സഞ്ചരിക്കുന്ന കിലോമീറ്ററിന് മാത്രം ടോൾ; പോക്കറ്റ് കാലിയാവാതെ യാത്ര ചെയ്യാൻ പുതിയ ടോൾ പ്ലാനുമായി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പിലായാൽ സഞ്ചരിക്കുന്ന കിലോമീറ്ററിന് മാത്രം ടോൾ നൽകിയാൽ മതിയാകും. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ടോൾ ബൂത്തുകളിലും ഫാസ്ടാഗ്, കാമറകൾ എന്നിവ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം ഈടാക്കുന്നതോടെ സഞ്ചരിക്കുന്ന കിലോമീറ്ററിന് മാത്രം പണം നൽകിയാൽ മതിയാകും. ഇത് രാജ്യത്തുടനീളമുള്ള എക്സ്പ്രസ് വേയ്, ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് വലിയ ആശ്വാസമാകും.
ടോൾ ബൂത്തുകളിൽ സ്ഥാപിച്ച കാമറകൾ വഴി വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുകയും ബാങ്കിൽ നിന്നും നേരിട്ട് പണം ഈടാക്കുകയും ചെയ്യുന്നതാണ് പുതിയ ടോൾ പ്ലാൻ. ഇത് വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രം ടോൾ നൽകിയാൽ മതിയാകും. എന്നാൽ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ മതിയായ ബാങ്ക് ബാലൻസ് ഇല്ലെങ്കിൽ വാഹനത്തിന് പിഴ ലഭിക്കാനും വാഹനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടാനും സാധ്യതയുണ്ട്. ഈ ടോൾ പ്ലാനിന്റെ ഗുണഭോക്താക്കളാകാൻ നിലവിലെ ടോൾ നയമനുസരിച്ച് യാത്രക്കാർ കുറഞ്ഞത് 60 കിലോമീറ്ററെങ്കിലും യാത്രചെയ്യണം.
പുതിയ ടോൾ പ്ലാൻ നിലവിൽ വരുന്നതോടെ എക്സ്പ്രസ് വേയിലെയും ദേശീയ പാതകളിലെയും ടോൾ ബൂത്തുകളിലെ വലിയ തിരക്ക് കുറക്കാൻ സഹായിക്കുമെന്ന് സർക്കാർ അവക്ഷപെടുന്നു. ഒറ്റതവണ പണമടച്ചാൽ ഒരു വർഷത്തേക്ക് ദേശീയപാതകളിൽ ടോൾ കൊടുക്കാതെ പരിധിയില്ലാതെ സഞ്ചരിക്കാമെന്ന മറ്റൊരു ടോൾ നയവും മാസങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.


