ഇന്ത്യൻ നിർമിത ബി.എസ്.എ ബാന്റം ബൈക്കുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ: വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
text_fieldsബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിൽ നിർമിച്ച ബി.എസ്.എ (BSA) മോട്ടോർസൈക്കിൾ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയാണ് ബോറിസ് ജോൺസന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബ്രിട്ടീഷ് ബ്രാൻഡായ ബി.എസ്.എയുടെ ഇന്ത്യയിലെ നിർമാണ കരുത്തിന്റെ മികവിലേക്ക് വിരൽ ചൂണ്ടുന്നതാണ് വൈറലാകുന്ന വിഡിയോ.
യു.കെയിൽ പ്രസിദ്ധമായ ഇരുചക്ര വാഹനമാണ് ബി.എസ്.എ ബാൻ്റം. 1948നും 1971നും ഇടയിൽ നിർമിക്കപ്പെട്ടിരുന്ന ഈ ഒറിജിനൽ മോട്ടോർസൈക്കിൾ, 123 സി.സി മുതൽ 173 സി.സി വരെയുള്ള എൻജിനുകളുള്ള ലൈറ്റ്‌വെയ്റ്റ് ടൂ-സ്ട്രോക്ക് മെഷീൻ എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഈ പേരിൽ പുറത്തിറങ്ങിയിരിക്കുന്ന പുതിയ ബാൻ്റം പൂർണ്ണമായും ഒരു ആധുനിക റോഡ്‌സ്റ്ററാണ്. 344 സി.സി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ പരമാവധി 29 എച്ച്.പി കരുത്തും 29 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. 6-സ്പീഡ് ഗിയർബോക്സുമായാണ് എൻജിനെ ജോടിയിണക്കിയിരിക്കുന്നത്.
ക്ലാസിക് റോഡ്‌സ്റ്റർ ശൈലിയും ആധുനിക ഫീച്ചറുകളും ഇണചേർന്നതാണ് മോട്ടോർ സൈക്കിളിന്റെ രൂപകൽപ്പന. സിംഗിൾ പീസ് സീറ്റ്, റൗണ്ട് എൽ.ഇ.ഡി ഹെഡ്‌ലാംപ്, ചെറിയ റിയർ സെക്ഷൻ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്. ജാവ 42 എഫ്.ജെ (Jawa 42 FJ) മോഡലുമായി മോട്ടോർ സൈക്കിളിന്റെ ഷാസി, സസ്പെൻഷൻ ഹാർഡ്‌വെയർ തുടങ്ങിയ പ്ലാറ്റ്‌ഫോം ഘടകങ്ങൾ പങ്കിടുന്നുണ്ട്. കൂടാതെ, സുരക്ഷക്ക് മുൻഗണന നൽകികൊണ്ട് ഇരുവശങ്ങളിലും ഡിസ്ക് ബ്രേക്കുകളും എബിഎസും (ABS) സജ്ജീകരിച്ചിട്ടുണ്ട്. യു.കെയിൽ ബി.എസ്.എ ബാൻ്റം ബൈക്കിന് 3,499 പൗണ്ടിൽ നിന്നാണ് വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 4.5 ലക്ഷം രൂപ വരും.
ചരിത്രപ്രസിദ്ധമായ 'ബർമിംഗ്ഹാം സ്മാൾ ആർമ്സ്' (Birmingham Small Arms) എന്ന ബ്രിട്ടീഷ് ബ്രാൻഡ് ഇപ്പോൾ മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ജാവ (Jawa), യെസ്ദി (Yezdi) മോട്ടോർസൈക്കിളുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന 'ക്ലാസിക് ലെജൻഡ്സ്' (Classic Legends) ആണ് ബി.എസ്.എ ബ്രാൻഡിനെയും നിയന്ത്രിക്കുന്നത്. ബ്രിട്ടീഷ് വേരുകളുള്ള ബി.എസ്.എ ബാൻ്റം ഇന്ത്യയിൽ നിർമിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. യു.കെ, യൂറോപ്യൻ വിപണികളിൽ ഈ മോഡൽ ലഭ്യമാണെങ്കിലും നിലവിൽ ഇത് ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ല. ഗോൾഡ് സ്റ്റാർ (Gold Star), 650 സ്ക്രാംബ്ലർ (Scrambler) തുടങ്ങിയ മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ ബി.എസ്.എ നിരയിലുള്ളത്. യു.കെ, തുർക്കി, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ബി.എസ്.എ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തുറന്ന മൈതാനത്തിലൂടെ ബോറിസ് ജോൺസൺ ബി.എസ്.എ ബാൻ്റം (BSA Bantam) മോട്ടോർസൈക്കിൾ ഓടിക്കുന്ന വിഡിയോ ആണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളിനെ മികച്ച 'ആംഗ്ലോ-ഇന്ത്യൻ സാങ്കേതിക സഹകരണ' മാതൃകയാണെന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. ആനന്ദ് മഹീന്ദ്ര എക്സിൽ (X) പങ്കുവെച്ച വിഡിയോയിൽ ബോറിസ് ജോൺസന് നന്ദി രേഖപ്പെടുത്തുകയും ജോൺസന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ സൂചിപ്പിച്ചുകൊണ്ട്, ഇനി ബി.എസ്.എ കമ്പനിയുടെ പേര് 'ബോറിസ് സ്മാൾ ആർമ്സ്' എന്ന് മാറ്റേണ്ടി വരുമോ എന്ന തമാശയും അദ്ദേഹം പങ്കുവെച്ചു.


