്റാർ സുരക്ഷയുള്ള സെഡാൻ വാഹനമാണ് വെർന. ഈ സെഡാനിലും ആറ് എയർബാഗുകൾ ഹ്യുണ്ടായ് നൽകിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ ഫീച്ചറുകളും വെർനയിൽ ഹ്യുണ്ടായ് സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 28.18/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 42/49 പോയിന്റും കരസ്ഥമാക്കി 5 സ്റ്റാർ സുരക്ഷയിൽ തിളങ്ങുന്ന ഹ്യുണ്ടായുടെ പ്രീമിയം സെഡാൻ മോഡലാണ് വെർന.
കിയ കാരൻസ് - 3 സ്റ്റാർ സുരക്ഷ (22.07 പോയിന്റ്)
2024 ഏപ്രിലിൽ പുറത്തുവിട്ട റിസൾട്ട്
കിയ മോട്ടോർസ് ഇന്ത്യയിൽ പ്രീമിയം സെവൻ സീറ്റർ എം.പി.വി സെഗ്‌മെന്റിൽ നിരത്തിലിറക്കുന്ന മോഡലാണ് കാരൻസ്. കാരൻസിന് ക്ലാവിസ് എന്നൊരു പുതിയ മോഡലും ക്ലാവിസിന് ഒരു ഇലക്ട്രിക്ക് മോഡലും കിയ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ 2024 ഏപ്രിൽ നടന്ന ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ കാരൻസിന് 5 സ്റ്റാർ സുരക്ഷ നേടാൻ സാധിച്ചിട്ടില്ല. മുതിർന്നവരുടെ സുരക്ഷയിൽ 22.07/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 41/49 പോയിന്റും നേടി 3 സ്റ്റാർ സുരക്ഷയിലാണ് കിയ കാരൻസ് നിരത്തുകളിൽ എത്തുന്നത്. എന്നിരുന്നാലും ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, റിയർ പാർക്കിങ് സെൻസർ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, റിയർ ഡിസ്ക് ബ്രേക്ക്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് എന്നീ ഫീച്ചറുകൾ കിയ കാരൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോണ്ട അമേസ് - 2 സ്റ്റാർ സുരക്ഷ (27.85 പോയിന്റ്)
2024 ഏപ്രിലിൽ പറത്തുവിട്ട റിസൾട്ട്
ജനപ്രിയ ജാപ്പനീസ് വാഹനമായ ഹോണ്ട അമേസ് ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ 2 സ്റ്റാർ സുരക്ഷയുമായാണ് വിപണിയിൽ എത്തുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 27.85/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 8.58/49 പോയിന്റും നേടിയിട്ടുണ്ട്.
മാരുതി സുസുക്കി ആൾട്ടോ കെ10 - 2 സ്റ്റാർ സുരക്ഷ (21.67 പോയിന്റ്)
2023 ഏപ്രിലിൽ പുറത്തുവിട്ട റിസൾട്ട്
മാരുതിയുടെ ബെസ്റ്റ് സെല്ലിങ് വാഹനമായ ആൾട്ടോ കെ10 2 സ്റ്റാർ സുരക്ഷ റേറ്റിങ് നേടിയുട്ടുണ്ട്. ഇത് മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും എന്നാൽ വാഹനത്തിന് ലഭിക്കുന്ന റേഞ്ച് അനുസരിച്ച് ജനങ്ങൾ കൂടുതായി വാങ്ങുന്ന ഒരു 5 സീറ്റർ വാഹനവുമാണിത്. മുതിർന്നവരുടെ സുരക്ഷയിൽ 21.67/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 3.52/49 പോയിന്റുമാണ് ആൾട്ടോ കെ10 നേടിയത്.
മഹീന്ദ്ര ബൊലേറോ നിയോ - 1 സ്റ്റാർ സുരക്ഷ (20.26 പോയിന്റ്)
2024 ഏപ്രിലിൽ പുറത്തുവിട്ട റിസൾട്ട്
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ബ്രാൻഡ് നാമം വാനോളം ഉയർത്തിയ ജനപ്രിയ എസ്.യു.വിയാണ് ബൊലേറോ. ഇതിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ബൊലേറോ നിയോ. മഹീന്ദ്രയുടെ ടി.യു.വി മോഡലിന് ബൊലേറോ നിയോ എന്ന നാമകരണം ചെയ്തതാണെന്ന് പല കോണിൽനിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ ഈ വാഹനം പരമ്പരാഗത ബൊലേറോ മോഡലിനെ അപേക്ഷിച്ച് വിൽപ്പനയിൽ വലിയ ഇടിവാണ് നേരിട്ടത്. ഒരു പക്ഷെ വിൽപ്പനയിലെ അതെ ഇടിവ് സുരക്ഷയിലും ബൊലേറോ നിയോ നേരിട്ടു. ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ 1 സ്റ്റാർ സുരക്ഷ മാത്രമേ ഈ മോഡലിന് നേടാൻ സാധിച്ചൊള്ളു. മുതിർന്നവരുടെ സുരക്ഷയിൽ 20.26/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 12.71/49 പോയിന്റും മാത്രം നേടിയാണ് 1 സ്റ്റാർ സുരക്ഷ ഈ എസ്.യു.വി സ്വന്തമാക്കിയത്. ആധുനിക ഫീച്ചറുകളൊന്നും ഇല്ലാത്ത ബൊലേറോയിൽ രണ്ട് എയർബാഗുകൾ കമ്പനി നൽകിയിട്ടുണ്ട്.
മാരുതി സുസുക്കി എസ് പ്രസോ - 1 സ്റ്റാർ സുരക്ഷ (20.03 പോയിന്റ്)
2022 ഡിസംബറിൽ പുറത്തുവിട്ട റിസൾട്ട്
മാരുതി സുസുക്കി സെഗ്‌മെന്റിൽ സുരക്ഷ കുറഞ്ഞ മറ്റൊരു 5 സീറ്റർ വാഹനമാണ് എസ് പ്രസോ. മുതിർന്നവരുടെ സുരക്ഷയിൽ 20.03/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 3.52/49 പോയിന്റും മാത്രമാണ് എസ് പ്രസോ നേടിയത്. ഇത് 2022 ഡിസംബറിൽ നടന്ന ക്രാഷ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ്.
മാരുതി സുസുകി വാഗൺ ആർ - 1 സ്റ്റാർ സുരക്ഷ (19.69 പോയിന്റ്)
2023 ഏപ്രിലിൽ പുറത്തുവിട്ട റിസൾട്ട്
മാരുതി സുസുക്കിയുടെ 5 സീറ്റർ ഫാമിലി വാഹനമാണ് വാഗൺ ആർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന ചെറിയ കാർ സെഗ്‌മെന്റിൽ വാഗൺ ആർ എന്നും മുമ്പിലാണ്. പക്ഷേ സുരക്ഷയിൽ വാഹനം ഏറ്റവും പിന്നിലും. മുതിർന്നവരുടെ സുരക്ഷയിൽ 19.69/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 3.40/49 പോയിന്റും നേടി 1 സ്റ്റാർ സുരക്ഷ റേറ്റിങ് മാത്രമാണ് വാഗൺ ആറിനുള്ളത്. ഈ സുരക്ഷ റേറ്റിങ് 2023 ഏപ്രിൽ മാസത്തിലാണ് വാഹനം സ്വന്തമാക്കിയത്. എന്നിരുന്നാലും സുരക്ഷ വർധിപ്പിക്കാൻ 2025 ഏപ്രിലിൽ ആറ് എയർബാഗുകൾ കമ്പനി വാഗൺ ആറിന് നൽകിയിട്ടുണ്ട്.
സിട്രോൺ ഇസി3 - 0 സ്റ്റാർ സുരക്ഷ (20.86 പോയിന്റ്)
2024 മാർച്ചിൽ പുറത്തുവിട്ട റിസൾട്ട്
ഫ്രഞ്ച് വാഹനനിർമാതാക്കളായ സിട്രോണിന്റെ ഇസി3 മോഡലാണ് രാജ്യത്ത് ഒട്ടും സുരക്ഷിതമല്ലാത്ത 5 സീറ്റർ വാഹനം. സുരക്ഷയിൽ 0 റേറ്റിങ് ആണ് സിട്രോൺ ഇസി3 ക്കുള്ളത്. മുതിർന്നവരുടെ സുരക്ഷയിൽ 20.86/34 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 10.55/49 പോയിന്റും മാത്രമാണ് സിട്രോൺ ഇസി3 നേടിയത്