ജി.എസ്.ടി ഏകീകരണം; റോയൽ എൻഫീൽഡ്, ഹോണ്ട, ഹീറോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഇരുചക്ര വാഹനങ്ങൾക്കും വില കുറയും
text_fieldsവിവിധ കമ്പനികളുടെ ബൈക്കുകളും സ്കൂട്ടറുകളും
ന്യൂഡൽഹി: കേന്ദ്ര സർക്കാരും ധനവകുപ്പും ഏകോപിച്ച് നടപ്പിലാക്കിയ ജി.എസ്.ടി ഏകീകരണം അനുസരിച്ച് പ്രമുഖ കമ്പനികളുടെ ഇരുചക്ര വാഹങ്ങൾക്കും വില കുറയും. കേന്ദ്ര ധനവകുപ്പ് മന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രമുഖ ഇരുചക്ര നിർമാണ കമ്പനികളായ ബജാജ്, ഹീറോ തുടങ്ങിയ കമ്പനികൾക്ക് പുറമെ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട, യമഹ യു.കെയിൽ നിന്നുള്ള റോയൽ എൻഫീൽഡ് എന്നീ കമ്പനികളുടെ ഇരുചക്ര വാഹങ്ങൾക്കും വില കുറയും.
ഇരുചക്ര വാഹങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചതിനെതുടർന്നാണ് വാഹനങ്ങളുടെ വില കുറയുന്നത്. കൂടാതെ 350 സി.സിക്ക് താഴെ എൻജിൻ കപ്പാസിറ്റിയുള്ള ഇരുചക്ര വാഹങ്ങൾക്കും വില കുറയും.
പുതിയ ജി.എസ്.ടി ഏകീകരണം അനുസരിച്ച് 350 സി.സി ക്ലാസിക് ബുള്ളറ്റിന് 22,000 രൂപയാണ് റോയൽ എൻഫീൽഡ് കുറച്ചത്. കൂടാതെ ബുള്ളറ്റ് 350, ഹണ്ടർ 350 ബൈക്കുകൾക്കും പരമാവധി 20,000 രൂപവരെ വിലകുറയും.
ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും ഇതോടൊപ്പം വില കുറയും. ഹോണ്ട ആക്ടിവ 110, ഡിയോ 110, ആക്ടിവ 125, ഡിയോ 125 തുടങ്ങിയ സ്കൂട്ടറുകൾക്ക് 6,000 രൂപ മുതൽ 8,000 രൂപവരെയും മോട്ടോർസൈക്കിളുകളിൽ ഹോണ്ട ഷൈൻ 100, ഹോർനെറ്റ്, യൂണികോൺ, സി.ബി 350 മോഡലുകൾക്ക് 5,000 രൂപമുതൽ 18,500 രൂപവരെ വിലയിൽ മാറ്റം വരും.
യമഹയുടെ സ്പോർട്സ് ബൈക്കായ ആർ 15ന്റെ വില 17,500 രൂപയായി കുറച്ചപ്പോൾ എം.ടി 15ന്റെ വില 14,964 രൂപയായി കുറച്ചു. കൂടാതെ എഫ് സി - എഫ് ഐ ഹൈബ്രിഡിന് 12,031, എഫ് സി എക്സ് ഹൈബ്രിഡ് 12,430, എയ്‌റോക്സ് 155 വേർഷൻ എസിന് 12,752 രൂപയും ഫാസിനോക്ക് 8,509 രൂപയും കുറഞ്ഞു.
ഇന്ത്യൻ ഇരുചക്ര നിർമാണ കമ്പനിയായ ഹീറോ, സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും വില കുറച്ചിട്ടുണ്ട്. സ്കൂട്ടറുകളിൽ ഡെസ്റ്റിനി 125 (7197 രൂപ), സൂം 110 (6597 രൂപ), സൂം 125 (7291 രൂപ), സൂം 160 (11602 രൂപ) എന്നിവക്കാണ് വിലകുറച്ചിട്ടുള്ളത്. മോട്ടോർസൈക്കിൾ മോഡലിൽ എച്ച് എഫ് ഡിലക്സ് (5805 രൂപ), പാഷൻ പ്ലസ് (6500 രൂപ), പ്ലഷർ പ്ലസ് (6417 രൂപ), സ്‌പ്ലെൻഡർ പ്ലസ് (6820 രൂപ), സൂപ്പർ സ്‌പ്ലെൻഡർ എക്സ് ടി ഇ സി (7254 രൂപ), ഗ്ലാമർ എക്സ് (7813 രൂപ), കരിഷ്മ 210 (15743 രൂപ), എക്സ്‌പൾസ് 210 (14516 രൂപ), എക്സ്ട്രീം 125ആർ (8010 രൂപ) എക്സ്ട്രീം 160ആർ 4വി (10985 രൂപ), എക്സ്ട്രീം 250ആർ (14055 രൂപ) എന്നിവക്കും വിലകുറയും.
പുതിയ ജി.എസ്.ടി ഏകീകരണം സെപ്റ്റംബർ 22 മുതൽ നിലവിൽവരുമെന്ന് കേന്ദ്ര ധമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില വാഹന കമ്പനികൾ ഇതിനോടകം തന്നെ ഇളവുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.