ഹീറോ എക്സ്പൾസ് 450 v/s റോയൽ എൻഫീൽഡ് ഹിമാലയൻ 450; അഡ്വഞ്ചർ ബൈക്കിൽ കരുത്തനാര്?
text_fieldsഹീറോ എക്സ്പൾസ് 450, റോയൽ എൻഫീൽഡ് ഹിമാലയൻ 450
അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോകോർപ്പ്. ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2026ലാണ് ഹീറോ തങ്ങളുടെ പുതിയ എക്സ്പൾസ് 450 (Xpulse 450) ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചു. റാലി ഹാർഡ്‌വെയറും അത്യാധുനിക സാങ്കേതികവിദ്യയുമായി എത്തുന്ന ഈ വാഹനം വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കുന്നത് ഇതിനകം തന്നെ ഇന്ത്യൻ വിപണിയിലുള്ള റോയൽ എൻഫീൽഡ് ഹിമാലയൻ 450-നോടാണ് (Royal Enfield Himalayan 450). ഈ രണ്ട് മുൻനിര അഡ്വഞ്ചർ ബൈക്കുകളുടെ എൻജിൻ, സസ്പെൻഷൻ, ഫീച്ചറുകൾ, വില എന്നിവയുടെ വിശദമായ താരതമ്യം താഴെ നൽകുന്നു.
ഡിസൈനും സസ്പെൻഷനും (Design & Suspension)
ഹീറോ എക്സ്പൾസ് 450
ഹീറോ മോട്ടോസ്പോർട്സ് ടീം റാലി മെഷീനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ നിർമ്മാണം. മികച്ച ഓഫ്-റോഡ് പ്രകടനത്തിന് മുൻഗണന നൽകിയിരിക്കുന്ന ബൈക്കിൽ 225 എംഎം ട്രാവലുള്ള 43 എംഎം KYB അപ്‌സൈഡ് ഡൗൺ (USD) ഫ്രണ്ട് ഫോർക്കുകൾ നൽകിയിരിക്കുന്നു. കൂടാതെ, റൈഡർമാരുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്ന (Adjustable) 22 കംപ്രഷൻ ആൻഡ് റീബൗണ്ട് സെറ്റിങ്സും നൽകിയിട്ടുണ്ട്.
റോയൽ എൻഫീൽഡ് ഹിമാലയൻ 450
ഇതൊരു ക്ലാസിക് അഡ്വഞ്ചർ-ടൂറിങ് ശൈലിയിലുള്ള മോട്ടോർസൈക്കിളാണ്. മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലും നൽകിയിരിക്കുന്നു. സ്റ്റീൽ ട്വിൻ-സ്പാർ ട്യൂബുലാർ ഫ്രെയിമിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് ഇരുവശത്തും 200 എംഎം സസ്പെൻഷൻ ട്രാവലും 230 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 17 ലിറ്റർ ഫ്യുവൽ ടാങ്കും മാറ്റിയെടുക്കാവുന്ന രണ്ട് ഭാഗങ്ങളുള്ള സീറ്റും ദീർഘദൂര യാത്രകൾക്ക് ബൈക്കിനെ മികച്ചതാക്കുന്നു.
ഫീച്ചറുകളും സാങ്കേതികവിദ്യയും (Features & Technology)
എക്സ്പൾസ് 450
ആപ്പിൾ കാർപ്ലേ (Apple CarPlay), ആൻഡ്രോയിഡ് ഓട്ടോ (Android Auto) എന്നിവയെ പിന്തുണക്കുന്ന ടി.എഫ്.ടി ഇൻസ്ട്രുമെന്റ് കൺസോൾ വാഹനത്തിലുണ്ട്. ഒപ്പം ക്രൂയിസ് കൺട്രോൾ, പുതിയ സ്വിച്ച് ഗിയർ, വിവിധ റൈഡിങ് മോഡുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ഹിമാലയൻ 450
ഗൂഗിൾ മാപ്സ് നാവിഗേഷനെ പിന്തുണക്കുന്ന 4 ഇഞ്ച് റൗണ്ട് ടി.എഫ്.ടി ട്രിപ്പർ സ്‌ക്രീനാണ് ഹിമാലയനിൽ നൽകിയിരിക്കുന്നു. റൈഡ്-ബൈ-വയർ, വിവിധ റൈഡിങ് മോഡുകൾ, സമ്പൂർണ്ണ എൽ.ഇ.ഡി ലൈറ്റിങ്, യു.എസ്.ബി ടൈപ്പ്-സി ചാർജിങ് പോർട്ട് എന്നിവയും ബൈക്കിന്റെ പ്രത്യേകതകളാണ്.
എൻജിനും പ്രകടനവും (Engine & Performance)
421 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ DOHC എൻജിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എൻജിൻ 9,100 ആർ.പി.എമിൽ 46 ബി.എച്ച്.പി കരുത്തും 7,500 ആർ.പി.എമിൽ 38 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചുള്ള 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്.
അതേസമയം, റോയൽ എൻഫീൽഡ് ഹിമാലയൻ 450 മോഡലിൽ 452 സിസി, ഷെർപ (Sherpa) ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് നൽകിയിരിക്കുന്നത്. ഈ എൻജിൻ 8,000 ആർ.പി.എമിൽ 39 ബി.എച്ച്.പി കരുത്തും 5,500 ആർ.പി.എമിൽ 40 എൻ.എൻ പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്.
കണക്കുകൾ പരിശോധിക്കുമ്പോൾ, ഹീറോ എക്സ്പൾസ് 450 എതിരാളിയെക്കാൾ 7 ബി.എച്ച്.പി കൂടുതൽ കരുത്ത് നൽകുന്നു. എന്നാൽ, റോയൽ എൻഫീൽഡ് ഹിമാലയൻ 450 കുറഞ്ഞ എൻജിൻ സ്പീഡിൽ കൂടുതൽ ടോർക്ക് (2 എൻ.എം അധികം) ഉത്പാദിപ്പിക്കുന്നുണ്ട്.
വിലയും ഇന്ത്യയിലെ ലോഞ്ചും (Pricing & India Launch)
ഹീറോ എക്സ്പൾസ് 450
EICMAയിൽ അവതരിപ്പിച്ചെങ്കിലും ഹീറോ മോട്ടോകോർപ്പ് മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയോ വിലയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇത് 2027ൽ ഇന്ത്യയിൽ എത്തിയേക്കാമെന്നും, ഏകദേശം 2.70 ലക്ഷം മുതൽ 2.90 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നും അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റോയൽ എൻഫീൽഡ് ഹിമാലയൻ 450
മോട്ടോർ സൈക്കിൾ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 3.08 ലക്ഷത്തിൽ ആരംഭിക്കുന്നു. ഉയർന്ന വകഭേദങ്ങൾക്ക് വിലകൂടും.



