സ്വയം തോന്നേണ്ട ഡ്രൈവിങ് പാഠങ്ങൾ
text_fieldsഎല്ലാവരും ഏറെ ആഗ്രഹത്തോടെയാണ് വാഹനം ഓടിക്കാൻ പഠിക്കുന്നത്. ഗിയറുള്ള വാഹനങ്ങൾ പഠിച്ചവർക്ക് ഓർമയുണ്ടാകും, വാഹനത്തിന്റെ ഓരോ ഗിയറും എണ്ണിയതും ഇനിയെത്ര ഗിയർ ഇടാനുണ്ടെന്ന് ആകുലപ്പെട്ടതും ടോപ് ഗിയറിലിട്ട് ആദ്യമായിട്ട് ഓടിച്ചപ്പോഴുള്ള സന്തോഷവും ഒക്കെ. ഇന്നത്തെ പുത്തൻ തലമുറ വാഹനങ്ങളെല്ലാം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതമാണ് വരുന്നത്. അതുകൊണ്ടുതന്നെ വാഹനമിപ്പോൾ ഏത് ഗിയറിലാണ് ഓടുന്നതെന്നറിയാൻ മുമ്പിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൊന്ന് കണ്ണോടിച്ചാൽ മതി.
വാഹനമോടിക്കാൻ പഠിച്ച സമയത്ത് വിനയത്തോടെ ജാഗ്രതയോടെ രണ്ടുകൈയും സ്റ്റിയറിങ്ങിലും ഹാൻഡ്ലിലും പിടിച്ച് കുറഞ്ഞ വേഗതയിൽ പോയിക്കൊണ്ടിരുന്നവർ കൈ തെളിഞ്ഞശേഷം ഒരു കൈ മാത്രം ഉപയോഗിച്ച്, ചിലപ്പോൾ രണ്ട് കൈയുംവിട്ട് വരെ വാഹനം ഓടിക്കുന്നത്ര ‘വിദഗ്ധ’രായി മാറുന്നു. ‘L’ ബോഡ് വെച്ച വാഹനമൊക്കെ പിന്നീട് കാണുമ്പോൾ എന്തൊരു പുച്ഛമാകും! ഡിഫൻസ് ഡ്രൈവിങ്ങാണ് നിരത്തിൽ ഏറ്റവും വിവേകശാലിയായ ഡ്രൈവർ പാലിക്കേണ്ട മര്യാദകളിൽ പ്രധാനം. ഒരു വാഹനം നിർത്തുമ്പോൾ ആദ്യം ക്ലച്ചാണോ ഗിയറാണോ അമർത്തേണ്ടതെന്നുപോലും അറിയാത്തവരായിരുന്നു നമ്മളൊക്കെയും. അതുപോലെതന്നെയാണ് വാഹനസംബന്ധിയായ അറിവുകൾ സംബന്ധിച്ച് ‘താൻ മാത്രം എല്ലാം തികഞ്ഞയാളാണെന്ന’ ധാരണയും. രാത്രികാലങ്ങളിൽ ഡിം ലൈറ്റ് മോഡ് ഫലപ്രദമായി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാത്തവരുണ്ട്, തന്റേത് വിലകൂടിയ വാഹനമാണെന്ന് കരുതി എതിരെ വരുന്ന വാഹനങ്ങൾക്കൊന്നും ഡിം ലൈറ്റ് അടിച്ചുകൊടുത്ത് ചെറുതാകില്ല, താനാണ് വലിയവൻ എന്ന മട്ടിൽ അലസമായി ഡ്രൈവ് ചെയ്യുന്നവരുമുണ്ട്. റോഡിൽ വികാരമല്ല, നമ്മെ നിയന്ത്രിക്കേണ്ടത് വിവേകമാണ്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും ബ്രൈറ്റ് ലൈറ്റ് മോഡിലെ കണ്ണടിച്ചുപോകുന്ന വെളിച്ചമൊന്ന് ഡിം മോഡിലാക്കി കൊടുത്താൽ നിങ്ങളൊരിക്കലും ചെറുതായി പോകില്ല.
കുറേ നാളായി നിർത്തിയിട്ട വാഹനം ഓടിക്കുന്നതിന് മുമ്പ് ബോണറ്റ് ഉയർത്തി ഏതെങ്കിലും വയറിങ് ഭാഗം എവിടെയെങ്കിലും കട്ടായി പോയിട്ടുണ്ടോ, എൻജിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് ലെവലൊക്കെ കൃത്യമാണോയെന്നും ടയർ പ്രഷർ, ബ്രേക്കിങ് ഉൾപ്പെടെ കാര്യക്ഷമമല്ലേയെന്നും ഒന്ന് നോക്കുന്നത് കൊണ്ട് എന്തുപറ്റാനാണ്? ഡാഷ് ബോർഡ് പോളിഷ് ചെയ്യുമ്പോൾ അധികം ഓയിലി ആയത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നല്ല വെയിലത്തു കൂടി ഓടവേ പോളിഷ് ചെയ്ത് ഗ്ലോസിയായ ഭാഗത്തിന്റെ റിഫ്ലക്ഷൻ വിൻഡ് സ്ക്രീനിലടിച്ച് വിസിബിലിറ്റി കുറഞ്ഞേക്കാം. ചില നുറുങ്ങ് അറിവുകൾ പകർന്നുനൽകുന്നതിന് മുന്നോടിയായ ബിൽഡപ്പിനു വേണ്ടി മാത്രം പറഞ്ഞതല്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. ഓർക്കുക ഒരറിവും നിസ്സാരമല്ല എന്നത്.
.