ആക്ടിവായി 'ഹോണ്ട ആക്ടിവ'; 25 വർഷങ്ങൾ പിന്നിടുമ്പോൾ വിൽപ്പനയിൽ റെക്കോഡ് നേട്ടം
text_fieldsഹോണ്ട ആക്ടിവ
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്.ഐ) അവരുടെ ഏറ്റവും ജനപ്രിയ സ്കൂട്ടറായ ആക്ടിവയുടെ വിൽപ്പനയിൽ റെക്കോഡ് നേട്ടത്തിൽ. 2001ൽ വിപണിയിൽ അവതരിപ്പിച്ച വാഹനം 25 വർഷങ്ങൾ പിന്നിടുമ്പോൾ 3.5 കോടി യൂനിറ്റുകൾ നിരത്തുകളിൽ എത്തിക്കാൻ ഹോണ്ടക്ക് സാധിച്ചു എന്നത് ഇരുചക്ര വാഹന വിൽപ്പനയിൽ വലിയ നേട്ടമാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ആക്ടിവ 110, ആക്ടിവ 125, ആക്ടിവ-ഐ എന്നിങ്ങനെ മൂന്ന് മോഡലുകൾ വിൽപ്പന നടത്തിയാണ് കമ്പനി ഈ നേട്ടത്തിലേക്കെത്തിയത്.
2001ൽ ഇന്ത്യൻ നിരത്തുകളിൽ എത്തിയത് മുതൽ ഉപഭോക്താക്കളുടെ വിശ്വസ്തത, ഇന്ധനക്ഷമത, ദീർഘകാലം വാഹനം നിലനിൽക്കും എന്നിങ്ങനെ ഏറെ സവിശേഷതകളാണ് ഈ സ്കൂട്ടറിനുള്ളത്. 2015ലാണ് ഹോണ്ട ആക്ടിവയുടെ ഒരു കോടി യൂനിറ്റുകൾ വിപണിയിൽ എത്തിച്ചതായി കമ്പനി പ്രഖ്യാപിച്ചത്. പിന്നീട് വെറും മൂന്ന് വർഷംകൊണ്ട് വീണ്ടും ഒരു കോടി യൂനിറ്റുകൾ കൂടെ വിൽപ്പന നടത്തി രണ്ട് കൊടിയെന്ന നേട്ടത്തിലേക്കെത്തി. 2025 അവസാനിക്കാൻ രണ്ട് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ 1.5 കോടി യൂനിറ്റ് സ്കൂട്ടറുകളും ഉപഭോക്താക്കളിലേക്കെത്തിച്ച് 3.5 കോടി ഇരുചക്ര വാഹനങ്ങളെന്ന നേട്ടത്തിലേക്കാണ് ഹോണ്ട എത്തിയത്.
ഹോണ്ട ആക്ടിവ 110
ഹോണ്ട ആക്ടിവ 110 സി.സി മോഡൽ സ്കൂട്ടറാണ് കമ്പനി ആദ്യമായി വിപണിയിൽ എത്തിച്ചത്. 7 ബി.എച്ച്.പി പവറും 8 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന സി.വി.ടി ഓട്ടോമാറ്റിക് എഞ്ചിനായിരുന്നു ആദ്യ ആക്ടിവയുടെ കരുത്ത്. ഒറ്റ സിലിണ്ടർ പെട്രോളിൽ ലഭ്യമായ വാഹനത്തിന്റെ പരമാവധി വേഗത 80 kmph ആയിരുന്നു.
പിന്നീട് 2009ൽ ഒരു അപ്‌ഡേഷൻ കൊണ്ടുവന്ന് ആക്ടിവ 2ജി എന്ന പേരിൽ സ്കൂട്ടർ വിപണിയിൽ എത്തിച്ചു. ഈ മോഡലിന്റെ നിർമാണം 2015വരെ തുടർന്നിരുന്നു. 109.2 സി.സി, 4 സ്ട്രോക്ക്, എയർ-കൂൾഡ് എൻജിൻ 8 ബി.എച്ച്.പി പവറും 8.82 എൻ.എം വരെ ടോർക്കും ഉത്പാദിപ്പിച്ചിരുന്നു.
2015-2017 കാലയളവിലാണ് മൂന്നാം തലമുറയിലെ ആക്ടിവയെ ഹോണ്ട അവതരിപ്പിക്കുന്നത്. രണ്ടാം തലമുറയിലെ ആക്ടിവയിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് മൂന്നാം തലമുറയും നിരത്തുകൾ കീഴടക്കിയത്. ഡിസൈനിൽ മാറ്റങ്ങൾ കൊണ്ടുവന്ന ഹോണ്ട കോമ്പി-ബ്രേക്ക് സിസ്റ്റം, ട്യൂബ്‍ലെസ്സ് ടയർ എന്നിവ ആക്ടിവ 3ജിയിൽ ഉൾപ്പെടുത്തി.
ഹോണ്ട 2017ൽ ആക്ടിവ 4ജി അവതരിപ്പിച്ചതോടെ മൂന്നാം തലമുറയിലെ സ്കൂട്ടറിന്റെ നിർമാണം കമ്പനി അവസാനിപ്പിച്ചു. ബി.എസ് 4 (ഭാരത് സ്റ്റേജ്) വിഭാഗത്തിലെത്തിയ മോഡലിൽ ഇതേ എൻജിൻ തുടർന്നു. എന്നാൽ ഇന്ധനക്ഷമതയിൽ മികച്ച മാറ്റം നാലാം തലമുറയിലെ ആക്ടിവക്ക് ലഭിച്ചു.
അതികം വൈകാതെ 2018ൽ തന്നെ ആക്ടിവ അഞ്ചാം തലമുറയിലെ വാഹനത്തെ വലിയ മാറ്റങ്ങളോടെ വിപണിയിൽ എത്തിച്ചു. ആക്ടിവ സ്കൂട്ടറിന് ആദ്യത്തെ എൽ.ഇ.ഡി ഹെഡ്ലാമ്പും ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിങ് ലാമ്പ് (ഡി.ആർ.എൽ) ലഭിച്ചത് ഈ മോഡലിനാണ്. കൂടാതെ ഡിജിറ്റൽ ഡിസ്പ്ലേ, ഡിസൈനിൽ ചെറിയ മാറ്റങ്ങളും ആക്ടിവ 5ജിക്ക് ലഭിച്ചു.
2020 ജനുവരിയിലാണ് ബി.എസ് 6 ആക്ടിവ 6ജി നിരത്തുകളിൽ എത്തുന്നത്. ഏകദേശം അഞ്ചാം തലമുറയിലെ മോഡലിന്റെ എൻജിൻ വകഭേദങ്ങൾ പിന്തുടരുന്ന 6ജിക്ക് 2025ൽ ആനിവേഴ്സറി എഡിഷനും ഹോണ്ട ഇറക്കി.
ഹോണ്ട ആക്ടിവ 125
2014 ഏപ്രിൽ 28നാണ് ബി.എസ് 4 മോഡലിൽ ആക്ടിവയുടെ 125 വകഭേദം വിപണിയിൽ എത്തിയത്. പിന്നീട് 2019ൽ ബി.എസ് 6ഉം 2024ൽ ഏറ്റവും പുതിയ ആക്ടിവ 125 മോഡലും ഹോണ്ട അവതരിപ്പിച്ചു. 123.92 സി.സി ഫാൻ-കൂൾഡ്, 4 സ്ട്രോക്ക്, എസ്.ഐ എൻജിൻ 8.3 ബി.എച്ച്.പി പവറും 10.5 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ആക്ടിവ 125 ഡി.എൽ.എക്സ്, ആക്ടിവ 125 25 വർഷ ആനിവേഴ്സറി എഡിഷൻ, ആക്ടിവ 125 എച്ച്-സ്മാർട്ട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് മോഡലിനുള്ളത്.
ഹോണ്ട ആക്ടിവ-ഐ
2020ൽ നിർമാണം അവസാനിപ്പിച്ച മോഡലാണ് ഹോണ്ട ആക്ടിവ-ഐ. വിൽപ്പനയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാത്ത മോഡൽ നിർമാണം അവസാനിപ്പിച്ചതോടെ 110,125 മോഡലുകളുടെ വിൽപ്പന കുതിച്ചുയർന്നു. 109.2 സി.സി, എയർ കൂൾഡ് എഞ്ചിനായിരുന്നു ആക്ടിവ- മോഡലിന്റെ കരുത്ത്.


