ശബ്ദരഹിത ഇലക്ട്രിക് വാഹനങ്ങൾക്ക് വിട; പുതിയ കരടു വിജ്ഞാപനം പുറത്തിറക്കി സർക്കാർ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ശബ്ദരഹിത ഇലക്ട്രിക് വാഹനങ്ങൾക്ക് വിട. പുതിയതായി വിപണിയിൽ എത്തുന്ന ഇരുചക്രവാഹനം, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ തുടങ്ങിയവക്ക് ഇനിമുതൽ സാധാരണ വാഹനങ്ങളെപോലെ ശബ്‌ദിക്കും. കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനായി ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നൽകാനുള്ള പുതിയ കരടു വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് 'അക്കോസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം' (എ.വി.എ.എസ്) ഇലക്ട്രിക് വാഹനങ്ങളിൽ സജ്ജീകരിക്കണമെന്ന ഉത്തരവിന്റെ കരട് രൂപം പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദമില്ലാത്തത് അപകടസാധ്യത സൃഷ്ടിക്കുന്നെന്ന വിലയിരുത്തലുകളെ തുടർന്നാണ് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദസംവിധാനം നിർബന്ധമാക്കുന്നത്.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശപ്രകാരം 2026 ഒക്ടോബർ 1 മുതൽ വിപണിയിൽ എത്തിക്കുന്ന എല്ലാ ഇലക്ട്രിക്, ഹൈബ്രിഡ് പുതിയ മോഡലുകൾക്കും ശബ്ദസംവിധാനം നിർബന്ധമാക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. 2027 ഒക്ടോബർ 1 മുതൽ നിലവിൽ വിൽക്കുന്ന എല്ലാ മോഡലുകളിലേക്കും ഇത് വ്യാപിപ്പിക്കും.
അക്കോസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എ.വി.എ.എസ്) സംവിധാനമുള്ള പാസഞ്ചർ വാഹനങ്ങൾ
- എം.ജി കോമറ്റ്
- ടാറ്റ കർവ് ഇ.വി
- ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്
- മഹീന്ദ്ര XEV 9e, BE 6