അലങ്കാരത്തിനല്ല ഹസാർഡ് ലൈറ്റുകൾ
text_fieldsദിവസങ്ങൾക്കുമുമ്പ് കേരളത്തിലെ വലിയൊരു വിഭാഗം ഡ്രൈവർമാർ കൃത്യമായ രീതിയിലാണോ വാഹനം ഓടിക്കുന്നതെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസിന്റെ സോഷ്യൽ മീഡിയ വഴി ഒരു ചോദ്യം ചോദിച്ചിരുന്നു. ‘ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ടത് എപ്പോൾ?’ എന്നായിരുന്നു അത്.
പ്രതീക്ഷക്കപ്പുറമായിരുന്നു അതിന് ലഭിച്ച മറുപടികൾ. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ഡ്രൈവിങ് സ്കൂളുകളിൽനിന്നും ലഭിക്കുന്ന ഇത്തരം അറിവുകൾ നമ്മുടെ കേരളത്തിൽ വിരളമാണ്. സത്യത്തിൽ എന്തിനാണ് ഹസാർഡ് വാണിങ് ലൈറ്റ്?
പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഇതൊരു അപകട സൂചന വെളിച്ചമാണ്. വാഹനത്തിന്റെ എല്ലാ വശങ്ങളിലെയും നാല് ഇൻഡിക്കേറ്റർ ലൈറ്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന വാണിങ് ലൈറ്റാണിത്. പലരും തെറ്റായ രീതിയിലാണ് ഇത് ഉപയോഗിക്കാറുള്ളത്. ചിലർ കടുത്ത മഴയിലും മഞ്ഞുള്ള സമയത്തും ഉപയോഗിക്കാറുണ്ട്.
ചിലരാണെങ്കിൽ പകൽ വെളിച്ചത്തും ഒരു അലങ്കാരമെന്നോളം ഉപയോഗിക്കും. ഇത് സത്യത്തിൽ നിയമലംഘനം എന്നതിലുപരി മറ്റ് ഡ്രൈവർമാരെ പരിഭ്രാന്തിയിലാക്കും. മുൻവശത്തെ വാഹനം അനാവശ്യ ഘട്ടത്തിൽ ഹസാർഡ് ലൈറ്റ് ഉപയോഗിച്ചാൽ പിറകിലുള്ള വാഹനത്തിനും അത് എതിർവശത്തുള്ള വാഹനത്തിനും പരിഭ്രാന്തി സൃഷ്ടിക്കും. അതിനാൽ, ഹസാർഡ് വാണിങ് ലൈറ്റുകൾ ശരിയായരീതിയിൽ ഉപയോഗിക്കുക.
എപ്പോഴാണ് ഉപയോഗിക്കേണ്ടത്?
അടിയന്തര സാഹചര്യങ്ങളിൽ വാഹനത്തിന്റെ ഡാഷ് ബോർഡിൽ നൽകിയിട്ടുള്ള ചുവന്ന നിറത്തിൽ ത്രികോണാകൃതിയിലുള്ള സ്വിച്ചാണ് ഹസാർഡ് ലൈറ്റ് പ്രവർത്തിക്കാൻ ഉപയോഗിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനം അടിയന്തരമായി നിർത്തേണ്ട സാഹചര്യത്തിലോ, വാഹനത്തിന് തകരാർ സംഭവിച്ചെന്ന് തോന്നുന്ന സാഹചര്യത്തിലോ വാഹനത്തിന്റെ വേഗത കുറക്കുന്ന സാഹചര്യത്തിലോ ഇത് ഉപയോഗിക്കാം.
കൂടാതെ ചരക്ക് വാഹനം വേഗത കുറച്ച് പോകുന്ന സമയങ്ങളിൽ പിറകിലെ വാഹനത്തിന് സൂചന നൽകാനും ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാം. വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്ന സാഹചര്യത്തിൽ തകരാർ സംഭവിച്ചതോ അപകടം സംഭവിച്ചതോ ആയ വാഹനം നിർബന്ധമായും ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കണം. ഇത് മറ്റ് യാത്രക്കാർക്ക് ഡ്രൈവിങ് എളുപ്പമാക്കും.