ഇ.വികൾ ഇഷ്ടമാണോ..?, എങ്കിൽ തുടർന്ന് വായിക്കുക
text_fieldsഡ്രൈവിങ് സീറ്റിൽ കയറി താക്കോൽ തിരിക്കുമ്പോഴുണ്ടാകുന്ന ഇരമ്പലും നേരിയ കുലുക്കവും, വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ അനുഭവപ്പെടുന്ന ഇന്ധനത്തിന്‍റെയും ഓയിലിന്‍റെയും ചെറിയ മണം. ഇതൊന്നുമില്ലെങ്കിൽ വണ്ടികളൊന്നും വണ്ടികളാവില്ലെന്ന് കരുതുന്നവർ തുടർന്നു വായിക്കേണ്ട. കാരണം യാത്രക്കുള്ള യന്ത്രം എന്ന നിലയിൽനിന്ന് ബുദ്ധിയുള്ള കൃത്രിമ ജീവി എന്നതിലേക്ക് വാഹനങ്ങൾ എത്തുന്നതിന്‍റെ തുടക്കത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.
തീയും ചക്രവും പിന്നെ എച്ച്.ടി.എം.എല്ലും മനുഷ്യജീവിതത്തെ മാറ്റിമറിച്ചശേഷം കുറേകാലമായി പറയത്തക്ക വിശേഷമൊന്നുമില്ലാതെയാണ് ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇലക്ട്രിക് വാഹനരംഗത്തുണ്ടാകുന്ന പുത്തൻ വിപ്ലവങ്ങളിൽ ലോകം തലകീഴായി മറിയുന്ന ലക്ഷണമാണ്.
നിർമിത ബുദ്ധിയിലാണ് ഇപ്പോൾതന്നെ വാഹനങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം അഥവാ അഡാസിന്‍റെ ഗുണങ്ങൾ നമ്മൾ ഇപ്പോൾതന്നെ അനുഭവിക്കുന്നുണ്ട്. വാഹനത്തിലെ സോഫ്റ്റ്വെയറും ഇന്‍റർനെറ്റും യാത്രക്കാരന് പോകേണ്ട വഴി കണ്ടെത്തിക്കൊടുക്കുക മാത്രമല്ല ഡ്രൈവറുടെ കഷ്ടപ്പാട് കുറക്കുകയും അപകടസാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. പഴയകാലത്ത് ഒരു വാഹനത്തിന്‍റെ നിലയും വിലയുമൊക്കെ ഒരു പരിധിവരെ നിർണയിച്ചത് എൻജിന്‍റെ ശേഷിയും അത് ഉപയോഗിക്കുന്ന ഇന്ധനത്തിന്‍റെ അളവുമൊക്കെയായിരുന്നു.
ഇന്ധനത്തിനാവട്ടെ ഇടവിട്ട് വില കൂടുകയും ചെയ്യും. പുതിയകാലത്ത് ഇന്ധനം എന്നത് സർവവ്യാപിയായി മാറുന്നു എന്നതാണ് ഇ.വി കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. സൂര്യപ്രകാശത്തിൽനിന്ന് മുതൽ വാഹനം ബ്രേക്ക് പിടിക്കുമ്പോൾവരെ ഇ.വിക്ക് ആവശ്യമായ ഇന്ധനമായ വൈദ്യുതി കിട്ടും. ഈ വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള ബാറ്ററിയുടെ ശേഷി എത്രകൂടുന്നുവോ അത്രയും മികച്ചതാവും ഇ.വികൾ.
പെട്ടെന്ന് ചാർജ് കയറുകയും പതിയെ ഇറങ്ങിത്തീരുകയും ചെയ്യുന്നതാണ് ഉത്തമനായ ബാറ്ററി. എങ്ങനെ മികച്ച ബാറ്റി പാക്കുകൾ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന കോഴ്സുകൾ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു.
രണ്ടാമത് വാഹനങ്ങളുടെ പവറിലും ടോർക്കിലും ഉണ്ടാകുന്ന കുതിപ്പാണ്. ബാറ്ററിയുടെയും മോട്ടോറിന്‍റെയും സാങ്കേതികവിദ്യ പുരോഗമിക്കുന്തോറും ഇവ വർധിച്ചുകൊണ്ടിരിക്കും. ഏങ്ങി വലിഞ്ഞു പുകതുപ്പിയോടുന്ന വാഹനങ്ങൾ പഴയ സിനിമകളിൽ മാത്രമായി ഒതുങ്ങും. ഗാന്ധി സിനിമയിലെ തീവണ്ടിയും മെട്രോ ട്രെയിനും പോലൊരു വ്യത്യാസമുണ്ടാകുമെന്നർഥം. ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയും ഉജ്ജ്വല ഭാവി ഉന്നംവെച്ചാണ് നീങ്ങുന്നത്. 2024ൽ ഇന്ത്യൻ വിപണിയിൽ 19,49,114 യൂനിറ്റ് ഇ.വികൾ വിറ്റഴിച്ചു. അതായത് പ്രതിദിനം 5,325 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന. 2023ൽ 15,32,389 യൂനിറ്റാണ് വിറ്റത്. കഴിഞ്ഞവർഷം ഒക്ടോബറിലെ ഉത്സവ സീസണിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്.
ഇന്ത്യയിലെ ഇ.വി വിൽപനയുടെ 59 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. 35 ശതമാനം വിഹിതം മുച്ചക്രങ്ങളുടേതും. 2024ൽ 11,48,575 യൂനിറ്റ് ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. ഇത് 2023നെ അപേക്ഷിച്ച് 33 ശതമാനം കൂടുതലാണ്. ഇതോടൊപ്പം ഇലക്ട്രിക് ത്രീ വീലറുകളുടെ വിൽപനയിലും 18 ശതമാനം വർധനയുണ്ടായി. 2024 കലണ്ടർ വർഷത്തിൽ 6,91,323 യൂനിറ്റ് ത്രീവീലറുകൾ വിറ്റു. പാസഞ്ചർ വാഹന വിഭാഗം (പിവി) 22 ശതമാനം വളർച്ചയോടെ 89,827 ഉൽപന്നങ്ങൾ വിറ്റു. അതേസമയം 9,241 യൂനിറ്റ് ലൈറ്റ് പാസഞ്ചർ വാഹനങ്ങൾ വിറ്റു.
2023ൽ 2,397 ഇലക്ട്രിക് ബസുകൾ വിറ്റപ്പോൾ 2024ൽ 3,822 ബസുകളാണ് വിറ്റത്. 59 ശതമാനം വർധന. ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ 220 മോഡലുകളും 5,996 യൂനിറ്റ് ലൈറ്റ് ഗുഡ് വാഹനങ്ങളും വിറ്റഴിച്ചു. വളർച്ചയോടൊപ്പം നിരവധി വെല്ലുവിളികളും ഇന്ത്യയിലെ ഇ.വി മേഖല നേരിടുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഇപ്പോഴും മികച്ച ചാർജിങ് സ്‌റ്റേഷനുകൾ കുറവാണ്. ബാറ്ററി കൂടുതൽ കാര്യക്ഷമതയുള്ളതും ചെലവ് കുറഞ്ഞതുമാകണം. സോളാർ പാനൽ ചാർജിങ്, ബാറ്ററി പുനരുപയോഗം, ഹൈഡ്രജൻ ഇന്ധന സെല്ലുകൾ തുടങ്ങിയവയുടെ സാങ്കേതികവിദ്യ വികസിക്കുന്നുണ്ടെന്നതാണ് ഭാവിയിലെ പ്രതീക്ഷ.
അലുമിനിയം ബാറ്ററി: ഇ.വി വിപ്ലവത്തിൽ പുതിയ അധ്യായം
ഇലോൺ മസ്കിന്റെ ടെസ്‌ല, ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവകരമായ കണ്ടെത്തലുകളുമായി മുന്നേറുകയാണ്. അവരുടെ ഏറ്റവും പുതിയ സംഭാവനയായ അലുമിനിയം ബാറ്ററി, ഈ മേഖലയെ മാറ്റിമറിക്കാൻ പോന്നതാണ്.
ഇപ്പോഴത്തെ ലിഥിയം-അയൺ ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ, അലുമിനിയം ബാറ്ററികൾ വളരെ വേഗത്തിൽ ചാർജ് ചെയ്യപ്പെടും, കൂടുതൽ പ്രവർത്തന ശേഷിയും നിലനിൽപുമുണ്ട്. ലിഥിയത്തിനെക്കാൾ ലാഭകരമായ വിലക്കു ലഭ്യമാകുന്ന ലോഹമാണ് അലുമിനിയം. പുനരുപയോഗിക്കാവുന്ന സംവിധാനമായതിനാൽ പരിസ്ഥിതിക്ക് കുറഞ്ഞ ദോഷമേ ഉണ്ടാക്കുന്നുള്ളൂ. വാണിജ്യ വാഹനങ്ങൾമുതൽ സ്വകാര്യ വാഹനങ്ങൾവരെ എല്ലാ വിഭാഗങ്ങൾക്കും ഈ ബാറ്ററി ഉപയോഗിക്കാം. ചെലവ് കുറയുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കാൻ സന്നദ്ധരാകും. വേഗം, കാര്യക്ഷമത, കുറഞ്ഞ ചെലവ് എന്നിവയുടെ സമന്വയത്തിലൂടെ ഈ പുതിയ സാങ്കേതികവിദ്യ ഇ.വി വിപണിയെ കൂടുതൽ വളർച്ചയിലേക്ക് നയിക്കും.
നിലവിൽ വൈദ്യുത വാഹനം ചാർജ് ചെയ്യാൻ വീട്ടിൽനിന്ന് വൈദ്യുതി എടുക്കുന്ന നമ്മൾ ഭാവിയിൽ വാഹനത്തിൽനിന്ന് വീട്ടിലേക്ക് വൈദ്യുതി എടുക്കാവുന്ന നിലയിലേക്ക് എത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല.
പ്രീമിയം നിരയിലെ ചിലർ
പണം തടസ്സമല്ലെങ്കിൽ, റീചാർജുകൾക്കിടയിൽ ഏറ്റവും കൂടുതൽ റേഞ്ച് ലഭിക്കുന്ന ചില പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾ ഇവയാണ്
- മെഴ്സിഡസ് ബെൻസ് ഇ.ക്യൂ.എസ് (അവകാശപ്പെടുന്ന റേഞ്ച്: 857കിലോമീറ്റർ)
മെഴ്സിഡസ് ബെൻസ് 400V ഇലക്ട്രിക് ആർക്കിടെക്ചർ ഉപയോഗിക്കും. മാത്രമല്ല, ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ 2,50,000 കിലോമീറ്റർ വാറന്റിയുണ്ട്. 107.8 കിലോവാട്ട് ബാറ്ററി പാക്ക് സഹിതം നൽകുന്നു. കൂടാതെ 857 കിലോമീറ്റർവരെ റേഞ്ച് ഓഫർ ചെയ്യുന്നു.
- കിയ ഇ.വി6 ( അവകാശപ്പെടുന്ന റേഞ്ച്: 708 കിലോമീറ്റർ)
ഇ.വി6 77.4 കിലോവാട്ട് ബാറ്ററി പാക്ക് സഹിതം വരുന്നു, ഒറ്റ ചാർജിൽ 708 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച് ഇത് അവകാശപ്പെട്ടിട്ടുണ്ട്.
കിയ രണ്ട് വേരിയന്റുകളിൽ ഇ.വി6 ഓഫർ ചെയ്യുന്നു: ജി.ടി ലൈൻ, ജി.ടി ലൈൻ എ.ഡബ്യൂ.ഡി. എ.ഡബ്ല്യു.ഡി വേരിയന്റ് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നു.
- ഹ്യുണ്ടായി അയോണിക് 5 (അവകാശപ്പെടുന്ന റേഞ്ച് : 631 കിലോമീറ്റർ )
അയോണിക് 5 217പി.എസ്, 350 എൻ.എം ഉൽപാദിപ്പിക്കുന്ന, ഒരൊറ്റ മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്ന 72.6 കിലോവാട്ട് ബാറ്ററി പാക്ക് സഹിതമാണ് വരുന്നത്. 100 കിലോമീറ്റർ റേഞ്ച് ലഭിക്കാൻ വാഹനം അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ മതിയെന്ന് നിർമാതാക്കൾ പറയുന്നു.
- ബി.എം.ഡബ്ലിയു ഐ 7 ( അവകാശപ്പെടുന്ന റേഞ്ച്: 625 കിലോമീറ്റർ )
ബി.എം.ഡബ്ല്യു-ന്റെ ഐ 7 xഡ്രൈവ് 60 മോഡലിൽ ഓരോ ആക്സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സൃഷ്ടിക്കുന്ന 544 എച്ച്.പി, 745 എൻ.എം എന്ന മികച്ച ഔട്ട്പുട്ട് ഉണ്ട്. 4.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഐ7-ന് കഴിയുമെന്ന് ബി.എം.ഡബ്ല്യു പറയുന്നു,
- ഔഡി ഇ-ട്രോൺ ജി.ടി (അവകാശപ്പെടുന്ന റേഞ്ച്: 500 കിലോമീറ്റർ )
ഇ-ട്രോൺ ജി.ടിയുടെ ഇലക്ട്രിക് പവർട്രെയിനിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ അടങ്ങിയിരിക്കുന്നു (ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലും). ഔഡി ഇ-ട്രോൺ ജി.ടി അതിന്റെ 93കിലോവാട്ട് ബാറ്ററി പാക്കിൽനിന്ന് ഒറ്റ ചാർജിൽ (എ.ആർ.എ.ഐ അനുസരിച്ച്) 500 കിലോമീറ്ററിലധികമുള്ള മികച്ച റേഞ്ച് നൽകുന്നു.