സ്പെയർ കീയുടെ കോഡ് കണ്ടിട്ടുണ്ടോ
text_fieldsപുതിയ ഒരു വാഹനം വാങ്ങുമ്പോൾ താക്കോലിനൊപ്പം ഒരു സ്പെയർ കീ കൂടി ലഭിക്കാറുണ്ട്. നിങ്ങളിലെത്ര പേർ ആ സ്പെയർ കീ ഷോറൂമിൽ വെച്ച് തന്നെ നാം വാങ്ങിയ വാഹനത്തിലിട്ട് നോക്കി വർക്കിങ് ആണോ എന്ന് ചെക്ക് ചെയ്തിട്ടുണ്ട്? അതുപോട്ടെ, സ്പെയർ താക്കോലിനൊപ്പം ഒരു ചെറിയ സ്റ്റീൽ/മെറ്റൽ പ്ലേറ്റിൽ ചില നമ്പറുകൾ/ ഇംഗ്ലീഷ് അക്ഷരം കൊത്തിവെച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ? ചിലരൊക്ക കീ ചെയിൻ ഇടുമ്പോൾ ഈ നമ്പർ കൊത്തിയ പീസ് വലിച്ചെറിഞ്ഞു കളയാറുമുണ്ട്. സത്യത്തിൽ വളരെ ഉപകാരപ്രദമാകാനിടയുള്ള കോഡാണ് അതിലെഴുതി വെച്ചിട്ടുള്ളത്. താക്കോൽ എവിടെയെങ്കിലും നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താൽ ഈ കോഡ് അറിയാമെങ്കിൽ വാഹനം വാങ്ങിയ ഷോറൂമിൽ അറിയിച്ച് അഡീഷനൽ താക്കോൽ ബുക്ക് ചെയ്യാൻ കഴിയും. ഈ കോഡ് ഭാഗം ക്ലിയറായി കാണുന്ന വിധം ഒരു ഫോട്ടോ എങ്കിലും എടുത്ത് വെക്കുകയോ വീട്ടിൽ അല്ലെങ്കിൽ കാറിന്റെ ഡാഷ് ബോർഡ് ഗ്ലൗ ബോക്സിൽ എവിടെയെങ്കിലും എഴുതി ഇടുകയോ ചെയ്താൽ ആപത്ത് കാലത്ത് ഉപകാരപ്പെടും.
വിൻഡോ ഗ്ലാസ് തല്ലിപ്പൊട്ടിച്ചും സ്കെയിൽ കൊണ്ട് വിടവുണ്ടാക്കിയും മറ്റും ഏറെ നേരമെടുത്ത് പല മാർഗങ്ങളും താക്കോൽ കാണാതെ പോയാൽ പ്രയോഗിക്കാറുണ്ട്. ഒരു പൊതു അവധി/ഹർത്താൽ ദിവസം റിമോട്ട് ഏരിയയിൽ വെച്ചാണ് താക്കോൽ നഷ്ടപ്പെടുന്നതെങ്കിൽ ഈ കോഡ് വെച്ച് പുതിയ താക്കോൽ എങ്ങനെ കിട്ടാനാണെന്നൊക്കെ ചോദിച്ചാൽ ഉത്തരമില്ല താനും. എങ്കിൽപ്പോലും ഈ കോഡ് നമ്പർ ഉള്ള ഭാഗം സൂക്ഷിച്ചു വെച്ചാൽ ചില സന്ദർഭങ്ങളിൽ ഉപകാരപ്പെട്ടേക്കും.
.