വാണിജ്യതലത്തിൽ ഡ്രൈവറില്ലാ കാർ സർവിസ്
text_fieldsഅബൂദബി: ഡ്രൈവറില്ലാ കാറുകളുടെ വാണിജ്യതല പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് അബൂദബി. അബൂദബി മൊബിലിറ്റിയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ജനറല്‍ സെക്രട്ടേറിയറ്റ് ഓഫ് ദ കാബിനറ്റിനു കീഴിലെ യു.എ.ഇ റഗുലേഷന്‍സ് ലാബിന്റെ സഹകരണത്തോടെ സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലായിരുന്നു സ്വയംനിയന്ത്രിത കാറുകളുടെ വാണിജ്യതലത്തിലുള്ള പ്രവര്‍ത്തനത്തിനു തുടക്കമായത്.
വീറൈഡ്, ഓട്ടോഗോ-കെ2 എന്നിവയ്ക്കാണ് ലെവല്‍ 4 സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും അബൂദബിയിലെ തിരക്കേറിയ റോഡുകളിലെ സാഹചര്യങ്ങളോടു സെന്‍സറുകളുടെ സഹായത്തോടെ പ്രതികരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഒട്ടേറെ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ നീക്കങ്ങള്‍ ഓപറേറ്റര്‍മാരുടെ സഹകരണത്തോടെ നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോം മുഖേന യഥാസമയം നിരീക്ഷിക്കപ്പെടും. സ്വയം നിയന്ത്രിത ടാക്സി വാഹനങ്ങളുടെ സര്‍വീസ് അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്ക് കൂടി അബൂദബി മൊബിലിറ്റി വ്യാപിപ്പിച്ചിരുന്നു.
ഈ രംഗത്തെ ആഗോള മുന്‍ നിര കമ്പനിയായ വീറൈഡ്, ടാക്സി സര്‍വീസ് സേവന ദാതാവായ ഊബര്‍, പ്രാദേശിക ഓപറേറ്ററായ തവസുല്‍ ട്രാന്‍സ്പോര്‍ട്ട് എന്നിവയുമായി സഹകരിച്ചാണ് സർവീസുകൾ. ഇന്റലിജന്റ് ഗതാഗത ഹബ്ബായി അബൂദബിയെ മാറ്റുകയെന്ന സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി. 2040ഓടെ അബൂദബിയിലെ എല്ലാ യാത്രകളുടെയും നാലിലൊന്നും സ്വയംനിയന്ത്രിതമാക്കുകയെന്ന എമിറേറ്റിന്റെ ലക്ഷ്യത്തെയാണ് കൗണ്‍സില്‍ പിന്തുണയ്ക്കുന്നത്.
വാണിജ്യ, താമസ, സാമ്പത്തിക പ്രാധാന്യം കൊണ്ട് ശ്രദ്ധേയമായ ജനസാന്ദ്രതയേറിയ അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്കു കൂടി സ്വയംനിയന്ത്രിത ടാക്സി സേവനം വ്യാപിക്കുന്നതിലൂടെ അബൂദബിയിലെ സുപ്രധാന മേഖലകളുടെ പകുതിയോളം ഈ സൗകര്യം എത്തിക്കാനായി. ഗതാഗതതിരക്കേറിയ ഈ മേഖലയില്‍ വീ റൈഡിന്റെ സ്വയം നിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യയുടെ മികവ് പ്രകടിപ്പിക്കാന്‍ പദ്ധതി സഹായിക്കും. നേരത്തേ യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ് എന്നിവിടങ്ങളിലും ഇവിടെ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമായിരുന്നു സ്വയം നിയന്ത്രിത ടാക്സി വാഹനങ്ങള്‍ നിയോഗിച്ചത്. 2024 ഡിസംബറില്‍ ഊബര്‍ പ്ലാറ്റ് ഫോമില്‍ ആരംഭിച്ച സര്‍വീസ് നിലവില്‍ മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. വൈകാതെ അബൂദബിയിലെ മറ്റു കേന്ദ്രങ്ങളിലും സര്‍വീസ് നടപ്പാക്കും.


