Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏതുസംസ്ഥാനത്തും വാഹനം...

ഏതുസംസ്ഥാനത്തും വാഹനം ഉപയോഗിക്കാം; മൂന്നുവർഷം വരെ രജിസ്ട്രേഷൻ മാറേണ്ട; നിയമഭേദഗതിക്ക് കേന്ദ്രം

text_fields
bookmark_border
ഏതുസംസ്ഥാനത്തും വാഹനം ഉപയോഗിക്കാം; മൂന്നുവർഷം വരെ രജിസ്ട്രേഷൻ മാറേണ്ട; നിയമഭേദഗതിക്ക് കേന്ദ്രം
cancel

ന്യൂഡൽഹി: ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനം രജിസ്‌ട്രേഷൻ നമ്പർ മാറ്റാതെ മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷം വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതി കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. നിലവിൽ പ്രാബല്യത്തിലുള്ള നിയമപ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ അവിടെ പുതിയ രജിസ്‌ട്രേഷൻ നേടേണ്ടതുണ്ട്.

റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം (MoRTH) തയ്യാറാക്കിയ കരട് ഭേദഗതി നിർദേശം അടുത്തിടെ മന്ത്രിമാരുടെ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിവിധസംസ്ഥാനങ്ങളിൽ മാറിമാറി ജോലിചെയ്യുകയും ബിസിനസ് നടത്തുകയും ​ചെയ്യുന്നവർക്ക് ഇത് ഏറെ ഉപകാരപ്രദമാകും.

ജോലിയുടെ ഭാഗമായി ഇടക്കിടെ സ്ഥലംമാറ്റം ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, വിവിധ സംസ്ഥാനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഈ നിർദേശം കൂടുതൽ ഗുണകരമാകുക. മൂന്ന് വർഷത്തിനുള്ളിൽ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്നവർക്ക് റീ-രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചെലവുകളും ഒഴിവാക്കാനാകും.

നിലവിൽ മോട്ടോർ വാഹന നിയമം, 1988-ലെ സെക്ഷൻ 47 അനുസരിച്ച്, ഒരു വാഹനം മറ്റൊരു സംസ്ഥാനത്ത് 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ, ആ സംസ്ഥാനത്ത് പുതിയ രജിസ്‌ട്രേഷന് അപേക്ഷ നൽകണം.

പുതിയ നിർദേശം നടപ്പായാൽ, നിലവിലുള്ള ഭാരത് സീരീസ് രജിസ്‌ട്രേഷൻ സംവിധാനത്തോട് സാമ്യമുള്ള വിപുലമായ സൗകര്യമായി മാറുമെന്നാണ് വിലയിരുത്തൽ. നിലവിൽ BH സീരീസ് രജിസ്‌ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, നാല് അല്ലെങ്കിൽ അതിലധികം സംസ്ഥാനങ്ങളിൽ ഓഫിസുകളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ലഭ്യമാകുന്നത്. ഇവർക്ക് സംസ്ഥാനം മാറിയാലും മാറ്റം വീണ്ടും രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ റോഡ് ടാക്‌സ് നിരക്കുകളിലുള്ള വലിയ വ്യത്യാസം പുതിയ സംവിധാനത്തിന് പ്രധാന വെല്ലുവിളിയാണെന്നാണ് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ റോഡ് ടാക്‌സിന്റെ ആനുപാതിക വിഹിതം കൈമാറാനുള്ള സംവിധാനം ഒരുക്കുകയോ നികുതി ഘടനയിൽ കൂടുതൽ ഏകീകരണം വരുത്തുകയോ ചെയ്താൽ മാത്രമേ നിർദേശം ഫലപ്രദമായി നടപ്പാക്കാനാകൂവെന്നാണ് വിലയിരുത്തൽ.

Show Full Article
TAGS:vehicles vehicle registration interstate 
News Summary - Govt. mulls extending re-registration window for interstate vehicles to 3 year
Next Story